ഇന്ത്യ-യുഎസ് ഉഭയകക്ഷി ചര്‍ച്ച മാറ്റിവച്ചു

Friday 29 June 2018 1:23 am IST
ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക അസ്വാരസ്യങ്ങള്‍ക്ക് പരിഹാരം നടക്കാനിരുന്ന നിര്‍ണായക ചര്‍ച്ച വഴി സാധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇന്ത്യ. ഇത്തരമൊരു ചര്‍ച്ചയും ആദ്യമായായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഉഭയകക്ഷി ചര്‍ച്ചയ്ക്ക് തീരുമാനമായത്.

ന്യൂദല്‍ഹി: അടുത്തയാഴ്ച വാഷിങ്ടണില്‍ നടക്കാനിരുന്ന ഇന്ത്യ-യുഎസ് ഉഭയകക്ഷി ചര്‍ച്ച മാറ്റിവച്ചു. ഒഴിച്ചു കൂടാനാവാത്ത അസൗകര്യത്തെ തുടര്‍ന്ന് ഉഭയകക്ഷി ചര്‍ച്ച മാറ്റിവയ്ക്കണമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനോട് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആവശ്യപ്പെടുകയായിരുന്നു. 

കൂടിക്കാഴ്ച മാറ്റിയെങ്കിലും ഇന്ത്യയുമായി ശക്തമായ ബന്ധമാണ് ട്രംപ് ഭരണകൂടം ആഗ്രഹിക്കുന്നതെന്നും യുഎസിന്റെ ദേശീയ സുരക്ഷയില്‍ ഇന്ത്യക്കുള്ള തന്ത്രപ്രധാനമായ സ്ഥാനം പ്രസിഡന്റിന്റെ ദേശീയ സുരക്ഷാ നയത്തില്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്നും യുഎസ് വക്താവ് പറഞ്ഞു

അതേസമയം ജൂലൈ ആറിലെ ചര്‍ച്ച എത്രയും പെട്ടെന്ന് ഉണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ എന്നിവര്‍ മൈക്ക് പോംപിയോ, പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ് എന്നിവരുമായാണ് അടുത്തയാഴ്ച കൂടിക്കാഴ്ച നടത്താനിരുന്നത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക അസ്വാരസ്യങ്ങള്‍ക്ക് പരിഹാരം നടക്കാനിരുന്ന നിര്‍ണായക ചര്‍ച്ച വഴി സാധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇന്ത്യ. ഇത്തരമൊരു ചര്‍ച്ചയും ആദ്യമായായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഉഭയകക്ഷി ചര്‍ച്ചയ്ക്ക് തീരുമാനമായത്.

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്കു വന്‍തോതില്‍ ഇറക്കുമതി തീരുവ ഏര്‍പ്പെടുത്താനുള്ള ഇന്ത്യയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് യുഎസ് പിന്മാറ്റമെന്നും സൂചനയുണ്ട്. 

നേരത്തെ ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഈ വര്‍ഷം നവംബര്‍ നാലിനകം ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തണമെന്ന് അമേരിക്ക അന്ത്യശാസനം നല്‍കിയിരുന്നു. ഇറാനുമായി വ്യാപാരബന്ധം തുടരുന്ന രാജ്യങ്ങള്‍ക്കും ബഹുരാഷ്ട്ര കമ്പനികള്‍ക്കും മേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്നും ഈ കമ്പനികളെ അമേരിക്കയില്‍ ബിസിനസ് നടത്താന്‍ അനുവദിക്കില്ലെന്നും യുഎസ് വിദേശമന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.