ബിജെപി ലക്ഷ്യം 2022 ഓടെ എല്ലാവര്‍ക്കും വീട്: വി.മുരളീധരന്‍

Friday 29 June 2018 8:21 pm IST

 

കണ്ണൂര്‍: 2022 ഓടെ എല്ലാവര്‍ക്കും വീട് എന്നതാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വി.മുരളീധരന്‍ എംപി. സര്‍ക്കാരിന് മാത്രം ഈ ലക്ഷ്യത്തിലെത്തിച്ചേരാന്‍ സാധിക്കില്ല. എല്ലാ വിഭാഗം ജനങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനം ഇതിന് ആവശ്യമാണ്. സര്‍വ്വമംഗള ചാരിറ്റബിള്‍ ട്രസ്റ്റ് ഈയൊരു ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നതെന്നും ഓരോ വ്യക്തിയും അവരുടെതായ തലത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ അഴീക്കോട് സര്‍വ്വമംഗള ചാരിറ്റബിള്‍ ട്രസ്റ്റ് മംഗളഭവനം പദ്ധതിയില്‍ സൗജന്യമായി നിര്‍മ്മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ സമര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂല്യബോധമുള്ള സമാജസൃഷ്ടിയാണ് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ലക്ഷ്യം. ഈ നാടിനെ ലോകത്തിന് തന്നെ മാതൃകയാക്കുകയെന്നതാണ് നാം ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യത്തിന് വേണ്ടി ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോടിക്കണക്കിന് ജനങ്ങള്‍ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നു. 

ലോകത്തിന് നേതൃത്വം കൊടുക്കാന്‍ നമ്മുടെ രാഷ്ട്രം സുശക്തമാകണം. രാഷ്ട്രം സുശക്തമാകുക എന്നത് കേവലം സൈനിക ശക്തിയാവുക എന്നതല്ല. മറിച്ച് ഉയര്‍ന്ന മൂല്ല്യബോധമുള്ള ജനങ്ങളുടെ ശക്തിയാണ്. മൂല്ല്യബോധം നഷ്ടപ്പെട്ടതാണ് നമ്മുടെ രാഷ്ട്രം ദീര്‍ഘകാലം വൈദേശിക അടിമത്തത്തിലാകാന്‍ കാരണം. പരസ്പരം സ്‌നേഹത്തിലും സഹവര്‍ത്തിത്വത്തിലും ജീവിക്കുന്ന ഒരു സമൂഹത്തില്‍ മാത്രമേ മൂല്ല്യബോധമുണ്ടാവുകയുള്ളു. പരസ്പരം അറിയുന്നവരില്‍ അനൈക്യമുണ്ടാകില്ല. ഭരണമാറ്റത്തില്‍ കൂടിയല്ല മറിച്ച് സമാജത്തിന്റെ ശക്തിയില്‍ കൂടിയാണ് രാജ്യം പുരോഗതി പ്രാപിക്കുക. രാജ്യം സുരക്ഷിതമാകാന്‍ നമ്മുടെ അതിര്‍ത്തികള്‍ ഭദ്രമാകണം. അതോടൊപ്പം രാജ്യത്തിനകത്തും സംതൃപ്തമായ സമാജം വളര്‍ന്ന് വരണം. എല്ലാവര്‍ക്കും ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്ന ലക്ഷ്യത്തിലെത്താന്‍ നമുക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സര്‍വ്വമംഗള ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡണ്ട് രവീന്ദ്രനാഥ് ചേലേരി അധ്യക്ഷത വഹിച്ചു. ബിജെപി ദേശീയസമിതിയംഗം സി.കെ.പത്മനാഭന്‍, ആര്‍എസ്എസ് കണ്ണൂര്‍ ഖണ്ഡ് സംഘചാലക് എ.നാരായണന്‍, വാര്‍ഡ് മെമ്പര്‍ എ.പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു. ട്രസ്റ്റ് സെക്രട്ടറി പി.ടി.രമേശന്‍ സ്വാഗതവും കെ.എന്‍.ജസ്‌നിത്ത് നന്ദിയും പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.