മര്‍ദനക്കേസും ഒത്തുതീര്‍പ്പിലേക്ക്

Friday 29 June 2018 1:26 am IST

തിരുവനന്തപുരം: എഡിജിപിയുടെ മകളുടെ മര്‍ദനക്കേസും ഒത്തു തീര്‍പ്പിലേക്ക് നീങ്ങുന്നു. മര്‍ദനം ഏല്‍ക്കേണ്ടി വന്ന പോലീസ് ഡ്രൈവര്‍ ഗവാസ്‌ക്കറെ പോലീസ് അസോസിയേഷന്‍ കൈവിട്ടതിനെ തുടര്‍ന്നാണിത്. മര്‍ദനക്കേസ് ആഭ്യന്തര വകുപ്പിന് നാണക്കേടുണ്ടാക്കിയെന്നും അതിനാല്‍ ഒത്തുതീര്‍പ്പാക്കാനുള്ള നീക്കം നടത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍  നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് അസോസിയേഷന്‍ ഗവാസ്‌ക്കറെ കൈവിട്ടത്. 

കേസ് ഒത്തുതീര്‍പ്പാക്കാതെ അനന്തമായി നീട്ടുന്നതിനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും  അസോസിയേഷന്‍ ഭാരവാഹികളെ ശകാരിച്ചിരുന്നു. ഗണേഷ്‌കുമാര്‍ എംഎല്‍എ യുടെ കേസ് ഒത്തുതീര്‍ത്തതു പോലെ ഗവാസ്‌ക്കറുടെ കേസും ഒത്തുതീര്‍പ്പാക്കാന്‍ മുന്‍കൈ എടുക്കണമെന്നാണ്  അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് പ്രൈവറ്റ് സെക്രട്ടറി നല്‍കിയ  നിര്‍ദേശം. ഗവാസ്‌ക്കര്‍ താമസിക്കുന്ന സ്ഥലത്തെ സിപിഎം പ്രാദേശിക നേതൃത്വവും കേസ് ഒത്തുതീര്‍പ്പിനുള്ള ശ്രമങ്ങള്‍ക്ക് പിന്നാലെയാണ്.

മുതിര്‍ന്ന പോലീസ് ഓഫീസര്‍മാര്‍ ഒത്തുതീര്‍പ്പ് നീക്കത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഗവാസ്‌ക്കറെ തങ്ങളുടെ വഴിക്കു കൊണ്ടു വരുന്നതിന് മുന്നോടിയായാണ്  എഡിജിപി സുദേഷ്‌കുമാറിന്റെ മകളുടെ മൊഴി വീണ്ടും അന്വേഷണ സംഘം രേഖപ്പെടുത്തിയത്. ഗവാസ്‌ക്കര്‍ തന്നെ  ജാതിപ്പേരു പറഞ്ഞ് അധിക്ഷേപിച്ചെന്ന് എഡിജിപിയുടെ മകള്‍ മൊഴി നല്‍കി. എഡിജിപി പിന്നാക്ക വിഭാഗത്തില്‍പ്പെട്ട ആളായതിനാല്‍ പോലീസ് കേസ് എടുത്തില്ലെങ്കിലും അവര്‍ നേരിട്ട് കോടതിയെ  സമീപിച്ചാല്‍ നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നാണ് ഗവാസ്‌ക്കറോട് മുതിര്‍ന്ന ഓഫീസര്‍മാര്‍ ധരിപ്പിച്ചത്. അതിനാല്‍ കേസ് ഒത്തു തീര്‍പ്പാക്കാനുള്ള നീക്കങ്ങളില്‍ സഹകരിക്കണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഗവാസ്‌ക്കറെയും എഡിജിപിയുടെ മകളെയും ഒരു മേശയ്ക്ക് ചുറ്റുമിരുത്തി ചര്‍ച്ചചെയ്ത് പ്രശ്‌നം പരിഹരിക്കാനുള്ള നീക്കത്തിലാണ് പോലീസ്. പ്രത്യക്ഷത്തില്‍ ഇടപെടാന്‍ ഇല്ലെങ്കിലും അസോസിയേഷനും ഈ നീക്കത്തെ അനുകൂലിക്കുന്നു. 

തന്നെ മര്‍ദിച്ചു എന്ന് എഡിജിപിയുടെ മകള്‍ സമ്മതിക്കണമെന്നാണ് ഗവാസ്‌ക്കര്‍ മുന്നോട്ടു വച്ചിട്ടുള്ള ഉപാധി. ഇരുവരും നല്‍കിയ പരാതികള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും തുടര്‍ നടപടികള്‍ ചര്‍ച്ചകഴിഞ്ഞ് മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.