സര്‍ക്കാര്‍ കരാറുകാര്‍ സമരത്തിലേക്ക്

Saturday 30 June 2018 2:11 am IST
ജിഎസ്ടി നടപ്പിലാക്കിയതിനെ തുടര്‍ന്ന് ടെണ്ടര്‍ ചെയ്തതും നിര്‍മാണത്തിലിരിക്കുന്നതുമായ ജോലികള്‍ക്ക് ടാക്‌സ് അടക്കുന്നതിന് കൂടുതലായി വരുന്ന തുക സര്‍ക്കാര്‍ നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ കരാറുകാരുടെ സംഘടനകള്‍ സമരത്തിലേക്ക്.

കൊച്ചി: ജിഎസ്ടി നടപ്പിലാക്കിയതിനെ തുടര്‍ന്ന് ടെണ്ടര്‍ ചെയ്തതും നിര്‍മാണത്തിലിരിക്കുന്നതുമായ ജോലികള്‍ക്ക് ടാക്‌സ് അടക്കുന്നതിന് കൂടുതലായി വരുന്ന തുക സര്‍ക്കാര്‍ നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ കരാറുകാരുടെ സംഘടനകള്‍ സമരത്തിലേക്ക്. ഓള്‍ കേരള ഗവ. കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍, ഓള്‍ കേരള ഗവ. കോണ്‍ട്രാക്‌ടേഴ്‌സ് ഫെഡറേഷന്‍ എന്നീ സംഘടനകള്‍ സംയുക്തമായാണ് സമരം നടത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ജിഎസ്ടി കോമ്പന്‍സേഷന്‍ നല്‍കാതിരിക്കുന്നതിനു വേണ്ടിയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശ്രമിക്കുന്നതെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി. കരാറുകാര്‍ ജിഎസ്ടി അടയ്‌ക്കേണ്ടതില്ലെന്നും അത് സര്‍ക്കാര്‍ നല്‍കുമെന്നുള്ള ധനകാര്യ വകുപ്പിന്റെ ഉത്തരവ് നടപ്പാക്കാനുള്ള നടപടി സ്വീകരിക്കുക, സര്‍ക്കാര്‍ വകുപ്പുകളുടേയും ഏജന്‍സികളുടേയും ജോലികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുമ്പോള്‍ ജിഎസ്ടി അധികമായി ഉള്‍പ്പെടുത്തുക, പൊതുമരാമത്ത് കരാറുകള്‍ എഗ്രിമെന്റ് വെയ്ക്കുന്നതിന് 200 രൂപയുടെ മുദ്രപത്രത്തിന് പകരം ടെണ്ടര്‍ തുകയുടെ 0.1 ശതമാനമായി വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. 

മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും അടിയന്തരമായി ഇടപെട്ട് പരിഹരിച്ചില്ലെങ്കില്‍ ജൂലൈ 15 മുതല്‍ സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന മുഴുവന്‍ നിര്‍മാണപ്രവൃത്തികളും നിര്‍ത്തിവെയ്ക്കാന്‍ നിര്‍ബന്ധിതരാകുമെന്ന് സംഘടനാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഓള്‍ കേരള ഗവ. കോണ്‍ടാക്‌ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കെ.സി. ജോണ്‍, ജനറല്‍ സെക്രട്ടറി സണ്ണി ചെന്നിക്കുന്നു, സെക്രട്ടറി ജോജി ജോസഫ്, കേരള ഗവ.കോണ്‍ട്രാക്ടേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കെ.ജെ. വര്‍ഗീസ്, ജനറല്‍ സെക്രട്ടറി പി. നാഗരത്‌നന്‍, സെക്രട്ടറി പി.പി. ക്യഷ്ണന്‍ എജിപിസിഎ എറണാകുളം ജില്ലാ സെക്രട്ടറി പി.വി. സ്റ്റീഫന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.