എയര്‍പോര്‍ട്ട് പോലീസ് സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാവുന്നു

Friday 29 June 2018 8:25 pm IST

 

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൂന്ന് മാസത്തിനകം വിമാനം പറന്നുയരും മുമ്പേ പദ്ധതി പ്രദേശത്ത് എയര്‍പോര്‍ട്ട് പോലീസ് സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാവുന്നു. പോലീസ് സ്റ്റേഷന് ആവശ്യമായ ജീവനക്കാരെ നിയമിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനമെടുത്തതോടെയാണിത്. അടുത്തുതന്നെ പോലീസ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ ആവശ്യമായ സ്ഥലം കണ്ടെത്തി ഉടന്‍ പ്രവര്‍ത്തനം തുടങ്ങാനാണ് ആഭ്യന്തര വകുപ്പിന്റെ നീക്കം. കഴിഞ്ഞ ബജറ്റില്‍ മട്ടന്നൂര്‍ എയര്‍പോര്‍ട്ട് പോലീസ് സ്‌റ്റേഷനടക്കം പുതുതായി 6 സ്റ്റേഷനുകളാണ് പ്രഖ്യാപിച്ചത്. 

കണ്ണൂര്‍ വിമാനത്താവളം വരുന്നതോടെ പരിസര പ്രദേശത്തെ ക്രമസമാധാനം നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് പുതിയ പോലീസ് സ്റ്റേഷന്‍ വരുന്നത്. മട്ടന്നൂരില്‍ പോലീസ് സ്‌റ്റേഷന്‍ ഉണ്ടെങ്കിലും കൂടുതല്‍ പേര്‍ എത്തിച്ചേരുന്ന സ്ഥലമായതിനാല്‍ മട്ടന്നൂര്‍ പോലീസിനു മാത്രം ക്രമസമാധാന പരിപാലനം സാധ്യമല്ല. കണ്ണൂര്‍ ജില്ലയിലെ തന്നെ ഏറ്റവും കൂടുതല്‍ വില്ലേജുകളെ പ്രതിനിധാനം ചെയ്യുന്ന സ്‌റ്റേഷനാണ് മട്ടന്നൂരിലേത്. ആറു വില്ലേജുകളിലായി മുപ്പത്തിയൊന്നായിരം കുടുംബങ്ങളാണ് സ്‌റ്റേഷന്‍ പരിധിയിലുള്ളത്. 1983 ലെ പുനര്‍വിന്യാസ ഉത്തരവനുസരിച്ചുള്ള അതേ പോലീസ് ശക്തി തന്നെയാണ് ഇപ്പോഴും മട്ടന്നൂര്‍ സ്റ്റേഷനുള്ളത്. സിഐ ഓഫീസില്‍ ഒരു റൈറ്റര്‍, ഒരു അസി.റൈറ്റര്‍, ഒരു ഹെഡ് ക്ലാര്‍ക്ക്, ക്ലാര്‍ക്ക്, കമ്പ്യൂട്ടര്‍ കൈകാര്യം ചെയ്യുന്ന രണ്ട് പോലീസ് ഓഫീസര്‍മാര്‍, എന്നിങ്ങനെയാണ് ജീവനക്കാര്‍. സിഐക്ക് കീഴില്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍മാര്‍ ഉള്‍പ്പെടെ വിരലിലെണ്ണാവുന്ന പോലീസ് ഓഫീസര്‍മാരാണുള്ളത്. 

നിലവിലെ പാറ്റേണ്‍ അനുസരിച്ച് 54 പോലീസുകാര്‍ വേണ്ട സ്ഥാനത്ത് സ്റ്റേ ഷന്‍ ചാര്‍ജ്ജുള്ള എസ്‌ഐയും മൂന്ന് അഡീഷണല്‍ എസ്‌ഐമാരടക്കം 44 പോലീസുകാരാണ് ഇവിടെയുള്ളത്. പ്രിന്‍സിപ്പല്‍ എസ്‌ഐക്കു പുറമേ, സ്റ്റേഷനകത്ത് മൂന്നു പാറാവുകാര്‍, ഒരു റൈറ്റര്‍ ഒരു അസി റൈറ്റര്‍, വനിത ഹെല്‍പ്പ് ഡസ്‌കില്‍ സേവനമനുഷ്ടിക്കുന്ന വനിതാ പോലീസ് ഓഫീസര്‍, കമ്പ്യൂട്ടര്‍ കൈകാര്യം ചെയ്യുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനും മാത്രമാണുള്ളത്. സര്‍ക്കാര്‍ മാര്‍ഗ്ഗരേഖയനുസരിച്ച് 10 ഒഴിവുകള്‍ ഇപ്പോഴും സ്‌റ്റേഷനില്‍ നിലവിലുണ്ട്. പോലീസ് സംഘാംഗങ്ങളുടെ എണ്ണം ജനസംഖ്യാനുസൃതം നിശ്ചിത അനുപാതത്തില്‍ വേണമെന്ന് പോലീസ് സേനയുടെ പരിഷ്‌ക്കരണ സമിതി റിപ്പോര്‍ട്ടുണ്ടെങ്കിലും അതിനാനുപാതികമായ വര്‍ദ്ധന ഉണ്ടായിട്ടില്ല. പുതുതായി എയര്‍പോര്‍ട്ട് പോലീസ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതോടെ പ്രശ്‌നത്തിന് പരിഹാരമാകുമെന്നാണ് കണക്കുകൂട്ടല്‍. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.