'ഇന്‍സൈറ്റ് ' പദ്ധതി അട്ടിമറിക്കുന്നു

Saturday 30 June 2018 7:10 am IST

കൊല്ലം: കാഴ്ചശക്തി ഇല്ലാത്തവര്‍ക്കും പരിമിതിയുള്ളവര്‍ക്കും ദുരിതം നല്‍കി എല്‍ഡിഎഫ് സര്‍ക്കാര്‍. അഞ്ചുപതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡിനെ പുറത്താക്കി പാര്‍ട്ടിക്കാര്‍ക്ക് വിവിധ പദ്ധതി നടത്തിപ്പു ചുമതലകള്‍ നല്‍കാനാണ് നീക്കം. ഇത് സംബന്ധിച്ച് സംഘടന മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി പത്തുദിവസമായിട്ടും നടപടി സ്വീകരിക്കുകയോ സംഘടനാ ഭാരവാഹികള്‍ക്ക് മറുപടി നല്‍കുകയോ ചെയ്തിട്ടില്ല. പത്ത് തവണയിലധികം ഭാരവാഹികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കാണാന്‍ ശ്രമിച്ചെങ്കിലും അനുവാദം നല്‍കാതെ മടക്കി. 

കാഴ്ചയില്ലാത്തവര്‍ക്കായി സര്‍ക്കാരിന്റെ ധനസഹായത്തോടെ കെഎഫ്ബി നടപ്പാക്കുന്ന ഏറ്റവും പ്രയോജനകരമായ പദ്ധതിയായ ഇന്‍സൈറ്റ് ഇതോടെ ഇരുളടഞ്ഞു. 2007 മുതല്‍ നടപ്പാക്കി വന്നതാണ് ഇത്. കാഴ്ചയില്ലാത്തവരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ കാര്യക്ഷമമായി ഫണ്ട് വിനിയോഗിച്ചുവന്ന സംഘടനയെ സാമൂഹ്യക്ഷേമവകുപ്പ് സ്‌പെഷ്യല്‍ ഓഫീസര്‍ അപകീര്‍ത്തിപ്പെടുത്തുകയാണെന്നാണ് ആക്ഷേപം. 

ഇന്‍സൈറ്റ് പദ്ധതിയില്‍ വിവിധ പരിപാടികളാണ് നടപ്പാക്കുന്നത്. പ്രധാനം കാഴ്ചപരിമിതികളെ ടെക്‌നോളജിയുടെ സഹായത്തോടെ മറികടക്കുകയെന്നതാണ്. കമ്പ്യൂട്ടറും മൊബൈല്‍ഫോണും നല്‍കുന്ന അനന്തസാധ്യതകള്‍ കാര്യക്ഷമമായി വിനിയോഗിച്ച് അന്ധസമൂഹത്തിന് സ്വന്തം കാലില്‍ നില്‍ക്കാന്‍ പദ്ധതി വിഭാവനം ചെയ്യുന്നു. സഞ്ചരിക്കുന്ന സ്ഥലം ജിപിഎസ് മുഖേന തിരിച്ചറിയുന്ന സംവിധാനവും പുതിയ നോട്ടുകള്‍ തിരിച്ചറിയാനുള്ള സോഫ്റ്റ്‌വെയര്‍ സംവിധാനവും പദ്ധതിയിലുണ്ട്.

സാമൂഹ്യ നീതി വകുപ്പ് ഡയറക്‌ട്രേറ്റില്‍ നിന്നും സെക്ഷന്‍ ക്ലര്‍ക്ക് മുതല്‍ ഡയറക്ടര്‍വരെ കണ്ടു ബോധ്യപ്പെട്ട് വര്‍ക്കിംഗ് ഗ്രൂപ്പില്‍ സമര്‍പ്പിച്ച നിര്‍ദേശമാണ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ എതിര്‍ക്കുന്നത്. ഇത് അന്വേഷിക്കാന്‍ ചെന്ന സംഘടനയുടെ പ്രതിനിധികളോട് മോശമായി പെരുമാറുകയും കെഎഫ്ബിക്ക് ബിരിയാണി തിന്നാനുള്ളതല്ല സര്‍ക്കാര്‍ തുകയെന്ന് പറഞ്ഞ് പരിഹസിക്കുകയും ചെയ്തു. 2013 മുതല്‍ സംഘടന കണക്കോ റിപ്പോര്‍ട്ടോ സമര്‍പ്പിച്ചില്ലെന്ന സെക്രട്ടറിയുടെ നിലപാട് ശരിയല്ല. സംഘടന വിജിലന്‍സ് അന്വേഷണം നേരിടുന്നുണ്ടെന്ന പ്രചാരണവും ഇതിനിടയില്‍ വ്യാപകമാക്കിയിട്ടുണ്ട്. 

ഓരോ വര്‍ഷത്തെയും ഫണ്ട് മൂന്ന് ഗഡുക്കളായാണ് അനുവദിക്കുന്നത്. ഓരോ ഗഡു അനുവദിക്കുമ്പോഴും മുമ്പ് കിട്ടിയ ഗഡുവിന്റെ വിശദമായ റിപ്പോര്‍ട്ടും കണക്കുകളും ഓഡിറ്റ് ചെയ്ത സ്റ്റേറ്റുമെന്റും നല്‍കണം. ഇതെല്ലാം മറച്ചുവച്ചാണ് സ്‌പെഷ്യല്‍ സെക്രട്ടറിയുടെ ആരോപണമെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.