തോട്ടം മേഖലയിലെ ഇളവ്; മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നിയമവിരുദ്ധം

Friday 29 June 2018 1:25 am IST
വനംനിയമത്തിലെ ഇഎഫ്എല്‍ ആക്ട് (പരിസ്ഥിതി ലോല) പ്രകാരം റിസര്‍വ് വനത്തോട് ചേര്‍ന്നുള്ള തോട്ടഭൂമികളിലെ വനസ്വഭാവമുള്ള ഭൂമി റിസര്‍വ് വനമായി സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ നടത്തിയിരുന്നു. ഇഎഫ്എല്‍ നിയമത്തിലെ സെക്ഷന്‍ 3 അനുസരിച്ച് ഈ ഭൂമി റിസര്‍വ് വനമായി സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. ഇഎഫ്എല്‍ നിയമമനുസരിച്ച് റിസര്‍വ് വനമായാല്‍ അത് ഫോറസ്റ്റ് കണ്‍സര്‍വേഷന്‍ ആക്ടിന്റെ പരിധിയില്‍പ്പെടും.

കൊച്ചി: തൊഴിലാളി പ്രതിസന്ധിയും ക്ഷേമവും പറഞ്ഞ് തോട്ടം ഉടമകളെ സഹായിക്കാനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ നഗ്‌നമായ നിയമലംഘനം. നിലവിലുള്ള നിയമങ്ങളെ ലംഘിച്ചുള്ള നയപ്രഖ്യാപനമാണ് മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയത്.

ഇഎഫ്എല്‍ പരിധിയില്‍നിന്ന് തോട്ടഭൂമികളെ ഒഴിവാക്കുന്നുവെന്ന പ്രഖ്യാപനവും മരങ്ങള്‍ മുറിക്കുമ്പോള്‍ സര്‍ക്കാരിന് അടയ്‌ക്കേണ്ട സീനിയറേജ് ഒഴിവാക്കാനുള്ള തീരുമാനവുമാണ് നിലവിലെ നിയമങ്ങള്‍ക്ക് വിരുദ്ധമായുള്ളത്.

വനംനിയമത്തിലെ ഇഎഫ്എല്‍ ആക്ട് (പരിസ്ഥിതി ലോല) പ്രകാരം റിസര്‍വ് വനത്തോട് ചേര്‍ന്നുള്ള തോട്ടഭൂമികളിലെ വനസ്വഭാവമുള്ള ഭൂമി റിസര്‍വ് വനമായി സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ നടത്തിയിരുന്നു. ഇഎഫ്എല്‍ നിയമത്തിലെ സെക്ഷന്‍ 3 അനുസരിച്ച് ഈ ഭൂമി റിസര്‍വ് വനമായി സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. ഇഎഫ്എല്‍ നിയമമനുസരിച്ച് റിസര്‍വ് വനമായാല്‍ അത് ഫോറസ്റ്റ് കണ്‍സര്‍വേഷന്‍ ആക്ടിന്റെ പരിധിയില്‍പ്പെടും. അതുകൊണ്ടുതന്നെ ഈ വനഭൂമിയില്‍ മറ്റു പ്രവര്‍ത്തനങ്ങള്‍ (നോണ്‍ ഫോറസ്ട്രി) നടത്താന്‍ കേന്ദ്ര അനുമതി വേണ്ടി വരും. 2005 ല്‍ പ്രഖ്യാപിച്ച ഇഎഫ്എല്‍ ആക്ട് പ്രകാരം മുഖ്യവിളകളുള്ള തോട്ടഭൂമിയെയും അനുബന്ധ കെട്ടിടങ്ങളെയും മാത്രമേ ഇഎഫ്എല്‍ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുള്ളൂ. നിയമസഭയിലെ പ്രഖ്യാപനം വിവാദമായതോടെ വിളകളെ ഇഎഫ്എല്‍ പരിധിയില്‍ ഒഴിവാക്കിയിട്ടുണ്ടെന്ന പേരില്‍ പ്രഖ്യാപനത്തെ ന്യായീകരിക്കാനാണ് മുഖ്യമന്ത്രി ശ്രമം നടത്തിയത്.

കേരള ഭൂപരിഷ്‌കരണ നിയമത്തിന്റെ പരിധിയില്‍ തോട്ടഭൂമി എന്ന നിര്‍വചനത്തില്‍ സ്വാഭാവിക വനവും ഉള്‍പ്പെടുന്നുണ്ട്. ഇതു മറയാക്കി സ്വാഭാവിക മരങ്ങള്‍ ഉള്‍പ്പെടുന്ന തോട്ടങ്ങള്‍ക്കിടയിലുള്ള ഭൂമിയും കൃഷിചെയ്യാതെ നിലനിര്‍ത്തിയ ഭൂമിയും തോട്ടമുടമകള്‍ കൈവശപ്പെടുത്തിയിരുന്നു. ഇഎഫ്എല്‍ ആക്ട് വന്നതോടെ സെക്ഷന്‍ 4 പ്രകാരം ഇത്തരം സ്വാഭാവിക വനഭൂമികള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കണം. തോട്ടമേഖലയിലെ പ്രതിസന്ധി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് കൃഷ്ണന്‍നായര്‍ കമ്മീഷന്‍ തോട്ടഭൂമികള്‍ക്കിടയിലെ വനസ്വഭാവമുള്ള ഭൂമികള്‍ സംബന്ധിച്ച് വനം ഉദ്യോഗസ്ഥര്‍ നിരന്തരം തോട്ടമുടമകള്‍ക്ക് ശല്യമുണ്ടാക്കുന്നതായി രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ മറപിടിച്ച് ഇഎഫ്എല്‍ നിയമത്തെ മറികടന്ന് ഇളവ് പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആശയക്കുഴപ്പത്തിലായിട്ടുണ്ട്. ഉത്തരവ് വ്യാഖ്യാനിച്ച് വന്‍കിട തോട്ടമുടമകള്‍ ഇപ്പോള്‍തന്നെ മരംമുറിയും ആരംഭിച്ചിട്ടുണ്ട്.

തോട്ടഭൂമികളിലെ മരങ്ങള്‍ മുറിച്ചുമാറ്റിയതിന് ഈടാക്കിയ സീനിയറേജ് ഒഴിവാക്കിയതാണ് മറ്റൊരു നിയമലംഘനം. കേരള ഗ്രാന്റ്‌സ് ആന്‍ഡ് ലീസസ് (മോഡിഫിക്കേഷന്‍ ഓഫ് റൈറ്റ്‌സ്) ആക്ട് 1980 ന്റെ നഗ്‌നമായ ലംഘനമാണ് സര്‍ക്കാരിന്റെ തീരുമാനം. ഈ ആക്ട് പ്രകാരം തിരുവിതാംകൂര്‍ കൊച്ചി സര്‍ക്കാരിന്റെ കീഴില്‍ ഗ്രാന്റായും ലീസായും നല്‍കിയ ഭൂമിയില്‍ മരങ്ങള്‍ വെട്ടുകയാണെങ്കില്‍ മരത്തിന്റെ തടിവില സര്‍ക്കാരിന് നല്‍കിയശേഷമേ വെട്ടാനാവൂ. 'കുറ്റിക്കാണം' അല്ലെങ്കില്‍ സീനിയറേജിന് വിധേയമായി മാത്രമേ മരങ്ങള്‍ മുറിച്ചു മാറ്റാനാവൂ. ഇത് നിശ്ചയിക്കാനുള്ള പൂര്‍ണ അധികാരം കളക്ടര്‍ക്കാണ്. ഒരു സിവില്‍ കോടതിയുടെ അധികാരം ഇക്കാര്യത്തില്‍ കളക്ടര്‍ക്കുണ്ട്. കളക്ടര്‍ ഈടാക്കിയ തുകയില്‍ പരാതികളുണ്ടെങ്കില്‍ സര്‍ക്കാരിന് അപ്പീല്‍ നല്‍കാം. തുകയിലെ ഏറ്റക്കുറച്ചിലുകള്‍ സര്‍ക്കാരിന് പരിഹരിച്ചു നല്‍കാം. നടപടികള്‍ക്കെതിരെ സിവില്‍ കോടതികളെ സമീപിക്കാനുള്ള അവകാശം പോലും നിയമത്തില്‍ പറയുന്നില്ല. ഇത്തരത്തില്‍ ഗ്രാന്റായും ലീസായും നല്‍കിയിട്ടുള്ള ഭൂമിയില്‍ സര്‍ക്കാരിന്റെ അവകാശം നിലനിര്‍ത്താനുള്ള നിയമത്തെയാണ് ഒറ്റയടിക്ക് സീനിയറേജ് ഒഴിവാക്കുന്നുവെന്ന പ്രഖ്യാപനംകൊണ്ട് മന്ത്രിസഭ തള്ളിയത്. ഇളവ് പ്രഖ്യാപനം സര്‍ക്കാരിന്റെ അവകാശം തോട്ടമുടമകള്‍ക്ക് ഒഴിമുറിയായി നല്‍കുന്നതിന് സമാനമാവും.

നിലവിലുള്ള നിയമങ്ങളെ ലംഘിച്ചുള്ള മന്ത്രിസഭായോഗ തീരുമാനം ഉത്തരവായി ഇറങ്ങിയാല്‍ അതനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ നിയമക്കുരുക്കില്‍പ്പെടും. സര്‍ക്കാരിന്റെ ഉത്തരവിനെ കോടതിയില്‍ ചോദ്യം ചെയ്യാനുമാവും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.