ഡിജിറ്റല്‍ പേപ്പര്‍ കറന്‍സി സാങ്കേതിക വിദ്യയുമായി വനിതാ ഡോക്ടര്‍

Saturday 30 June 2018 6:25 am IST
വ്യാജകറന്‍സികള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്ന, കറന്‍സി നഷ്ടപ്പെട്ടാലും അതിന്റെ മൂല്യം നഷ്ടപ്പെടാതിരിക്കാനുള്ള സാങ്കേതിക വിദ്യയുമായി ഒരു വനിതാ ഡോക്ടര്‍. സ്വയം വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ പേറ്റന്റിന് അപേക്ഷിക്കുകയും അത് പേറ്റന്റ് ജേര്‍ണലില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.

തിരുവനന്തപുരം: വ്യാജകറന്‍സികള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്ന, കറന്‍സി നഷ്ടപ്പെട്ടാലും അതിന്റെ മൂല്യം നഷ്ടപ്പെടാതിരിക്കാനുള്ള സാങ്കേതിക വിദ്യയുമായി ഒരു വനിതാ ഡോക്ടര്‍. സ്വയം വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ പേറ്റന്റിന് അപേക്ഷിക്കുകയും അത് പേറ്റന്റ് ജേര്‍ണലില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.

തൃശൂര്‍ ചാവക്കാട് സുരാധില്‍ ഡോ. രാമചന്ദ്രന്റെയും ഡോ.സൂര്യയുടേയും ഏക മകളായ ഡോ. ധന്യയാണ് പുതിയ സാങ്കേതിക വിദ്യയുമായി എത്തിയത്. നല്ല നോട്ടുകള്‍ക്ക് പകരം വ്യാജ നോട്ടുകള്‍ കൈയില്‍ കിട്ടുകയും നോട്ടുകള്‍ നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥകളില്‍ നോട്ടിന്റെ മൂല്യം സംരക്ഷിക്കാന്‍ ഡിജിറ്റല്‍ പേപ്പര്‍ കറന്‍സിയിലൂടെ കഴിയുമെന്നാണ് ഡോ. ധന്യയുടെ അവകാശവാദം.

ഉയര്‍ന്നമൂല്യമുള്ള പേപ്പര്‍ കറന്‍സിയുടേയും ഓണ്‍ലൈനിലുള്ള ഇവയുടെ ഡാറ്റയുടേയും സംയുക്ത രൂപമാണ് ഡിജിറ്റലൈസ്ഡ് ഹൈ വാല്യു പേപ്പര്‍ കറന്‍സി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കില്‍  അതാത് രാജ്യത്തെ തത്തുല്യ ബാങ്കിന്റെ നിയന്ത്രണത്തില്‍ തയ്യാറാക്കുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിലായിരിക്കും ഇത് ആദ്യമായി രജിസ്റ്റര്‍ ചെയ്യുന്നത്. ഈ നോട്ടുകള്‍ ബാങ്കുകള്‍ വഴി കൈമാറും. ബാങ്കുകള്‍ മുഖേന മാത്രമല്ല എടിഎം വഴിയും ഇവ വിതരണം ചെയ്യാം. ഈ കൈമാറ്റങ്ങള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തും. അതിനാല്‍ ഇവയുടെ വ്യാജ കറന്‍സികള്‍ ഇറക്കാന്‍ സാധിക്കില്ല. നോട്ടുകള്‍ ആരുടെ പക്കലാണെന്ന് അറിയാനും കഴിയും. മോഷ്ടിക്കപ്പെടുകയോ കൈമോശം വരുകയോ ചെയ്താല്‍ മൂന്നാമതൊരാള്‍ക്ക് ഇവ ഉപയോഗിക്കാന്‍ കഴിയില്ല. ഡാറ്റാബേസില്‍ ഉള്ളതിനാല്‍ ഇവയുടെ നിരീക്ഷണവും പിന്തുടരലും എളുപ്പത്തില്‍ സാധിക്കും. രാജ്യദ്രോഹപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് കറന്‍സി ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താനും കഴിയും, ഡോ. ധന്യ പറയുന്നു.

തൃശൂര്‍ അക്കിക്കാവ് പിഎസ്എം ദന്തല്‍ കോളേജില്‍ പബ്ലിക് ഹെല്‍ത്ത് ദന്തിസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റില്‍ അസിസ്റ്റന്റ് പ്രൊഫസറായി സേവനം അനുഷ്ഠിക്കുകയാണ് ഡോ. ധന്യ.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.