മമതയെ താങ്ങാന്‍ സിപിഎം ഒരുങ്ങുന്നു; മറ്റൊരു ഹിമാലയന്‍ ബ്ലണ്ടര്‍

Saturday 30 June 2018 8:52 am IST

കാവാലം ശശികുമാര്‍

കൊച്ചി: ബംഗാളില്‍ സിപിഎമ്മിനെ തൂത്തെറിഞ്ഞ മമതാ ബാനര്‍ജിയെ രാജ്യസഭാ ഉപാധ്യക്ഷന്‍ തെരഞ്ഞെടുപ്പില്‍ പിന്തുണയ്‌ക്കാന്‍ സിപിഎം ഒരുങ്ങുന്നു. അല്ലെങ്കില്‍ ബിജെപിക്കെതിരേ പ്രതിപക്ഷ ഐക്യം എന്ന സിപിഎമ്മിന്റെ നയവും ന്യായവും പൊള്ളയാണെന്നു വരും. രണ്ടായാലും പാര്‍ട്ടിയുടെ മറ്റൊരു ഹിമാലയന്‍ മണ്ടത്തരമാകും രാജ്യസഭാ ഉപാധ്യക്ഷന്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ്‌. ജൂലൈ 18 ചേരുന്ന പാര്‍ലമെന്റ്‌ സമ്മേളനത്തിനിനടെ രാജ്യസഭയില്‍ ആദ്യ ആഴ്‌ചതന്നെ തെരഞ്ഞെടുപ്പു നടക്കും. ഭരണ-പ്രതിപക്ഷ കക്ഷികള്‍ തമ്മിലുള്ള കടുത്ത മത്സരമായിരിക്കും ഈ സ്ഥാനത്തേക്ക്‌. പി.ജെ. കുര്യന്റെ കാലാവധി കഴിഞ്ഞതിനാലൃാണ്‌ തെരഞ്ഞെടുപ്പ്‌.

പ്രതിപക്ഷ ഐക്യം എന്ന മുദ്രാവാക്യം മുഴക്കി മമതാ ബാനര്‍ജിനടത്തിയ നീക്കങ്ങള്‍ക്കു പിന്നില്‍ ഇതായിരുന്നു ലക്ഷ്യം. നരേന്ദ്ര മോദിക്കെതിരേ ആരോപണങ്ങളും പ്രചാരണങ്ങളും നടത്തിയ മമത ലക്ഷ്യമിട്ടത്‌ ചുളുവില്‍ ഈ സ്ഥാനം പാര്‍ട്ടിക്ക്‌ നേടിയെടുക്കാനായിരുന്നു. പാര്‍ട്ടി നേതാവ്‌ സുഖേന്ദു ശേഖര്‍ റോയിയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും ചെയ്‌തു. കോണ്‍ഗ്രസിന്‌ രാജ്യസഭയില്‍ 51 അംഗങ്ങളേ ഉള്ളു. അതിനാല്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിയെ നിര്‍ത്താനിടയില്ല. മമത ഇതിനകം ബിജു ജനാതാദള്‍, ചന്ദ്രശേഖര്‍ റാവു, കേജ്‌രിവാള്‍ എന്നിവരുടെ പിന്തുണ നേടിക്കഴിഞ്ഞു. ഇക്കാര്യം കോണ്‍ഗ്രസ്‌ നേതൃത്വത്തെ അറിയിക്കുകയും ചെയ്‌തു.

രാജ്യസഭയില്‍ 245 അംഗങ്ങളാണ്‌. 123 വോട്ടു വേണം ജയിക്കാന്‍. ബിജെപിക്ക്‌ 69 വോട്ടുകിട്ടും. കോണ്‍ഗ്രസിന്‌ 51. അതിനാല്‍ മുന്നണികളിലെ ചെറിയ പാര്‍ട്ടികള്‍ക്കും വിലപേശല്‍ സാധ്യത ഏറെയാണ്‌. 


കോണ്‍ഗ്രസ്‌, ടിഎംസി, എന്‍സിപി, എസ്‌പി, ബിഎസ്‌പി, എഎപി, ആര്‍എല്‍ഡി, ബിജെഡി, ഡിഎംകെ എന്നിവര്‍ക്കു പുറമേ ഇടതു പാര്‍ട്ടികളും ഒന്നിച്ച്‌ നില്‍ക്കുകയും ചെയ്‌താലും 120 വോട്ടേ ആകൂ. മുസ്ലിം ലീഗ്‌, കേരള കോണ്‍ഗ്രസ്‌ എം കക്ഷികളുടെയും ജെഡി(എസ്‌), സിക്കിം ഡെമോക്രാറ്റിക്‌ ഫ്രണ്ട്‌, വൈഎസ്‌ആര്‍ കോണ്‍ഗ്രസ്‌ എന്നിവര്‍ കൂടി ചേര്‍ന്നാല്‍ 126 വോട്ടു കിട്ടും. ഇതില്‍ ഇടതുപക്ഷത്തിന്റെ നിലപാട്‌ ഒന്നുകില്‍ മമതയ്‌ക്ക്‌ അടിയറവ്‌, അല്ലെങ്കില്‍ പ്രതിപക്ഷ ഐക്യം പൊളിക്കല്‍ ആകും. രണ്ടായാലും ഹിമാലയന്‍ വിഡ്‌ഢിത്തവും.

സിപിഎം നേതാവ്‌ ജ്യോതി ബസുവിന്‌ പ്രധാനമന്ത്രി പദം കിട്ടാമായിരുന്നത്‌ നിഷേധിച്ച പാര്‍ട്ടി നിലപാടിനെയാണ്‌ ഹിമാലയന്‍ വിഡ്‌ഢിത്തമെന്ന്‌ രാഷ്‌ട്രീയ ചരിത്രം വിശേഷിപ്പിക്കുന്നത്‌. 

ബിജെപി പ്രതിപക്ഷ തന്ത്രം എന്തായാലും ഭരണമുനണിയുടെ അംഗം വിജയിക്കുമെന്ന കണക്കുകൂട്ടലിലാണ്‌. 1969 ലും 1977ലും ഒഴികെ കോണ്‍ഗ്രസാണ്‌ ഈ സ്ഥാനം കൈയടക്കിയിരുന്നത്‌. 1992 ല്‍ വളരെ തന്ത്രപരമായി ബിജെപി ഈ സ്ഥാനം നേടി. അന്ന്‌ പ്രതിപക്ഷത്തായിരുന്ന ബിജെപി സ്വതന്ത്ര സ്ഥാനാര്‍ഥിയായി നജ്‌മ ഹെപ്‌തുള്ളയെ പിന്തുണച്ചു. രേണുക ചൗധരിയായിരുന്നു ഭരണ മുന്നണി സ്ഥാനാര്‍ഥി. നജ്‌മ വിജയിച്ചു, 128 വോട്ടുനേടി. രേണുകയ്‌ക്ക്‌ 95 വോട്ടേ കിട്ടിയുള്ളു. നജ്‌മ അടുത്ത തെരഞ്ഞെടുപ്പുകാലത്ത്‌ ബിജെപിയില്‍ ചേര്‍ന്നു. ഇപ്പോള്‍ മണിപ്പൂര്‍ ഗവര്‍ണറാണ്‌. 

മമതയുടെ സ്ഥാനാര്‍ഥിയെ പിന്തുണയ്‌ക്കാന്‍ ബംഗാളിലെ കോണ്‍ഗ്രസ്‌ തയാറല്ല. അത്‌ കോണ്‍ഗ്രസിനെ പ്രശ്‌നത്തിലാക്കും. അതിനിടെയാണ്‌ സിപിഎം നിലപാട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.