വെള്ളോറ- കക്കറ- കടുക്കാരം മുക്ക് റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു

Friday 29 June 2018 8:26 pm IST

 

പയ്യന്നൂര്‍: പയ്യന്നൂര്‍ മണ്ഡലത്തില്‍ രണ്ടുവര്‍ഷം കൊണ്ട് പൊതുമരാമത്ത് വകുപ്പ് വഴി നിക്ഷേപിക്കുന്നത് 1050 കോടി രൂപയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. ദേശീയപാതയ്ക്ക് 550 കോടി, ഹില്‍ ഹൈവേയ്ക്ക് 237 കോടി, അറ്റകുറ്റ പണികള്‍ക്കായി 50 കോടി, കേന്ദ്ര അലോട്ട്‌മെന്റ് വഴി വാങ്ങി നല്‍കിയ 12 കോടി എന്നിവ ഉള്‍പ്പെടെ 1050 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വെള്ളോറ- കക്കറ- കടുക്കാരം മുക്ക് റോഡ് കിഫ്ബി ഫണ്ടില്‍ ഉള്‍പ്പെടുത്തി അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കിഫ്ബി ഫണ്ടില്‍ നിന്ന് അനുവദിച്ച 24.75 കോടി രൂപ ചെലവഴിച്ചാണ് പയ്യന്നൂര്‍ അസംബ്ലി നിയോജക മണ്ഡലത്തിലെ എരമം-കുറ്റൂര്‍ പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്തുകളിലൂടെ കടന്ന് പോകുന്ന 11. 215 കിലോമീറ്റര്‍ റോഡിന്റെ നിര്‍മ്മാണ പ്രവൃത്തി നടത്തുന്നത്. 

പതിനൊന്നേകാല്‍ കിലോമീറ്റര്‍ വരുന്ന റോഡിന്റെ നിര്‍മ്മാണത്തില്‍ ഇരുപത്തിരണ്ടിലേറെ കള്‍വര്‍ട്ടുകളും, 8,000 മീറ്റര്‍ ഡ്രെയിനേജും നിര്‍മ്മിക്കും. 18 മാസമാണ് നിര്‍മ്മാണ കാലാവധി. വലിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, അടിസ്ഥാന വികസന പദ്ധതികള്‍ എന്നിവ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പുതിയ സംവിധാനം തന്നെയുണ്ടാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 

കക്കറയില്‍ നടന്ന ചടങ്ങില്‍ സി. കൃഷ്ണന്‍ എംഎല്‍.എ അധ്യക്ഷനായി. വെള്ളോറ കടുക്കാരം മുക്ക് റോഡിന്റെ റൈറ്റ് ഓഫ് വേ 12 മീറ്ററാക്കുമെന്നും മെക്കാഡം ടാറിങ്ങിന്റെ വീതി 7 മീറ്ററാക്കുമെന്നും സ്ഥലലഭ്യതയ്ക്കനുസരിച്ച് ബസ്‌ബേകള്‍ നിര്‍മ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ടി.പി നൂറുദ്ദീന്‍, എരമം കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ സത്യഭാമ, പെരിങ്ങോം വയക്കരഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.നളിനി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ലക്ഷ്മിക്കുട്ടി ടീച്ചര്‍, എരമം കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.സി.രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കോഴിക്കോട് നോര്‍ത്ത് സര്‍ക്കിള്‍ നിരത്തുകളും പാലങ്ങളും വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ പി.കെ.മിനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.