സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ കോണ്‍ഗ്രസിന് തിരിച്ചടി

Friday 29 June 2018 1:55 am IST
രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മോദി സര്‍ക്കാര്‍ സൈന്യത്തെ ഉപയോഗിക്കുന്നുവെന്ന പുതിയ ആരോപണവുമായി ഇന്നലെ കോണ്‍ഗ്രസ് രംഗത്തെത്തി. മിന്നലാക്രമണത്തിന്റെ നേട്ടം മോദിക്കോ ബിജെപിക്കോ അവകാശപ്പെടാനാകില്ലെന്നും വോട്ടു നേടുന്നതിനായി വിഷയത്തെ ഉപയോഗിക്കുകയാണെന്നും വക്താവ് രണ്‍ദീപ് സിങ് സുര്‍ജ്ജേവാല പറഞ്ഞു.

ന്യൂദല്‍ഹി: പാക് അധിനിവേശ കശ്മീരിലെ ഭീകരര്‍ക്കെതിരെ ഇന്ത്യന്‍ സേന നടത്തിയ മിന്നലാക്രമണത്തിന്റെ വീഡിയോ പുറത്തുവന്നു. 2016 സപ്തംബറില്‍ നടത്തിയ ആക്രമണത്തില്‍ സൈനികര്‍ ബങ്കറുകള്‍ നിശിപ്പിക്കുന്നതിന്റെയും ഭീകരരെ കൊലപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങളാണ് ചാനലുകള്‍ പുറത്തുവിട്ടത്. ഇതോടെ മിന്നലാക്രമണത്തിന് തെളിവ് ചോദിച്ച് സൈന്യത്തെ അപമാനിച്ച കോണ്‍ഗ്രസ് മലക്കം മറിഞ്ഞു. 

രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മോദി സര്‍ക്കാര്‍ സൈന്യത്തെ ഉപയോഗിക്കുന്നുവെന്ന പുതിയ ആരോപണവുമായി ഇന്നലെ കോണ്‍ഗ്രസ് രംഗത്തെത്തി. മിന്നലാക്രമണത്തിന്റെ നേട്ടം മോദിക്കോ ബിജെപിക്കോ അവകാശപ്പെടാനാകില്ലെന്നും വോട്ടു നേടുന്നതിനായി വിഷയത്തെ ഉപയോഗിക്കുകയാണെന്നും വക്താവ് രണ്‍ദീപ് സിങ് സുര്‍ജ്ജേവാല പറഞ്ഞു. 

മിന്നലാക്രമണത്തിന്റെ തെളിവുകള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് പി. ചിദംബരം ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നിരുന്നു. സൈന്യത്തെ അപമാനിച്ചതിനെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തു. ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്‌രിവാള്‍ വീഡിയോ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടത് പാക്കിസ്ഥാനിലെ മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ വാര്‍ത്തയാക്കുകയും ചെയ്തു. സൈനികരുടെ വീരമൃത്യു വില്‍പ്പനച്ചരക്കാക്കുന്നുവെന്ന രാഹുലിന്റെ പരാമര്‍ശവും വിവാദമായിരുന്നു. വീഡിയോ വ്യാജമല്ലെന്നും ഇപ്പോഴെങ്കിലും പുറത്തുവിട്ടത് ഉചിതമായെന്നും മുന്‍ ലഫ്റ്റനന്റ് ജനറല്‍ ഡി.എസ്. ഹൂഡ ചൂണ്ടിക്കാട്ടി.

ഇനിയെങ്കിലും മിന്നലാക്രമണത്തെ കോണ്‍ഗ്രസ് അംഗീകരിക്കുമോ?

മിന്നലാക്രമണത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്ന കോണ്‍ഗ്രസ് ആരോപണത്തിന് മറുപടിയുമായി ബിജെപി. സൈനികരുടെ ആത്മാര്‍പ്പണത്തെയും ത്യാഗത്തെയും ചോദ്യം ചെയ്ത കോണ്‍ഗ്രസ് ഇനിയെങ്കിലും മിന്നലാക്രമണത്തെ അംഗീകരിക്കുമോയെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് ചോദിച്ചു. വീഡിയോയും വ്യാജമാണെന്നാണോ കോണ്‍ഗ്രസ് കരുതുന്നത്. അവരുടെ അഭിപ്രായം ഭീകരര്‍ക്കാണ് സന്തോഷമുണ്ടാക്കുന്നത്. 

വീഡിയോ പുറത്തുവന്നത് വോട്ടിന് വേണ്ടിയാണെന്ന ആരോപണം ചൂണ്ടിക്കാട്ടിയപ്പോള്‍ ഇപ്പോള്‍ എവിടെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നതെന്ന് രവിശങ്കര്‍ പ്രസാദ് ചോദിച്ചു. രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാനായിരുന്നെങ്കില്‍ ഗുജറാത്ത്, യുപി തെരഞ്ഞെടുപ്പ് സമയങ്ങളില്‍ വീഡിയോ പുറത്തുവരേണ്ടതായിരുന്നു. രാഹുല്‍ അധ്യക്ഷനായതിന് ശേഷം രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കോണ്‍ഗ്രസ്സിന്റെ നിലപാടില്‍ വലിയ മാറ്റമുണ്ടായതായും അദ്ദേഹം ആരോപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.