സ്പോര്‍ട്സ് മന്ത്രി എ. സി. മൊയ്തീന്‍ സര്‍ക്കാര്‍കാര്യങ്ങള്‍ ഒന്നും അറിയുന്നേയില്ല

Saturday 30 June 2018 2:57 pm IST
ബോക്സര്‍ മുഹമ്മദാലിയുടെ അനുശോചനത്തിന് പകരം നാട്ടിന്‍പുറത്തെ മുഹമ്മദാലിലെ അനുശോചിച്ച് നാണം കെട്ടതിനു പിറകേ, ബന്ധുനിയമന വിവാദംകൂടി വന്ന് സത്യപ്രതിജ്ഞാ ലംഘനത്തിനാണ് ജയരാജന്‍ കായിക വകുപ്പില്‍നിന്ന് ഒഴിയേണ്ടിവന്നത്. എ.സി. മൊയ്തീന് ചുമതല കൊടുക്കുംവരെ വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയനാണ് നോക്കിയിരുന്നത്.

കൊച്ചി: നിയമസഭയുടെ കഴിഞ്ഞ സമ്മേളനത്തില്‍ കായിക വകുപ്പുമന്ത്രി എ.സി. മൊയ്തീനോട് ബിജെപി എംഎല്‍എ ഓ. രാജഗോപാല്‍ ചോദിച്ച ചോദ്യത്തിന്റെ മറുപടി വായിച്ചാല്‍ മനസിലാകും, മന്ത്രി മൊയ്തീന്‍ ഒന്നും അറിയുന്നേയില്ല. മന്ത്രിയെ മറ്റു വകുപ്പു മന്ത്രിമാരോ, വകുപ്പ് ഉദ്യോഗസ്ഥരോ ഒന്നും അറിയിക്കുന്നില്ല, മന്ത്രിമൊയ്തീനോ സംസ്ഥാന ബജറ്റുപോലും വായിച്ചു നോക്കുന്നുമില്ല.

ജൂണ്‍ 12 ന് നിയമസഭയില്‍ വന്ന, 2443 ാം നമ്പര്‍ രേഖാമൂലം മറുപടിയും ചോദ്യവും ഇങ്ങനെ. ചോദ്യം: ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നേമം നിയോജക മണ്ഡലത്തില്‍ സ്പോര്‍ട്സുമായി ബന്ധപ്പെട്ട് പുതുതായി നടപ്പാക്കിയ പദ്ധതികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ?

മന്ത്രി എ.സി. മൊയ്തീന്റെ മറുപടി: ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നേമം നിയോജക മണ്ഡലത്തില്‍ സ്പോര്‍ട്സുമായി ബന്ധപ്പെട്ട് പ്രൊപ്പോസലുകള്‍ ഒന്നും ലഭിച്ചിട്ടില്ല. ആയതിനാല്‍ പുതുതായി പദ്ധതികളൊന്നും നടപ്പാക്കിയിട്ടില്ല.

ഈ ചോദ്യവും ഉത്തരവും സാമൂഹ്യ മാധ്യമങ്ങളില്‍ പരക്കെ പ്രചരിച്ചു. പലരും ചോദ്യം ചോദിച്ച ഓ. രാജഗോപാലിനെ പരിഹസിച്ചു. എന്നാല്‍, രണ്ടുവട്ടം, 12 വര്‍ഷം, രാജ്യസഭാംഗമായിരുന്ന, കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രിയായിരുന്ന, പാര്‍ലമെന്റിന്റെ അഷുറന്‍സ് കമ്മിറ്റി ചെയര്‍മാനായിരുന്ന രാജഗോപാല്‍ ചോദിച്ചതിനു പിന്നില്‍ വ്യക്തമായ ഉദ്ദേശ്യം ഉണ്ടായിരുന്നു. അത് ഇ.പി. ജയരാജന്‍ വീണപ്പോള്‍ അബദ്ധത്തില്‍ മന്ത്രിയായ എ.സി. മൊയ്തീനു മനസിലായില്ല. മന്ത്രിയുടെ ജീവനക്കാര്‍ക്കും പിടികിട്ടിയില്ല. ഫലമോ, മുഖ്യമന്ത്രിയും ധനമന്ത്രിയുമടക്കം പലര്‍ക്കും നാണക്കേടായി. ഒരുപക്ഷേ, സഭയെ തെറ്റിദ്ധരിപ്പിച്ചതിനു മന്ത്രിക്കെതിരേ അവകാശ ലംഘന നോട്ടീസിനുവരെ സാധ്യതയുയര്‍ന്നിരിക്കുകയാണ്. 

ബോക്സര്‍ മുഹമ്മദാലിയുടെ അനുശോചനത്തിന് പകരം നാട്ടിന്‍പുറത്തെ മുഹമ്മദാലിലെ അനുശോചിച്ച് നാണം കെട്ടതിനു പിറകേ, ബന്ധുനിയമന വിവാദംകൂടി വന്ന് സത്യപ്രതിജ്ഞാ ലംഘനത്തിനാണ് ജയരാജന്‍ കായിക വകുപ്പില്‍നിന്ന് ഒഴിയേണ്ടിവന്നത്. എ.സി. മൊയ്തീന് ചുമതല കൊടുക്കുംവരെ വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയനാണ് നോക്കിയിരുന്നത്. അന്ന്, 2017 ജനുവരി 24 ന് ഓ. രാജഗോപാല്‍ സ്പോര്‍ട്സ് മന്ത്രിയായ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ പറയുന്നതിങ്ങനെ: ''നേമം നിയോജക മണ്ഡലത്തില്‍ എസ്റ്റേറ്റ് വാര്‍ഡില്‍ സത്യന്‍ നഗര്‍ സ്റ്റേഡിയത്തില്‍ ആധുനിക സംവിധാനത്തോടെ സിന്തറ്റിക് ട്രാക് നിര്‍മിക്കുക.'' 2017-18 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദ്ദേശമായാണ് രാജഗോപാല്‍ കത്ത് നല്‍കിയത്. ആ വര്‍ഷത്തെ ബജറ്റില്‍ പദ്ധതി ഉള്‍പ്പെടുത്തി.

ഈ സാമ്പത്തിക വര്‍ഷത്തില്‍ ബജറ്റില്‍ ഉള്‍ക്കൊള്ളിക്കേണ്ട 50 പദ്ധതികള്‍ ആവശ്യപ്പെട്ട് ധനമന്ത്രി ഡോ. തോമസ് ഐസക് എല്ലാ എംഎല്‍എ മാര്‍ക്ക് 2018 ജനുവരിയില്‍ കത്തയച്ചിരുന്നു. ഇതിനുള്ള മറുപടിയില്‍ നേമം മണ്ഡലത്തില്‍ നടപ്പാക്കേണ്ട 50 പദ്ധതികളില്‍  കായിക വിഭാഗത്തില്‍ ഈ പദ്ധതി ആവര്‍ത്തിച്ചു. ധനമന്ത്രി രാജഗോപാലിന്റെ 50 പദ്ധതികളും ബജറ്റില്‍ ഉള്‍പ്പെടുത്തി. ഈ പദ്ധതിക്ക് ഒരു കോടി രൂപ എസ്റ്റിമേറ്റ് നിശ്ചയിക്കുകയും 100 രൂപ ടോക്കണ്‍ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. 

ഇതൊക്കെ ആയിട്ടും പദ്ധതി നടപ്പായിട്ടില്ല, തുടങ്ങാന്‍ തുടങ്ങിയിട്ടില്ല. ഈ സാഹചര്യത്തിലാണ് രാജഗോപാലിന്റെ ചോദ്യം. അതിന്റെ ഉത്തരം പറഞ്ഞ മന്ത്രി, ബജറ്റ് പഠിച്ചിട്ടില്ല, കണ്ടിട്ടില്ല, മുഖ്യമന്ത്രി അംഗീകരിച്ച, ധനമന്ത്രി പണം അനുവദിച്ച പദ്ധതിയെക്കുറിച്ച് കേട്ടിട്ടില്ല. സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ തമ്മിലുള്ള കോര്‍ഡിനേഷനും വകുപ്പു മന്ത്രിയുടെ സ്പോര്‍ട്സ് പോലുള്ള കാര്യങ്ങളിലെ നോട്ടക്കുറവും പിടിപ്പുകേടുമാണ് ഉത്തരത്തിലൂടെ വെളിവായിട്ടുള്ളത്. 

നിയമസഭയില്‍ വാക്കാല്‍ പറഞ്ഞ മറുപടിയാണെങ്കില്‍ മന്ത്രിക്ക് സൂക്ഷ്മ പരിശോധനയില്‍ ശരിയല്ലെന്നു കണ്ടതായി പറഞ്ഞ് തിരുത്താം. ഇത്പക്ഷേ രേഖാമൂലം എഴുതിത്തയാറാക്കിയ മറുപടിയാണ്. മന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന ആരോപണമുയര്‍ന്നാല്‍ മന്ത്രി വിയര്‍ക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.