സമരം കോടതി തടഞ്ഞു; ദല്‍ഹിയില്‍ മെട്രോ ഓടി

Saturday 30 June 2018 11:13 am IST

ന്യൂദല്‍ഹി: ദല്‍ഹി മെട്രോ ജീവനക്കാര്‍ ഇന്ന് തുടങ്ങാനിരുന്ന സമരം ഹൈക്കോടതി തടഞ്ഞു. 25 ലക്ഷത്തോളം യാത്രക്കാരെ സമരം ബാധിക്കുമെന്നും ജീവനക്കാര്‍ മുന്നറിയിപ്പ് നല്‍കിയില്ലെന്നും കാണിച്ച് ഡി‌എം‌ആര്‍‌സി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. സമരം പിന്‍‌വലിച്ചതായി ഡി‌എം‌ആര്‍‌സി സ്റ്റാഫ് കൌണ്‍സില്‍ അറിയിച്ചു. 

ശമ്പളവര്‍ദ്ധനവ് അടക്കം നിരവധി ആവശ്യങ്ങളുമായി ഡിഎംആര്‍സി ജീവനക്കാര്‍ സമരപ്രഖ്യാപനം നടത്തിയത്. എന്നാല്‍, നേരത്തെ പ്രഖ്യാപനം നടത്താതെ സമരം നടത്തുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ഹൈക്കോടതി നിരീക്ഷിക്കുകയായിരുന്നു. 9,000ത്തോളം വരുന്ന മെട്രോ ജീവനക്കാരാണ് ഇത്തരത്തില്‍ സമരം നടത്തുന്നത്.

പണിമുടക്ക് നോട്ടീസ് നല്‍കിയില്ലെന്നും ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ചൂണ്ടിക്കാണിച്ച കോടതി അന്തിമ ഉത്തരവ് ഉണ്ടാകുന്നത് വരെ പണിമുടക്ക് നടത്തരുതെന്നും ഉത്തരവിട്ടു. ഇതോടെ സര്‍വീസുകള്‍ തടസമില്ലാതെ നടക്കും. ട്രെയിന്‍ ഓപ്പറേറ്റര്‍മാര്‍, സ്റ്റേഷന്‍ കണ്‍ട്രോളര്‍മാര്‍, മറ്റ് ജീവനക്കാര്‍ തുടങ്ങിയവരാണ് സമരത്തില്‍ പങ്കാളികളാകാനിരുന്നത്. 

ജൂണ്‍ 19ന് ഇതേ ആവശ്യങ്ങളുന്നയിച്ച്‌ സൂചന പണിമുടക്ക് നടത്തിയിരുന്നു. ഇത് എല്ലാ മെട്രോ സര്‍വീസുകളെയും സാരമായി ബാധിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.