കൃഷി: സന്തോഷത്തിനും സമ്പത്തിനും

Sunday 1 July 2018 2:19 am IST
മുറ്റത്ത് കിഴങ്ങുവര്‍ഗങ്ങളായ ചേന, ചേമ്പ്, കൂര്‍ക്ക, മഞ്ഞള്‍, ഇഞ്ചി എന്നിവ നിറഞ്ഞുനില്‍ക്കുന്നു. ഇതിന് പുറമേ ചീരയും പയറും വെള്ളരിയും തക്കാളിയും പാവലും, പടവലവും ചുരയ്ക്കയും കായ്ച്ചുനില്‍ക്കുന്നു. രണ്ടു വീടുകളിലെ മട്ടുപ്പാവുകളിലായി 3000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ടെറസുകളിലാണ് പ്രധാനമായും പച്ചക്കറി വിളയുന്നത്.

രമാദേവിക്ക് പച്ചക്കറി കൃഷി വരുമാനത്തിനുവേണ്ടി മാത്രമുള്ളതല്ല; മാനസികമായ ഉല്ലാസത്തിനു വേണ്ടിയുള്ള ഇടംകൂടിയാണ്. വീട്ടുമുറ്റത്തുനിന്ന് ആരംഭിച്ച കൃഷി ഇന്ന് വീടിന് ചുറ്റും ടെറസിന് മുകളില്‍ വരെ വ്യാപിപ്പിച്ചിരിക്കുകയാണ്. കോട്ടയം ജില്ലയില്‍ ചങ്ങനാശ്ശേരി താലൂക്കില്‍ പെരുന്ന സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിന് സമീപമുള്ള ആവണിയില്‍ കാര്‍ത്തിക വീട്ടില്‍ നിറയെ പച്ചക്കറിയാണ്.

മുറ്റത്ത് കിഴങ്ങുവര്‍ഗങ്ങളായ ചേന, ചേമ്പ്, കൂര്‍ക്ക, മഞ്ഞള്‍, ഇഞ്ചി എന്നിവ നിറഞ്ഞുനില്‍ക്കുന്നു. ഇതിന് പുറമേ ചീരയും പയറും വെള്ളരിയും തക്കാളിയും പാവലും, പടവലവും ചുരയ്ക്കയും കായ്ച്ചുനില്‍ക്കുന്നു. രണ്ടു വീടുകളിലെ മട്ടുപ്പാവുകളിലായി 3000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ടെറസുകളിലാണ് പ്രധാനമായും പച്ചക്കറി വിളയുന്നത്. ഓരോ പച്ചക്കറികളിലും ഇനങ്ങളുടെ വൈവിധ്യം പ്രകടമാണ്. ചീരയില്‍ത്തന്നെയുണ്ട് അഞ്ചോളം ഇനങ്ങള്‍. പപ്പായയും പേരയും മാതളനാരകവും ഉള്‍പ്പെടെയുള്ള ഫലങ്ങളും മട്ടുപ്പാവില്‍ തഴച്ചുവളരുന്നു. 

പൂര്‍ണ്ണമായും ജൈവവളങ്ങള്‍ ഉപയോഗിച്ച് വിളയിക്കുന്ന പച്ചക്കറി ചങ്ങനാശ്ശേരിയില്‍ ഇതിനകം വന്‍ഡിമാന്റ് നേടിയെടുത്തിട്ടുണ്ട്. തൊട്ടു സമീപം പച്ചക്കറിച്ചന്ത തന്നെയുണ്ടെങ്കിലും രമയുടെ ജൈവപച്ചക്കറിക്കാണ് ആവശ്യക്കാര്‍ ഏറെയും. ആവശ്യക്കാര്‍ എത്തുന്നതിന് അനുസരിച്ചാണ് വിളവെടുക്കുന്നത്.

ഇഞ്ചി, മഞ്ഞള്‍, വെണ്ട, തക്കാളി, പയര്‍ തുടങ്ങി ഒട്ടുമിക്ക പച്ചക്കറികളും ഉപഭോക്താക്കള്‍ തെന്നയാണ് പറിച്ചെടുക്കാറ്. പച്ചക്കറി തൂക്കി അവയുടെ വില വാങ്ങുന്ന ജോലിയാണ് പലപ്പോളും രമാദേവി ചെയ്യാറ്. ഇപ്പോള്‍ ഓണ സീസണിലേക്കുള്ള പച്ചക്കറികളുടെ കൃഷി ടെറസിലും മുറ്റത്തുമായി ആരംഭിച്ചിട്ടുണ്ട്. 

പച്ചക്കറികള്‍ക്ക് സ്വന്തമായി വളക്കൂട്ടും രമാദേവി നിര്‍മ്മിക്കുന്നു. ജൈവവളത്തിന്റെ വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് സ്വന്തം നിലയ്ക്കു വളം നിര്‍മ്മിക്കാന്‍ തുടങ്ങിയത്. വളക്കൂട്ട് തയ്യാറാക്കുന്നത് ഇങ്ങനെ: അഞ്ചുകിലോ വീതം പച്ചച്ചാണകം, മൂന്ന് കിലോ വീതം പച്ചിലയും കപ്പലണ്ടിപ്പിണ്ണാക്കും വേപ്പിന്‍പിണ്ണാക്കും കലര്‍ത്തി 10 ദിവസം പുളിപ്പിക്കുന്നു. തുടര്‍ന്ന് ഇതില്‍ 250 ഗ്രാം കുമ്മായം കലര്‍ത്തി അഞ്ചു ദിവസം വയ്ക്കും. ഇതിനുശേഷം പച്ചക്കറികള്‍ക്ക് വളമായി ഉപയോഗിക്കുന്നു. കൂടാതെ ഫിഷ് അമിനോയും ഉണ്ടാക്കി ഉപയോഗിക്കുന്നുണ്ട്. ചട്ടികള്‍ നിറയ്ക്കുന്നത് ചകിരിച്ചോറിന്റെയും കരിയിലപ്പൊടിയുടെയും മിശ്രിതം ഉപയോഗിച്ചാണ്. 

കീടനാശിനിയും സ്വയം നിര്‍മ്മിക്കുന്നു. 500 ഗ്രാം വേപ്പിന്‍പിണ്ണാക്ക് അഞ്ച് ലിറ്റര്‍ വെള്ളം ചേര്‍ത്ത് അതില്‍ മൂന്ന് തുടം വെളുത്തുള്ളി അരച്ചുചേര്‍ക്കുന്നു. ഇത് ഒരു രാത്രി വച്ചശേഷം പിറ്റേന്ന് മൂന്ന് തുള്ളി വേപ്പെണ്ണ കലര്‍ത്തി തളിച്ച് കീടങ്ങളെ അകറ്റും. 

പച്ചക്കറികള്‍ ഗ്രോബാഗില്‍ നട്ടുവളര്‍ത്തിയ ശേഷം തൈപ്പരുവത്തിലും കായ്ക്കുന്ന പരുവത്തിലും വില്‍പ്പന നടത്തുന്നുണ്ട്. ഇങ്ങനെ വില്‍ക്കുന്നവയ്ക്ക് അഞ്ചു രൂപ മുതല്‍ വളര്‍ച്ചയുടെ വിവിധ പാകങ്ങള്‍ക്ക് അനുസരിച്ച് 140 രൂപ വരെ ലഭിക്കാറുണ്ട്. വിവിധയിനം ഫലവര്‍ഗങ്ങളുടെ തൈകളും വില്‍ക്കുന്നുണ്ട്. പച്ചക്കറികള്‍ ഗാര്‍ഡന്‍ ഫ്രഷായി വാങ്ങാന്‍ നിരവധിയാള്‍ക്കാര്‍ എത്തുന്നുണ്ടെന്നും ഇതില്‍ നിന്നുമാത്രം മാസം 15000 രൂപയോളം വരുമാനം ലഭിക്കുന്നുണ്ടെന്നും രമാദേവി പറഞ്ഞു. മക്കളായ കാര്‍ത്തികയും അഭിമന്യുവും കൃഷിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നു. ഫോണ്‍: 9446468569

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.