പാസ്‌പോര്‍ട്ട് സേവാ ആപ്പ് സൂപ്പര്‍ ഹിറ്റ്

Friday 29 June 2018 3:11 pm IST

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പാസ്‌പോര്‍ട്ട് സേവാ ആപ്പ് (mPassport Seva) സൂപ്പര്‍ ഹിറ്റ്. പത്ത് ലക്ഷം പേരാണ് രണ്ട് ദിവസത്തിനുള്ളില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തത്. ആറാമത് പാസ്‌പോര്‍ട്ട് ദിവസമായിരുന്ന കഴിഞ്ഞ ബുധനാഴ്‌ച വിദേശകാര്യമന്ത്രി സുഷമാ സ്വരാജാണ് ആപ്പ് പുറത്തിറക്കിയത്.

പാസ്‌പോര്‍ട്ട് ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ ഉദാരമാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ ആപ്പ് പുറത്തിറക്കിയത്. ഈ ആപ്പ് വഴി ഇന്ത്യയിലെവിടെ നിന്നും പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ കഴിയും.  ആപ്പ് വഴി സ്‌മാര്‍ട്ട് മൊബൈല്‍ ഫോണുകളില്‍ നിന്ന് അപേക്ഷ സമര്‍പ്പിക്കാം. ആപ്പിലെ മേല്‍വിലാസത്തില്‍ പോലീസ് വെരിഫിക്കേഷന്‍ നടത്തും. പാസ്‌പോര്‍ട്ട് അയയ്‌ക്കുന്നതും ഈ മേല്‍വിലാസത്തിലായിരിക്കും. 

പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട എല്ലാവിവരങ്ങളും ആപ്പില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങളുടെ വിവരം, ഫീസുകള്‍, ഫോണ്‍ നമ്പരുകള്‍, മറ്റുകാര്യങ്ങള്‍ തുടങ്ങിയവ ലഭിക്കും. ജനനത്തീയതിയും അപേക്ഷാ നമ്പരും ഉപയോഗിച്ച്‌ അപേക്ഷയിലെ പുരോഗതിയുമറിയാം. എല്ലാ പ്ലാറ്റ്ഫോമുകളിലും ആപ്പ് ലഭ്യമാകും.

പരാതികള്‍ പരിഹരിക്കാനും പൗരന്മാര്‍ക്ക് വേഗത്തില്‍ പാസ്പോര്‍ട്ട് ലഭ്യമാക്കാനുമാണ് പുതിയ തീരുമാനമെന്ന് സുഷമാ സ്വരാജ് വ്യക്തമാക്കിയിരുന്നു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.