പയ്യാമ്പലം ശ്മശാനം സംരക്ഷിക്കാന്‍ ബിജെപി ബഹുജനച്ചങ്ങല

Friday 29 June 2018 8:22 pm IST

 

കണ്ണൂര്‍: പയ്യാമ്പലം ശ്മശാനത്തില്‍ പാരമ്പര്യ അന്ത്യകര്‍മ്മ അനുഷ്ഠാനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കാത്ത കണ്ണൂര്‍ കോര്‍പറേഷന്റെ അവഗണനയ്‌ക്കെതിരെ ബിജെപി കണ്ണൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ബഹുജനച്ചങ്ങല തീര്‍ത്തു. 

സംസ്ഥാന സെല്‍ കോഡിനേറ്റര്‍ കെ.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. പയ്യാമ്പലം ശ്മശാനത്തോട് കോര്‍പറേഷന്‍ അധികൃതര്‍ തികഞ്ഞ അവഗണനയാണ് കാണിക്കുന്നതെന്നും ഇത് അംഗീകരിച്ചുകൊടുക്കാന്‍ ബിജെപി തയ്യാറല്ലെന്നും ഉദ്ഘാടന പ്രസംഗത്തില്‍ രഞ്ജിത്ത് പറഞ്ഞു. പയ്യാമ്പലം ശ്മശാനത്തില്‍ മൃതശരീരങ്ങള്‍ നല്ല രീതിയില്‍ സംസ്‌കരിക്കുന്നില്ലെന്നും ശ്മശാനം പരിപാലിക്കുന്നില്ലെന്നും പറഞ്ഞാണ് അന്ന് പള്ളിക്കുന്ന് പഞ്ചായത്ത് പയ്യാമ്പലം ശ്മശാനം ഏറ്റെടുത്തത്. കണ്ണൂര്‍ കോര്‍പറേഷന്‍ ഡപ്യൂട്ടി മേയര്‍ പി.കെ.രാഗേഷാണ് അതിന് നേതൃത്വം നേതൃത്വം കൊടുത്തത്. എന്നാല്‍ ബോധപൂര്‍വ്വം പയ്യാമ്പലം ശ്മശാനം ഇവിടെ നിന്ന് മാറ്റാന്‍ നീക്കം നടന്നുവെന്നതാണ് വസ്തുത. ശ്മശാനത്തിന്റെ ഒരു ഭാഗം സ്വകാര്യ വ്യക്തിയുടെതാണെന്ന് പറഞ്ഞ് കല്ലറകള്‍ നീക്കം ചെയ്തു. പിന്നീട് തറവാട് സ്വത്താണെന്ന് പറഞ്ഞ് കോടതിയില്‍ പോയി. പഞ്ചായത്ത് കേസ് കൊടുത്തങ്കിലും കോടതിയില്‍ ബോധപൂര്‍വ്വം തോറ്റു കൊടുത്തു. ഇത് ഒത്തുകളിയുടെ ഭാഗമാണ്. ഇതുമായി ബന്ധപ്പെട്ട് ചിലര്‍ തമ്മിലുള്ള ഗൂഢാലോചന നടന്നത് വിദേശത്താണ്. 

പയ്യാമ്പലം ശ്മശാനത്തെ നശിപ്പിക്കാനുള്ള ബോധപൂര്‍വ്വമായ നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. പയ്യാമ്പലത്ത് മൃതദേഹവുമായി എത്തുന്നവര്‍ ഇന്ന് മാന്യമായി മൃതദേഹം സംസ്‌കരിക്കാനാവാതെ തിരികെ പോകുന്ന സാഹചര്യമാണ്. മൃതദേഹവുമായി എത്തുന്നവര്‍ വിറകുമായി വരേണ്ട അവസ്ഥയാണ് പയ്യാമ്പലത്ത്. മൃതദേഹം സംസ്‌കരിക്കാനെത്തിയ ബന്ധുക്കള്‍ ചിതയ്ക്ക് തീ കൊളുത്തി തിരകെ പോയാല്‍ തികച്ചും പ്രാകൃതമായ രീതിയില്‍ മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയാണ്. വികസനത്തിന്റെ പേരില്‍ കോടികളാണ് പയ്യാമ്പലത്ത് സര്‍ക്കാര്‍ ചെലവിടുന്നത്. എന്നാല്‍ ശ്മശാനം നവീകരിച്ച് നല്ലരീതിയില്‍ ശവസംസ്‌കാരം നടത്താനുള്ള സാഹചര്യമൊരുക്കാന്‍ അധികൃതര്‍ തയ്യാറല്ല. 

ഭൂമാഫികള്‍ക്ക് വേണ്ടിയാണ് അധികൃതര്‍ നിലകൊള്ളുന്നത്. പയ്യാമ്പലത്ത് സംസ്‌കാരത്തിനെത്തുന്നവരെ പരമാവധി ബുദ്ധിമുട്ടിച്ച് തുടര്‍ന്ന് ആരും ഇവിടെ വരാതിരിക്കാനുള്ള സാഹചര്യമുണ്ടാക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. ശ്മശാനം നവീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെങ്കില്‍ ഓരോ ഹിന്ദുവും സ്വന്തം പണമുപയോഗിച്ചായാലും ഇത് നിലനിര്‍ത്തുമെന്നും ബിജെപി ഇതിന് മുന്നിട്ടിറങ്ങുമെന്നും രഞ്ജിത്ത് പറഞ്ഞു.

ബിജെപി കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് അഡ്വ.ശ്രീകാന്ത് രവിവര്‍മ്മ അധ്യക്ഷത വഹിച്ചു.ടി.സി.മനോജ്, കെ.ജി.ബാബു, കെ.പി.അരുണ്‍ മാസ്റ്റര്‍, സി.സി.രതീഷ്, പി.എ.റിത്തേഷ് തുടങ്ങിയവര്‍ സംസാരിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി കെ.കെ.ശശിധരന്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി കളത്തില്‍ രതീഷ് നന്ദിയും പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.