അതിരൂപതയിലെ ഭൂമി ഇടപാട്; ഇടനിലക്കാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

Friday 29 June 2018 1:36 am IST
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെട്ട ഭൂമി ഇടപാട് സംഭവവുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്. എന്നാല്‍, അതിരൂപതയെയും കര്‍ദിനാളിനെയും ഒഴിവാക്കിയാണ് പരിശോധന നടത്തിയതെന്നാണ് ആക്ഷേപം. അതിരൂപതയുടെ കടം വീട്ടാന്‍ എറണാകുളം നഗരത്തിലെ മൂന്ന് ഏക്കര്‍ സ്ഥലം 13 കോടി രൂപയ്ക്ക് വില്‍ക്കാനാണ് സഭ സാജു വര്‍ഗീസിനെ ഏല്‍പ്പിച്ചിരുന്നത്.

കൊച്ചി/കോതമംഗലം: സീറോ മലബാര്‍ സഭയ്ക്ക് കീഴിലുള്ള എറണാകുളം-അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമി ഇടപാട് സംബന്ധിച്ച് ഇടനിലക്കാരായി പ്രവര്‍ത്തിച്ചവരുടെ സ്ഥാപനങ്ങളിലും വീടുകളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്.  ഇടനിലക്കാരനായ സാജു വര്‍ഗീസിന്റെ വീട്, വി.കെ. ഗ്രൂപ്പ് സ്ഥാപനങ്ങള്‍,  കോതമംഗലം ഇലഞ്ഞിക്കല്‍ ജോസ് കുര്യന്റെ വീട് എന്നിവിടങ്ങളിലായിരുന്നു പരിശോധന. ഇടുക്കി, എറണകുളം, കോട്ടയം ജില്ലകള്‍ കേന്ദ്രീകരിച്ച് 13 സ്ഥലങ്ങളിലാണ് ഇന്നലെ പുലര്‍ച്ചെ മുതല്‍ റെയ്ഡ് നടന്നത്. 

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെട്ട ഭൂമി ഇടപാട് സംഭവവുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്. എന്നാല്‍, അതിരൂപതയെയും കര്‍ദിനാളിനെയും ഒഴിവാക്കിയാണ് പരിശോധന നടത്തിയതെന്നാണ് ആക്ഷേപം.  അതിരൂപതയുടെ കടം വീട്ടാന്‍ എറണാകുളം നഗരത്തിലെ മൂന്ന് ഏക്കര്‍ സ്ഥലം  13 കോടി രൂപയ്ക്ക് വില്‍ക്കാനാണ് സഭ സാജു വര്‍ഗീസിനെ ഏല്‍പ്പിച്ചിരുന്നത്. എന്നാല്‍, 27 കോടി രൂപയുടെ ഇടപാട് നടന്നു എന്നാണ് പറയുന്നത്. അതേസമയം 60 കോടി രൂപയുടേതാണ് യഥാര്‍ഥ ഇടപാടെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സഭയില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തത്.

കോട്ടപ്പടി ചീനിക്കുഴിയിലുള്ള നൂറ് ഏക്കര്‍ റബര്‍ തോട്ടം കര്‍ദിനാളിന് നല്‍കിയതുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കാനായിരുന്നു ജോസ് കുര്യന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്. ജോസ് കുര്യന്‍ കര്‍ദിനാളിന് ഇടനിലക്കാരന്‍ സാജുവര്‍ഗീസ് മുഖേനയാണ് ഭൂമി കൈമാറിയത്. ഇതില്‍ 25 ഏക്കര്‍ സ്ഥലം ആധാരം ചെയ്യാന്‍ രേഖ മുഖേന ആറു കോടി 50 ലക്ഷം രൂപ നല്‍കുകയും രേഖയില്ലാതെ 9 കോടി 38ലക്ഷം രൂപയും കൈമാറിയിട്ടുണ്ട്. ഈ ഒമ്പത്‌കോടിയുടെ രേഖകളാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. 

ഭൂമിയിടപാടിലൂടെ ലഭ്യമായ പണം കൊണ്ട് ജോസ്‌കുര്യന്‍ 12000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീട് നിര്‍മ്മാണം ആരംഭിച്ചതായും ആരോപണമുയര്‍ന്നിരുന്നു.  വിവാദ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു. ഇതിനിടെ ആലഞ്ചേരി റിയല്‍ എസ്റ്റേറ്റ് ഇടപാടിലും പങ്കാളിയാണെന്ന് ആരോപണമുയര്‍ന്നു. ആലഞ്ചേരിക്കെതിരെ ക്രൈസ്തവ പുരോഹിതരടക്കം രംഗത്ത് വന്നതോടെ അതിരൂപതാ ഭരണത്തിന് വത്തിക്കാന്‍ അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചിരിക്കുകയാണ്. ഇതിനിടെയാണ് ആദായ നികുതി വകുപ്പിന്റെ പരിശോധന. 

ഭൂമി ഇടപാട് സംബന്ധിച്ച ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ സാജു വര്‍ഗീസ് മൂന്ന് വര്‍ഷത്തെ ആദായ നികുതി ഒരുമിച്ച് അടയ്ക്കാന്‍ ശ്രമിച്ചിരുന്നു. ഇതും ആദായ നികുതിവകുപ്പിന്റെ റെയ്ഡിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.