പ്രതിപക്ഷം ജനങ്ങളോട് മാപ്പുപറയണം

Saturday 30 June 2018 3:02 am IST
ദേശവിരുദ്ധമെന്ന് വിശേഷിപ്പിക്കാവുന്ന ഈ മനോഭാവം ഒരിക്കല്‍ക്കൂടി വെളിപ്പെട്ടിരിക്കുന്നു. 2016 സപ്തംബറില്‍ പാക്കധീന കശ്മീരിലെ ഭീകരരുടെ താവളങ്ങള്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ ഭാരതസൈന്യം നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെയാണിത്.

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിനുശേഷം പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക്, പ്രത്യേകിച്ച് കോണ്‍ഗ്രസ്സിന് പാക്കിസ്ഥാന്റെ സ്വരമാണ്. രാജ്യരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ നിരുത്തരവാദപരമായ നിലപാടുകളാണ് പാര്‍ലമെന്റിനകത്തും പുറത്തും സ്വീകരിച്ചുപോരുന്നത്. 

ദേശവിരുദ്ധമെന്ന് വിശേഷിപ്പിക്കാവുന്ന ഈ മനോഭാവം ഒരിക്കല്‍ക്കൂടി വെളിപ്പെട്ടിരിക്കുന്നു. 2016 സപ്തംബറില്‍ പാക്കധീന കശ്മീരിലെ ഭീകരരുടെ താവളങ്ങള്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ ഭാരതസൈന്യം നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെയാണിത്. അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായി ബങ്കറുകള്‍ ആക്രമിച്ച് ഭീകരരെ കൊലപ്പെടുത്തുന്നതിന്റെ നാല് ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഒരൊറ്റ സൈനികനും ജീവഹാനി സംഭവിക്കാതെ, പരിക്കുപോലും ഏല്‍ക്കാതെ അത്യന്തം സാഹസികമായാണ് ഭാരത സൈന്യം കൃത്യം നിര്‍വഹിച്ചതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

നരേന്ദ്ര മോദി സര്‍ക്കാര്‍ കൈക്കൊണ്ട ധീരമായ തീരുമാനങ്ങളിലൊന്നായിരുന്നു സര്‍ജിക്കല്‍ സ്‌ട്രൈക്ക്. നമ്മുടെ സൈന്യം ഈ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടും അംഗീകരിക്കാന്‍ കോണ്‍ഗ്രസ്സ് തയ്യാറായില്ല. മോദി സര്‍ക്കാരിന്റേത് തെറ്റായ അവകാശവാദമാണെന്നും, സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടന്നിട്ടില്ലെന്നും പി. ചിദംബരത്തിനെപ്പോലുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ വാദിച്ചു. തെളിവുകള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടു. ചോരക്കളിയെന്നാണ് കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ഗാന്ധി അധിക്ഷേപിച്ചത്. 

സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടണമെന്ന ആം ആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളിന്റെ പ്രസ്താവന പാക്കിസ്ഥാനിലെ മാധ്യമങ്ങള്‍ ആഘോഷിക്കുകതന്നെ ചെയ്തു. ഇപ്പോള്‍ അന്നത്തെ സൈനിക നടപടികളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കേ, ഉത്തരംമുട്ടിയ നേതാക്കളെല്ലാം കുട്ടിക്കരണം മറിഞ്ഞിരിക്കുകയാണ്. മോദി സര്‍ക്കാര്‍ സൈന്യത്തെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്നാണ് പുതിയ ആരോപണം!

സര്‍ജിക്കല്‍ സ്‌ട്രൈക്ക് അല്ല, 'ഫാഴ്‌സിക്കല്‍ സ്‌ട്രൈക്ക്' ആണ് നടന്നതെന്ന് കളിയാക്കിയവര്‍ രാജ്യരക്ഷയ്ക്കുപരി രാഷ്ട്രീയ താല്‍പര്യം സംരക്ഷിക്കാനാണ് ശ്രമിച്ചത്. ഇത് പാക്കിസ്ഥാനെയാണ് സന്തോഷിപ്പിച്ചതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പാക്കിസ്ഥാനുമായി സമാധാനം സ്ഥാപിക്കാന്‍ കഴിയാവുന്നതെല്ലാം ചെയ്ത പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. തന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് സാര്‍ക്ക് ഭരണത്തലവന്മാര്‍ക്കൊപ്പം പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ക്ഷണിച്ചത് പുതിയൊരു തുടക്കത്തിനായിരുന്നു. 

എന്നാല്‍ സമാധാനം ആഗ്രഹിക്കാത്ത രാജ്യമാണ് പാക്കിസ്ഥാന്‍. ജനാധിപത്യത്തെ പ്രഹസനമാക്കി അവിടെ അധികാരത്തില്‍ വരുന്ന സര്‍ക്കാരുകള്‍ സൈന്യത്തിന്റെ ചൊല്‍പ്പടിക്ക് നില്‍ക്കുന്നവയാണ്. തങ്ങള്‍ നശിച്ചാലും ഭാരതത്തെ സമാധാനമായി കഴിയാന്‍ അനുവദിക്കില്ലെന്നതാണ് പാക് സൈന്യത്തിന്റെ നിലപാട്. ഇതിനേറ്റ കനത്ത പ്രഹരമായിരുന്നു സര്‍ജിക്കല്‍ സ്‌ട്രൈക്ക്. 

ഇക്കാര്യത്തിലും പാക്കിസ്ഥാനൊപ്പം നിന്ന പ്രതിപക്ഷ പാര്‍ട്ടികള്‍, സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ തെളിവുകള്‍ പുറത്തുവന്ന സ്ഥിതിക്ക് ജനങ്ങളോട് മാപ്പുപറയാനുള്ള മാന്യത കാണിക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.