എട്ടു കോടിയുടെ അസാധു നോട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടി

Saturday 30 June 2018 7:15 am IST

ന്യൂദല്‍ഹി: കായംകുളത്ത് എട്ടു കോടിയുടെ അസാധു നോട്ട് പിടിച്ച കേസില്‍ അന്വേഷണം അട്ടിമറിക്കാനുള്ള കേരളത്തിന്റെ നീക്കത്തിനെതിരെ പ്രധാനമന്ത്രിയുടെ ഓഫീസ്. സംഭവത്തിലെ തീവ്രവാദ ബന്ധമുള്‍പ്പെടെ അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ പിഎംഒ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി. 

തുടര്‍ന്ന് പുതിയ റിപ്പോര്‍ട്ട് നല്‍കാന്‍ ആഭ്യന്തര മന്ത്രാലയ ജോയിന്റ് സെക്രട്ടറി സുധീര്‍ കുമാര്‍ സക്‌സേന സംസ്ഥാന പോലീസ് മേധാവിയോട് ആവശ്യപ്പെട്ടു. കേരളം ആദ്യം നല്‍കിയ റിപ്പോര്‍ട്ട് തള്ളിയാണ് കേന്ദ്ര നടപടി. എന്നാല്‍ ഒരു മാസമായിട്ടും മറുപടി നല്‍കിയിട്ടില്ല.

2017 ആഗസ്റ്റ് 19നാണ് മുഹമ്മദ് ഹാരിസ്, അഷറഫ്, പ്രകാശ്, അബ്ദുള്‍ റസീല്‍, മുഹമ്മദ് നൗഷാദ് എന്നിവരെ അസാധു നോട്ടുകളുമായി കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട്, പാലക്കാട് സ്വദേശികളായ ഇവര്‍  ഹവാല ഇടപാടുമായി ബന്ധമുള്ളവരാണെന്ന് കണ്ടെത്തിയിരുന്നു. രണ്ട് പേരെക്കൂടി പിന്നീട് അറസ്റ്റ് ചെയ്തുവെങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല. 

ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയപ്പോള്‍ പ്രാഥമിക വിവരങ്ങള്‍ മാത്രം കൈമാറുകയാണ് ചെയ്തത്. ഇതില്‍ സംശയം പ്രകടിപ്പിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് പിഎംഒയുടെ ഇടപെടല്‍.

2016 നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ അസാധുവാക്കിയതായി പ്രഖ്യാപിച്ചത്. 19 മാസത്തിന് ശേഷവും ഇത്രയധികം അസാധുനോട്ടുകള്‍ പിടിച്ചതും കേരളത്തിലെ മതഭീകരതയും വിഷയത്തെ ഗൗരവത്തിലെടുക്കാന്‍ കേന്ദ്രത്തെ പ്രേരിപ്പിച്ചു. നോട്ട് നിരോധനത്തിനെതിരെ ഏറ്റവുമധികം എതിര്‍പ്പുയര്‍ന്നത് കേരളത്തിലായിരുന്നു. പോപ്പുലര്‍ ഫ്രണ്ടും ജമാ അത്തെ ഇസ്ലാമിയും ഉള്‍പ്പെടെയുള്ള തീവ്രസംഘടനകളും സമരത്തിനിറങ്ങിയിരുന്നു. 

ഇത്രയേറെ നോട്ടുകള്‍ കൈവശം വച്ചതെന്തിന്, എവിടെ നിന്നൊക്കെയാണ് നോട്ടുകള്‍ ശേഖരിച്ചത്, എന്ത് ആവശ്യത്തിന് വേണ്ടിയാണ് ഇത് ഉപയോഗിക്കാനിരുന്നത് തുടങ്ങിയ കാര്യങ്ങള്‍ വിശദമാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് കേന്ദ്രം ആവശ്യപ്പെട്ടിട്ടുള്ളത്.

നേരത്തെ കൃത്യമായ റിപ്പോര്‍ട്ട് നല്‍കുന്നതില്‍ അലംഭാവം കാണിച്ചുവെന്ന് കുറ്റപ്പെടുത്തി ആഭ്യന്തരമന്ത്രാലയം അതൃപ്തി വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ അസാധു നോട്ടിന് പകരം പുതിയ നോട്ടുകള്‍ നല്‍കുന്ന ഏജന്റുമാരാണ് പിടിയിലായവരെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കേരള പോലീസ്. ഇവര്‍ക്ക് പണം നല്‍കിയവരെയോ മാറ്റി നല്‍കാന്‍ ഉദ്ദേശിച്ചവരെയോ ഇതുവരെ കണ്ടെത്താനായിട്ടില്ല. പണത്തിന്റെ ഉറവിടമോ ഉപയോഗമോ അന്വേഷണത്തില്‍ മനസിലാക്കാന്‍ സാധിച്ചിട്ടില്ലെന്ന് കായംകുളം സിഐ കെ. സദന്‍ 'ജന്മഭൂമി'യോട് പറഞ്ഞു. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യും പോലീസുമായി ബന്ധപ്പെട്ടുവരുന്നുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.