കനക്കട്ടെ പോരാട്ടം

Saturday 30 June 2018 7:00 am IST

മോസ്‌ക്കോ: ലോകകപ്പില്‍ തീപാറും പോരാട്ടങ്ങള്‍ തുടങ്ങുകയായി. ഇനി ഓരോ മത്സരവും  ടീമുകള്‍ക്ക് അവസാന അവസരങ്ങളാണ്.  തോറ്റാല്‍ നാട്ടിലേക്ക് മടങ്ങാം. ജയിച്ചാല്‍ പ്രയാണം തുടരാം. കിരീടം തലയിലേറ്റി രാജാക്കന്മാരുമാകാം. വിജയത്തിനായി ടീമുകള്‍ കച്ചമുറക്കുന്നതോടെ പോരാട്ടം പൊടിപാറും. ആദ്യ പ്രീക്വാര്‍ട്ടറില്‍ ഇന്ന് മുന്‍ ചാമ്പ്യന്മാരായ അര്‍ജന്റീനയും ഫ്രാന്‍സും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം രാത്രി 7.30 നാണ് മത്സരം. രണ്ടാം മത്സരത്തില്‍ രാത്രി പതിനൊന്നരയ്ക്ക്  ഉറുഗ്വെയും പോര്‍ച്ചുഗലും മാറ്റുരയക്കും.

നാളെ നടക്കുന്ന മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ സ്‌പെയിന്‍ ആതിഥേയരായ റഷ്യയേയും ക്രൊയേഷ്യ ഡെന്മാര്‍ക്കിനെയും എതിരിടും. ജൂലായ് രണ്ടിന് ബ്രസീല്‍ മെക്‌സിക്കോയേയും ബെല്‍ജിയം ജപ്പാനെയും എതിരിടും. ജൂലായ്  മൂന്നിന് അവസാന പ്രീക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ സ്വീഡന്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെയും കൊളംബിയ ഇംഗ്ലണ്ടിനെയും നേരിടും.

ഇന്ന് ഫ്രാന്‍സിനെ നേരിടാനിറങ്ങുന്ന അര്‍ജന്റീനയുടെ പ്രതീക്ഷ മുഴുവന്‍ ലയണല്‍ മെസിയിലാണ് . മെസി തിളങ്ങിയാല്‍ അര്‍ജന്റീന ക്വാര്‍ട്ടറില്‍ കടക്കും. ഫ്രാന്‍സിന് ഇതുവരെ നിലവാരത്തിലേക്ക് ഉയരാനായിട്ടില്ല.

ലോകകപ്പിന് മുമ്പ് കിരീട പ്രതീക്ഷ കല്‍പ്പിക്കപ്പെട്ട ഫ്രാന്‍സ് ഗ്രൂപ്പ്് മത്സരങ്ങളില്‍ തപ്പിതടഞ്ഞു. സ്‌ട്രൈക്കര്‍ ഗ്രീസ്മാന് ഫോം വീണ്ടെടുക്കാനായിട്ടില്ല.

യാഥാര്‍ഥ പോരാട്ടം തുടങ്ങുകയാണ്. അടുത്ത റൗണ്ടിലേക്ക് കടക്കാനുള്ള തത്രപ്പാടിലാണ് ഞങ്ങളെന്ന് ഫ്രാന്‍സ് കോച്ച് ദെഷാംപ്‌സ് പറഞ്ഞു.

അര്‍ജന്റീനയും കഷ്ടിച്ചാണ് പ്രീ ക്വാര്‍ട്ടറിലെത്തിയത്. അവസാന മത്സരത്തില്‍ നൈജീരിക്കെതിരായ വിജയമാണ് അവരെ നോക്കൗട്ടിലേക്ക് കടത്തിവിട്ടത്. മെസി ഗോളടി തുടങ്ങിയത്് അര്‍ജന്റീനയ്ക്ക്് പ്രതീക്ഷ നല്‍കുന്നു.

ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് പോര്‍ച്ചുഗലിന്റെ ശക്തി കേന്ദ്രം. ഡീഗോ ഗോഡിന്‍ നയിക്കുന്ന ഉറുഗ്വെയുടെ പ്രതിരോധ നിരയക്ക് റൊണാള്‍ഡോയെ തടഞ്ഞു നിര്‍ത്തിയാലേ ക്വാര്‍ട്ടറില്‍ കടക്കാനാകൂ. ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളിലും വിജയം നേടിയാണ് ഉറുഗ്വെ പ്രീ ക്വാര്‍ട്ടറിലെത്തിയത്.

ഗോഡിനൊപ്പം ഗിമെനസും ചേരുന്നതോടെ ഉറുഗ്വെ പ്രതിരോധം അതിശക്തമാകും.

ഏതു പ്രതിരോധത്തെയും തകര്‍ക്കാന്‍ കഴിയുന്ന കളിക്കാരനാണ് റൊണാള്‍ഡോ. ഗ്രൂപ്പ്് മത്സരങ്ങളില്‍ തകര്‍പ്പന്‍ പ്രകടമാണ് കാഴ്ചവെച്ചത്. മൂന്ന് മത്സരങ്ങളില്‍ നാല് ഗോളുകള്‍ നേടിക്കഴിഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.