ട്രോളിങ് വിലക്ക് വള്ളങ്ങള്‍ക്കും ബാധകമാക്കണം: ഹൈക്കോടതി

Saturday 30 June 2018 6:38 am IST

കൊച്ചി: ട്രോളിങ് നിരോധനം പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കും നാടന്‍ വള്ളങ്ങള്‍ക്കും ബാധകമാക്കാന്‍  ഹൈക്കോടതി ഉത്തരവിട്ടു. ഫിഷിംഗ് ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കൊല്ലം ജില്ലാ പ്രസിഡന്റ് ചാര്‍ളി ജോസഫ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ട്രോളിംഗ് നിരോധന കാലാവധി സര്‍ക്കാര്‍ കൂട്ടിയതില്‍ അപാകം ഇല്ലെന്ന് വിലയിരുത്തിയ ഹൈക്കോടതി ഹര്‍ജി തള്ളി. 

ഈ വര്‍ഷം ട്രോളിംഗ് നിരോധന സമയം 47 ദിവസത്തില്‍ നിന്ന് 52 ദിവസമായി കൂട്ടിയതിനെതിരെയാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ ചില വിഭാഗങ്ങള്‍ക്കു മാത്രമായി ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തിയ നടപടി ശരിയല്ലെന്ന് കോടതി വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തി ലാണ് നാടന്‍ വള്ളങ്ങളെയും പരമ്പരാഗത മത്സ്യത്തൊഴിലാളികളെയും ഇതിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത്. 

കാലാവസ്ഥ വ്യതിയാനവും മണ്‍സൂണ്‍ സീസണിലെ കടല്‍ക്ഷോഭവും കണക്കിലെടുത്താണ് നിരോധന കാലാവധി കൂട്ടിയതെന്ന് സര്‍ക്കാര്‍ മറുപടി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. മത്സ്യങ്ങളുടെ പ്രജനന കാലമായ മണ്‍സൂണില്‍ മത്സ്യസമ്പത്ത് സംരക്ഷിക്കാനുള്ള ശാസ്ത്രീയ നടപടിയാണിത്.

കടല്‍ക്ഷോഭത്തെത്തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ അപകടത്തില്‍ പെടുന്നത് ഒഴിവാക്കാന്‍ കൂടിയാണ് കാലാവധി നീട്ടിയത്. മറൈന്‍ ഫിഷിംഗ് നിയമപ്രകാരം നിയന്ത്രണവും നിരോധനവും വരുത്താന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും  സത്യവാങ്മൂലത്തിലുണ്ട്. 

എല്ലാ വശങ്ങളും പരിശോധിച്ചാണ് ട്രോളിംഗ് നിരോധന കാലാവധി സര്‍ക്കാര്‍ കൂട്ടിയതെന്ന് ഹൈക്കോടതി പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.