അമിത മയക്കുമരുന്ന് ഉപയോഗം; പഞ്ചാബില്‍ ഒരു മാസത്തിനിടെ 23 മരണം

Friday 29 June 2018 11:18 am IST
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെയാണ് ഇതില്‍ 17 മരണങ്ങളും സംഭവിച്ചിട്ടുള്ളതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. അമിത മയക്കുമരുന്ന് ഉപയോഗത്തെ തുടര്‍ന്ന് മരിച്ച മകന്റെ അരികത്തിരുന്ന് ഒരു അമ്മ നിലവിളിച്ചു കരയുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

അമൃത്സര്‍: അമിത മയക്കുമരുന്ന് ഉപയോഗത്തെ തുടര്‍ന്ന് പഞ്ചാബില്‍ ഒരു മാസത്തിനിടെ മരിച്ചത് 23 പേര്‍. അമൃത്സര്‍, ടാണ്‍ ടരണ്‍, കൊട്കാപുര എന്നിവിടങ്ങളിലാണ് കൂടുതല്‍ മരണം സംഭവിച്ചിട്ടുള്ളത്. ദി ട്രിബ്യൂണാണ് ഇതു സംബന്ധിച്ചു റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെയാണ് ഇതില്‍ 17 മരണങ്ങളും സംഭവിച്ചിട്ടുള്ളതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. അമിത മയക്കുമരുന്ന് ഉപയോഗത്തെ തുടര്‍ന്ന് മരിച്ച മകന്റെ അരികത്തിരുന്ന് ഒരു അമ്മ നിലവിളിച്ചു കരയുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ജീവന്‍ നഗറിലെ കുപ്പത്തൊട്ടിയിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ഞരമ്പില്‍ കുത്തിവച്ച നിലയില്‍ സിറിഞ്ച് മൃതദേഹത്തില്‍നിന്നു പോലീസ് കണ്ടെത്തി.

ലഹരി ഉപയോഗത്തെ തുടര്‍ന്ന് മരിക്കുന്നവരില്‍ ഏറെയും യുവാക്കളാണ്. ഹെറോയിന്‍ മറ്റൊരു വസ്തുവുമായി കൂട്ടിയോജിപ്പിച്ചാണ് ഇവര്‍ ഉപയോഗിക്കുന്നതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഇത്തരത്തില്‍ കൂട്ടിയോജിപ്പിക്കുന്ന ലഹരി അതിമാരകമാണ്. ഈ മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളുടെ ശരീരം മരവിക്കുകയും കറുത്ത നിറത്തിലാവുകയും ചെയ്യുമെന്നു പോലീസ് പറയുന്നു. കൂട്ടമരണങ്ങളില്‍ പോലീസ് അന്വേഷണം തുടരുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.