കയ്യേറിയ 3,000 ഏക്കര്‍ തിരിച്ചുപിടിക്കുന്നത് സ്തംഭിച്ചു; ദേവസ്വം ഭൂമി പാട്ടത്തിന് നല്‍കുന്നു

Saturday 30 June 2018 2:25 am IST

കോട്ടയം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിക്കാനുള്ള നടപടികള്‍ സ്തംഭിച്ചു. ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളുടെ വകയായി 3,000 ഏക്കര്‍ സ്ഥലമാണ് കയ്യേറിയത്. 1250 ക്ഷേത്രങ്ങള്‍ക്കായി 5,000 ഏക്കര്‍ സ്ഥലമാണുള്ളത്. ഇതില്‍ 3,000 ഏക്കറും കയ്യേറ്റക്കാരുടെ പക്കലാണ്. ഇത് തിരിച്ചു പിടിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ബോര്‍ഡ് വ്യക്തമാക്കിയെങ്കിലും അവകാശം സ്ഥാപിക്കാനുള്ള രേഖകള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇവ ഉണ്ടെങ്കിലേ കയ്യേറ്റക്കാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കൂ.

ക്ഷേത്രങ്ങളുടെ ഭൂമിയില്‍ വലിയൊരു ഭാഗം കയ്യേറ്റക്കാരുടെ കൈവശം ഉള്ളപ്പോള്‍ തന്നെ കൈവശമുള്ള സ്ഥലങ്ങള്‍ പാട്ടത്തിന് നല്‍കാനുള്ള നടപടിയുമായി ബോര്‍ഡ് മുന്നോട്ട് പോവുകയാണ്.  

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായിട്ടാണ് ധാരണ. കൂടാതെ ചില സ്വകാര്യ കുത്തകകള്‍ക്ക് ഭൂമി തീറെഴുതാനുള്ള നീക്കവുമുണ്ട്. കണ്‍വെന്‍ഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള കെട്ടിട സമുച്ചയങ്ങള്‍ പണിയാനുള്ള അനുവാദം നല്‍കാനാണ് നീക്കം. ഇതിന് പകരം നിശ്ചിത കാലത്തേക്ക് ബോര്‍ഡിന് സ്ഥല വാടക മാത്രം ലഭിക്കും.  ക്ഷേത്രഭൂമി വാണിജ്യ ആവശ്യങ്ങള്‍ക്ക് വിട്ടുനല്‍കരുതെന്ന് കോടതി വിധിയുള്ളപ്പോഴാണിത്. പല ക്ഷേത്രഭൂമികളും തരിശായി കിടക്കുകയാണെന്നാണ് ബോര്‍ഡ് ഉദ്യോഗസ്ഥരുടെ വാദം. ഈ ഭൂമി വരുമാനം ഉണ്ടാക്കുന്ന കാര്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുക മാത്രമാണെന്നും ഭൂമിയുടെ ഉടമസ്ഥാവകാശം ബോര്‍ഡിന് തന്നെയായിരിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. അതേസമയം ക്ഷേത്രങ്ങളിലെ ഭൂമി ഹരിതാഭമാക്കാന്‍ ആവിഷ്‌ക്കരിച്ച പദ്ധതികള്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത മൂലം സ്തംഭിച്ചു.     

ഔഷധ സസ്യങ്ങളും പൂച്ചെടികളും നട്ടുപിടിപ്പിക്കാന്‍ ഉദ്ദേശിച്ച പദ്ധതിയായിരുന്നു 'ദേവാരണ്യം'. എന്നാല്‍ പദ്ധതി ഉദ്ഘാടനം ചെയ്തതല്ലാതെ പിന്നീട് ഒന്നും സംഭവിച്ചില്ല. മറ്റൊരു പദ്ധതിയായിരുന്നു 'ജന്മനക്ഷത്ര വൃക്ഷ പരിപാലന' പദ്ധതി. ഏതൊരാള്‍ക്കും സ്വന്തം പേരിലോ ഒരു ജന്മദിന സമ്മാനമായി മറ്റൊരാളുടെ പേരിലോ അവരവരുടെ ജന്മനക്ഷത്രങ്ങളുമായി ഒരു മരത്തിന്റെ തൈ ദേവസ്വം ബോര്‍ഡിന്റെ ഏതെങ്കിലും ക്ഷേത്രങ്ങളുടെ പരിസരത്ത് നട്ടുപിടിപ്പിക്കാം. 

മരത്തിന്റെ പരിപാലനത്തിനായി ഒരു മാസം നൂറു രൂപ വീതം അടച്ചാല്‍ ബോര്‍ഡ് മരത്തിന്റെ പരിചരണം നിര്‍വഹിക്കും. 2013ല്‍ ആണ് ഈ പദ്ധതിക്ക് തുടക്കമായത്. ഈ പദ്ധതിയുടെ പ്രചാരണത്തിനായി പ്രത്യേക വെബ്‌സൈറ്റും തുടങ്ങി. ഇപ്പോള്‍ സൈറ്റിന്റെ പ്രവര്‍ത്തനം മുടങ്ങി. നട്ട മരങ്ങളും കാണാനില്ല. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.