സ്‌പോര്‍ട്‌സ് ലൈഫ് ഫിറ്റ്‌നസ് സെന്റര്‍ പദ്ധതി സംസ്ഥാനതല ഉദ്ഘാടനം ജൂലൈ ഒന്നിന്

Friday 29 June 2018 8:24 pm IST

 

കണ്ണൂര്‍: സംസ്ഥാന കായിക വകുപ്പും യുവജനകാര്യ മന്ത്രാലയവും ചേര്‍ന്നൊരുക്കുന്ന സ്‌പോര്‍ട്‌സ് ലൈഫ് ഫിറ്റ്‌നസ് സെന്റര്‍ പദ്ധതിയുടെ ഉദ്ഘാടനം ജൂലൈ ഒന്നിന് വ്യവസായ-കായിക വകുപ്പു മന്ത്രി എ.സി മൊയ്തീന്‍ നിര്‍വ്വഹിക്കും. മുണ്ടയാട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വൈകീട്ട് അഞ്ചു മണിക്കാണ് പരിപാടി. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.കെ.വിനീഷ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിത്.  

2024-ലെ ഒളിമ്പിക്‌സ് ലക്ഷ്യമാക്കി, തെരഞ്ഞെടുത്ത കായികതാരങ്ങളെ ഉള്‍ക്കൊള്ളിച്ച് നടത്തുന്ന ഓപ്പറേഷന്‍ ഒളിമ്പ്യ പദ്ധതിയുടെ ഉദ്ഘാടനം കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഇ.പി.ലത നിര്‍വ്വഹിക്കും. സ്റ്റേഡിയത്തിലെ എ.സിയുടെ ഉദ്ഘാടനം കണ്ണൂര്‍ എംപി പി.കെ ശ്രീമതിയും എല്‍ഇഡി ബള്‍ബുകളുടേയും ജനറേറ്ററിന്റേയും ഉദ്ഘാടനം കെ.കെ.രാഗേഷ് എംപിയും നിര്‍വ്വഹിക്കും. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി.ദാസന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ വ്യക്തികളും ജനപ്രതിനിധികളും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. 

കായികരംഗത്തുള്ളവര്‍ക്കു പുറമെ പൊതുജനങ്ങള്‍ക്കും ജിംനേഷ്യം ഉപയോഗപ്പെടുത്താമെന്ന് കലക്ടര്‍ മീര്‍ മുഹമ്മദ് അലി പറഞ്ഞു. ഉന്നത നിലവാരമുള്ള ഉപകരണങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇത് ജനങ്ങള്‍ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ പൊതുജനങ്ങള്‍ക്ക് കായിക പരിശീലനത്തിനുള്ള സൗകര്യങ്ങളുടെ വലിയ അപര്യാപ്തത ഉണ്ടായിരുന്നു. ഇത് പരിഹരിക്കാനുള്ള സര്‍ക്കാറിന്റെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ ജിംനേഷ്യം. കക്കാട് നീന്തല്‍ക്കുളവും ഇതിന്റെ ഭാഗമാണ്. ദിനചര്യയുടെ ഭാഗമായി ജനങ്ങള്‍ ഈ കായിക പരിശീലന സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും കലക്ടര്‍ പറഞ്ഞു.  

ഉദ്ഘാടത്തോടനുബന്ധിച്ച് ബോഡി ബില്‍ഡിംഗ് രംഗത്ത് പ്രശസ്തനായ സംഗ്രാമിനൊപ്പം മിസ് കേരള താരങ്ങള്‍ കൂടി പങ്കെടുക്കുന്ന ഷോ ഒരുക്കിയിട്ടുണ്ട്. കണ്ണൂര്‍ സജിലയും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയും സിനിമാറ്റിക് ഡാന്‍സും ഉള്‍പ്പെടെയുള്ള പരിപാടികളും ഉണ്ടാകും. സംസ്ഥാനത്തെ എട്ടു കേന്ദ്രങ്ങളിലായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ആധുനിക ജിംനേഷ്യങ്ങളാണ് ആരംഭിക്കുന്നത്. ഓരോ കേന്ദ്രത്തിനും ഒരു കോടി 15 ലക്ഷം രൂപയാണ് മുതല്‍ മുടക്ക്. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യുട്ടീവ് അംഗങ്ങളായ കെ.വി ഷാജു, എ.കെ.ഷെറീഫ്, പി.പി.മുഹമ്മദലി, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി എസ്.രാജേന്ദ്രന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.