പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയിലെ ആശങ്കകള്‍

Friday 29 June 2018 1:17 am IST

പങ്കാളിത്ത പെന്‍ഷന്‍  പദ്ധതിയെക്കുറിച്ചുള്ള വിവിധ ചര്‍ച്ചകള്‍ പല തലത്തിലും നടന്നുവരുന്നു. ഈ ചര്‍ച്ചകള്‍ പലതും അര്‍ധസത്യങ്ങളും, അബദ്ധധാരണകളും, സ്വാര്‍ത്ഥതയും കൊണ്ടു നിറഞ്ഞതും ആത്മാര്‍ത്ഥതയില്ലാത്തതുമാണ്. വൃദ്ധജനങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയവും, മതവും, സ്ഥാനമാനങ്ങളുടെ അടിസ്ഥാനത്തിലുമല്ല ചെയ്യേണ്ടത്. 

നമ്മുടെ ഭരണഘടനയും, പരമാധികാര ജനാധിപത്യ ജനായത്ത ഭരണവും മാനിക്കുന്നെങ്കില്‍ ഭാരതീയ വൃദ്ധജനങ്ങളുടെ ക്ഷേമ പെന്‍ഷനുകള്‍ ഒരുപോലെയായിരിക്കണം. ഇപ്പോള്‍ കൊടുത്തു കൊണ്ടിരിക്കുന്ന ക്ഷേമ പെന്‍ഷനുകള്‍ നാറിയ കോളനി ഭരണകാലത്തെ നാറിയ പെന്‍ഷന്‍ പദ്ധതികളുടെ തുടര്‍ച്ചയാണ്. 

ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്നുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഏകദേശം ഒരുപോലെയിരിക്കണം. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതികള്‍ വഴി ജനങ്ങളുടെ സമ്പാദ്യശീലവും, രാജ്യസേവനവും, കൂടുതല്‍ പെന്‍ഷനും ലഭ്യമാക്കാം. എന്നാല്‍ സര്‍ക്കാരില്‍ നിന്നുള്ള പെന്‍ഷന്‍ വിഹിതം രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിക്കനുസരിച്ച് ഒരുപോലെ അവകാശപ്പെട്ടതാണ്. 

ഇത് നിഷേധിക്കപ്പെട്ടാല്‍ ഭരണഘടനയുടെ നിഷേധമാണ്, പൗരന്മാരുടെ പരമാധികാര ജനായത്ത ജനാധിപത്യ അവകാശനിഷേധമാണ്. 

നമ്മുടെ കേന്ദ്രസംസ്ഥാനസര്‍ക്കാരുകള്‍ ഈ സത്യം മനസ്സിലാക്കി ജനസേവനം സുതാര്യമായി ചെയ്യണം. 

ഇതുവരെ കൊടുത്തുകൊണ്ടിരുന്ന എല്ലാ സര്‍ക്കാര്‍ പെന്‍ഷനുകളും കോളനിഭരണത്തിന്റെ തുടര്‍ച്ചകളാണ്. ഭാരതീയര്‍ക്ക് ഇത് നാണക്കേടാണ്. ഭാരതസര്‍ക്കാര്‍ എത്രയും പെട്ടെന്നു തന്നെ പങ്കാളിത്തപെന്‍ഷന്‍ എല്ലാ ഭാരതീയര്‍ക്കും ഒരു പോലെ ബാധകമാക്കണം.

വിജയകുമാര്‍,

തിരുവനന്തപുരം

അമ്മയ്‌ക്കെതിരെ ജനം ഒന്നിക്കണം

തിരശ്ശീലയിലെ നക്ഷത്രങ്ങള്‍, താര രാജാക്കന്മാര്‍ തുടങ്ങിയ വിശേഷണങ്ങളോടെ അവതരിപ്പിക്കപ്പെടുന്ന സിനിമാഭിനയ തൊഴിലാളികളെ ഇന്നത്തെ രീതിയില്‍ വളര്‍ത്തിയെടുത്തത് ലക്ഷക്കണക്കിനു സിനിമാ ആസ്വാദകരുടെ വിയര്‍പ്പും പണവുമാണ്. തങ്ങള്‍ അമാനുഷരും സാധാരണ മനുഷ്യര്‍ക്ക് അതീതരും അപ്രാപ്യരുമാണ് എന്ന ചിന്തയാണ് അവരില്‍ ഭൂരിപക്ഷത്തിനുമുള്ളത്.

അഭിനയക്കാരുടെ സംഘടനയായ 'അമ്മ'യിലെ തര്‍ക്കങ്ങളോ മാറ്റങ്ങളോ ഒന്നും സമൂഹത്തെ ബാധിക്കുന്ന കാര്യമല്ല. എന്നാല്‍ ഒരു സഹപ്രവര്‍ത്തകയ്ക്ക് ഉണ്ടായ ദുരനുഭവത്തില്‍ അവര്‍ മനസോടെ കൂടെ നിന്നില്ല എന്നത് സമൂഹത്തിന് താല്‍പ്പര്യവും പ്രതിഷേധവമുള്ള കാര്യമാണ്. താരങ്ങളെ വളര്‍ത്തിയ ജനത്തിനു തന്നെ അവരെ തറയില്‍ നിര്‍ത്താനും കഴിയണം.

ഇവിടെ ആരും സിനിമ എടുക്കുന്നതും അഭിനയിക്കുന്നതും നാട് നന്നാക്കാനല്ല. പലവിധ കണ്‍കെട്ട് വിദ്യകളും തട്ടിപ്പുകളും മറ്റും കാണിച്ച്, പാവപ്പെട്ട സിനിമാപ്രേമിയെ കബളിപ്പിച്ച് പണമുണ്ടാക്കലാണ് അവരുടെ ലക്ഷ്യം. സിനിമ കണ്ടില്ലെങ്കില്‍ ഇവിടെ ആര്‍ക്കും ഒരു കുഴപ്പവുമില്ല. ലാഭമേയുള്ളൂ. അടുത്ത ആറു മാസത്തേക്ക് തിയേറ്ററില്‍ പോയി സിനിമ കാണുകയോ പണം കൊടുത്ത് സി.ഡി. വാങ്ങുകയോ ചെയ്യില്ലെന്ന് ജനം ഒന്നടങ്കം തീരുമാനിച്ചാല്‍ അതോടെ തീരും 'അമ്മ'യുടെയും 'അമ്മ'യുടെ മക്കളുടെയും അപ്രമാദിത്വവും അഹങ്കാരവും.

ജോഷി ബി. ജോണ്‍ 

കൊല്ലം

കിട്ടാക്കടം

ബാങ്കുകള്‍ കിട്ടാക്കടങ്ങള്‍ എഴുതിത്തള്ളി എന്ന വാര്‍ത്ത പ്രത്യക്ഷത്തില്‍ തെറ്റിദ്ധാരണാജനകമാണ്. ബാങ്ക് എഴുതിത്തള്ളിയതുകൊണ്ട് വായ്പക്കാരന്റെ ബാധ്യത ഇല്ലാതാകുന്നില്ല. ബാലന്‍സ് ഷീറ്റില്‍ നിന്ന് അപ്രത്യക്ഷമാകുന്നു എന്നേ ഉള്ളു. 

നീക്കിയിരിപ്പ് നൂറു ശതമാനം ആകുന്ന മുറയ്ക്ക് കിട്ടാക്കടം ക്ലോസ് ചെയ്തു ബാലന്‍സ്ഷീറ്റിന് പുറത്തുള്ള ഒരു പാര്‍ക്കിങ് അക്കൗണ്ടിലേക്ക് മാറ്റുന്ന പ്രക്രിയയാണ് എഴുതിത്തള്ളല്‍. പ്രസ്തുത വായ്പകള്‍ തിരിച്ചുപിടിക്കുന്ന ജോലി ബാങ്കുകള്‍ തുടരണം. എന്നാല്‍ അതിനോടുള്ള ഗൗരവം കുറയും. മീറ്റിങ്ങുകളില്‍ പുരോഗതി വിലയിരുത്തലും കുറയും. ക്രമേണ ഒച്ചപ്പാടൊന്നുമില്ലാതെ ആ പാര്‍ക്കിങ് അക്കൗണ്ടും എഴുതിത്തള്ളപ്പെടാം. കാരണം അത് ജനത്തിന്റെ കാഴ്ചപ്പുറത്തല്ല എന്നതുതന്നെ.  

നിക്ഷേപകരും നികുതിദായകരും സംഘടിതമായി കൊള്ളയടിക്കപ്പെടുകയാണിവിടെ! ബാങ്കുകള്‍ക്കുള്ള ഈ (ദുഃ)സ്വാതന്ത്ര്യം ഒരു പുനര്‍വിചിന്തനത്തിന് വിധേയമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

പി. മംഗളചന്ദ്രന്‍,

കണ്ണൂര്‍

ത്വരിതാന്വേഷണം!

എഡിജിപിയുടെ നായയെ കല്ലെറിഞ്ഞു, കേസെടുത്തു എന്ന വാര്‍ത്ത കണ്ടു. അങ്ങനെ തന്നെ വേണം. ഉടനെ കേസെടുത്ത് അന്വേഷിക്കേണ്ട ഒരു സംഭവം തന്നെയാണിതെന്ന് നമ്മുടെ അധികാരികള്‍ തിരിച്ചറിഞ്ഞത് മഹാഭാഗ്യം. പറ്റില്ലെങ്കില്‍ ഈ കേസ് സിബിഐക്ക് വിടണം.

രജിത് മുതുവിള, 

കോട്ടയം

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.