ആ സംഘ പരിവാർ വിരുദ്ധ വാർത്ത ചീറ്റിപ്പോയി

Saturday 30 June 2018 7:47 am IST

 
കൊച്ചി: സംഘപരിവാറിനെ പ്രതിസ്ഥാനത്താക്കി വർഗീയ സംഘർഷത്തിന് അരങ്ങൊരുക്കാൻ ശ്രമിച്ച മാധ്യമ പ്രവർത്തകന്റെ പദ്ധതി പൊളിഞ്ഞു. കൊല്ലത്തെ ഒരിടതുപക്ഷ മാധ്യമ പ്രവർത്തകൻ നടത്തിയ വ്യാജവാർത്ത നിർമാണ പദ്ധതി തകർത്തത് പോലീസ്. വ്യാജവാർത്തയുടെ പിന്നാമ്പുറക്കഥ പത്രപ്രവർത്തകൻ എം.എസ്. സനിൽ ഫേസ്ബുക്കിലെഴുതി.
 
പോസ്റ്റ് ഇങ്ങനെ:
 
മലയാളത്തില്‍ അടുത്തിടെ തുടങ്ങിയ ഒരു ന്യൂസ് ചാനലിന്റെ കൊല്ലം പ്രതിനിധി
ഇന്നലെ എഴുതിയ ഒരു ഫെയ്സ് ബുക്ക് പോസ്റ്റ് ആണ് ചുവടെ:
 
ഗോസംരക്ഷണത്തിന്റെ പേരില്‍ കൊട്ടാരക്കരയില്‍ ആര്‍ എസ് എസ്
പ്രവര്‍ത്തകരുടെ ആക്രമണം. മാംസക്കച്ചവടക്കാരായ രണ്ട് പേരെയും ഡ്രൈവറെയും
ആക്രമിച്ചു. തലയ്ക്കും കൈയ്ക്കും ഗുരുതര പരിക്കേറ്റ മൂന്നു പേരും
താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍. സംഭവത്തില്‍ പുത്തൂര്‍ സ്വദേശികളായ
വിഷ്ണു, ഗോകുല്‍ എന്നിവര്‍ അറസ്റ്റില്‍.
 
ഇതാണ് പോസ്റ്റ്. പോസ്റ്റ് കൊഴുപ്പിക്കാന്‍ # fake cow vigilants, # RSS
attack, # beef, #kottarakkara എന്നിങ്ങനെ ഹാഷ് ടാഗുകളും
ഉപയോഗിച്ചിട്ടുണ്ട്. കടുത്ത സിപിഎം അനുഭാവിയാണ് ഈ മാധ്യമപ്രവര്‍ത്തകന്‍
എന്ന്‍ കൂടി മനസ്സിലാക്കിക്കൊണ്ട് തുടര്‍ന്ന്‍ വായിക്കുക.
 
 
പോലീസിന്റെ വിശദീകരണം
.........................................................
 
ഈ പോസ്റ്റും മാധ്യമപ്രവര്‍ത്തകന്‍ സ്വന്തം ചാനലില്‍ നല്‍കിയ സമാനമായ
വാര്‍ത്തയും ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന് ഇന്ന്‍ രാവിലെ
കൊട്ടാരക്കര പൊലീസ് സ്റ്റേഷനില്‍ വിളിച്ചു.അവര്‍ പറഞ്ഞത് ഇങ്ങനെ.....
 
ഇന്നലെ പതിനൊന്നരയോടെ മുസ്ലീം സ്ട്രീട്ടിനു സമീപമായിരുന്നു സംഭവം.
വയ്യാങ്കര ചന്തയില്‍നിന്നും കൊട്ടാരക്കരയിലേക്ക് മിനി ലോറിയില്‍
കന്നുകാലികളെ കയറ്റി വരികയായിരുന്നു ജലാലുദ്ദീന്‍, സാബു എന്നിവര്‍.
ഇറച്ചി വ്യാപാരിയാണ് ജലാലുദ്ദീന്‍. പുത്തൂര്‍ മുതല്‍ വിഷ്ണുവും ഗോകുലും
ബൈക്കില്‍ വാഹനത്തിനു പിന്നാലെ ഉണ്ടായിരുന്നു. മനുഷ്യത്വ രഹിതമായാണ്
വാഹനത്തില്‍ കന്നുകാലികളെ കെട്ടി വെച്ചിരുന്നത്. ഒരു നാല്‍ക്കാലി കെട്ടു
മുറുകി പാതി റോഡില്‍ വീഴാനായ അവസ്ഥയില്‍ ആയിരുന്നു. വിഷ്ണു
പട്ടാളക്കാരനാണ്‌. അയല്‍വാസിയാണ് ഗോകുല്‍. ഇരുവരും മിനി ലോറി തടഞ്ഞു
നിര്‍ത്തി മനുഷ്യത്വ രഹിതമായി കന്നുകാലികളെ കൊണ്ടുപോകുന്നത് വിലക്കി.
മര്യാദയ്ക്ക് കെട്ടിവെച്ച് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു. ഇത്
ജലാലുദ്ദീനും സാബുവിനും ഇഷ്ടമായില്ല.ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമായി.
തര്‍ക്കം കയ്യാങ്കളിയില്‍ എത്തി. പട്ടാളക്കാരന്‍ വിഷ്ണു ജലാലുദ്ദീനെയും
സാബുവിനെയും മര്‍ദ്ദിച്ചു. അവരും തിരിച്ചടിച്ചു. ആകെ അടി. ഇതിനിടെ
പിടിച്ചുമാറ്റാനെത്തിയ ആള്‍ക്കും കിട്ടി അടി. വിഷ്ണുവും ഗോകുലും ആര്‍ എസ്
എസ്സുകാരല്ല. പൊലീസ് രണ്ട് കേസെടുത്തിട്ടുണ്ട്. ജലാലുദ്ദീന്റെ പരാതിയില്‍
കേസ് എടുത്ത് വിഷ്ണുവിനെയും ഗോകുലിനേയും അറസ്റ്റ് ചെയ്ത് റിമാണ്ട്
ചെയ്തു. വിഷ്ണുവിന്റെയും ഗോകുലിന്റെയും പരാതിയില്‍ ജലാലുദ്ദീനും
സാബുവിനും എതിരെയും കേസെടുത്തു. ഇരുവരും ഇപ്പോള്‍ ആശുപത്രിയില്‍ ആണ്.
ഇത്രയും വിവരങ്ങള്‍ പറഞ്ഞ പോലീസുകാരനോട് ഞാന്‍ എടുത്തു
ചോദിച്ചു....പശുസംരക്ഷണത്തിന്റെ പേരില്‍ ആര്‍ എസ് എസ്സുകാര്‍ നടത്തിയ
ആക്രമണമാണെന്ന് ചില ചാനലുകളില്‍ വാര്‍ത്ത വന്നല്ലോ? പോലീസുകാരന്റെ
മറുപടി..." പോലീസിന്റെ അറിവില്‍ അത്തരം ഒരു സംഭവം ഇല്ല. കാലികളെ
ക്രൂരമായി കെട്ടിവെച്ചുകൊണ്ടുപോകുന്ന അനീതി ചോദ്യം ചെയ്തതാണ് സംഭവത്തിനു
കാരണം. ഇതില്‍ രാഷ്ട്രീയമോ മറ്റ് കാരണങ്ങളോ ഇല്ല. ആക്രമത്തില്‍
ഏര്‍പ്പെട്ടവരില്‍ ഒരു ഭാഗത്ത് ഹിന്ദുക്കളും മറുഭാഗത്ത് മുസ്ലീംങ്ങളും
ആയിരുന്നു. സ്ഥലത്ത് എത്തിയ ചിലര്‍ സംഭവത്തിനു വര്‍ഗീയ നിറം നല്‍കാന്‍
പരമാവധി ശ്രമിച്ചു. അതാണ്‌ ഇത്തരം പ്രചാരണത്തിന് കാരണം. "
 
നോട്ട് ദി പോയിന്റ്
......................................
 
അവിടെയാണ് സംഗതിയുടെ കിടപ്പ്. ആക്രമത്തില്‍ ഏര്‍പ്പെട്ടവരില്‍ ഒരു
ഭാഗത്ത് ഹിന്ദുക്കളും മറുഭാഗത്ത് മുസ്ലീങ്ങളും. കൂടാതെ കന്നുകാലികളുടെ
സാന്നിധ്യം. ഒരു വെടിക്ക് രണ്ടു പക്ഷി. പിന്നെ താമസിപ്പിച്ചില്ല. ആ
യന്ത്രം ഉടന്‍ പ്രവര്‍ത്തിച്ചുതുടങ്ങി. പശുസംരക്ഷണം, ആര്‍ എസ് എസ്, ബീഫ്,
മുസ്ലീം, ആക്രമണം. മാധ്യമപ്രവര്‍ത്തകന്റെ ന്യൂസ് ചാനലില്‍ തലക്കെട്ടുകള്‍
നിറഞ്ഞു. പശുവിന്റെ പേരില്‍ കേരളത്തിലും ആര്‍ എസ് എസ് ആക്രമണം.
പോലീസിന്റെ വിശദീകരണങ്ങള്‍ക്ക് പുല്ലുവില. വ്യാഖ്യാനങ്ങള്‍ പിന്നാലെ
നിറഞ്ഞു. മാധ്യമപ്രവര്‍ത്തകന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് മറ്റുചിലരും
ഏറ്റെടുത്തു. ഭീതിതമായ ആ കാലം ദാ കേരളത്തിലും വന്നുകഴിഞ്ഞു എന്നായി
കണ്ടുപിടുത്തം. ഉത്തരേന്ത്യയില്‍ മാത്രം കേട്ടിരുന്നതാണ് പശുവിന്റെ
പേരിലുള്ള കൊല. അത് ദാ കേരളത്തിലും ആര്‍ എസ് എസ് നടപ്പാക്കിത്തുടങ്ങി ,
മുളയിലെ നുള്ളണം എന്ന മട്ടിലുള്ള പോസ്റ്റുകളും പിന്നാലെ
പ്രത്യക്ഷപ്പെട്ടു.
 
ഒരു ഹിന്ദുവിനും മുസ്ലീമിനും തല്ലുകൂടിക്കൂടെ
.........................................................................................
 
തല്ലുകൂടാം. അത് വര്‍ഗീയതയുടെ പേരില്‍ ആയിരിക്കരുതെന്നു മാത്രം. എന്നാല്‍
ഇപ്പോള്‍ അതല്ല അവസ്ഥ. എല്ലാ തല്ലിനെയും വര്‍ഗീയവത്കരിക്കാന്‍,
വര്‍ഗീയവത്കരിച്ച് നാട്ടില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ , അങ്ങനെ കലാപങ്ങള്‍
നടത്തി മുതലെടുക്കാന്‍ ചിലര്‍ തക്കം പാര്‍ത്ത് ഇരിപ്പുണ്ട്. അവര്‍ക്ക്
വിപ്ലവഗീതം പാടിക്കൊടുക്കാന്‍ കുറേ ഉണക്ക ഇടത് മാധ്യമ പ്രവര്‍ത്തകര്‍
എന്ന്‍ മേനി പറയുന്ന ചിലരും. സൂക്ഷിക്കുക...വര്‍ഗീയതയുടെ വിഷം പുരട്ടിയ
അമ്പാണ് ചാനലിലൂടെ അവര്‍ നിങ്ങള്‍ക്ക് നേരെ ഉന്നം പിടിക്കുന്നത്.
 
വാല്‍...മലയാളത്തിലെ മറ്റൊരു പ്രമുഖ ന്യൂസ്  ചാനലിന്റെ .കൊല്ലത്തെ
പ്രതിനിധികളുമായി സംസാരിച്ചു. അവരാരും ഇങ്ങനെ വാര്‍ത്ത നല്‍കിയില്ല.
വിശദമായി അന്വേഷിച്ച ശേഷം കാര്യങ്ങള്‍ അവര്‍ക്ക് ബോധ്യപ്പെടുകയായിരുന്നു
എന്ന് കൊല്ലം റിപ്പോര്‍ട്ടര്‍ എന്നോട് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.