തണ്ണീര്‍ത്തട സംരക്ഷണ ഭേദഗതി സിപിഐയില്‍ കലാപം

Sunday 1 July 2018 2:35 am IST

ആലപ്പുഴ: നെല്‍വയല്‍-തണ്ണീര്‍ത്തട നിയമത്തിന്റെ പ്രസക്തി പോലും ഇല്ലാതാക്കി ഭേഗദതി പാസാക്കിയതിനെതിരെ സിപിഐയില്‍ കലാപം. ഭേദഗതി നിയമസഭ പാസ്സാക്കിയ ദിവസം പ്രകൃതി ചതിക്കപ്പെട്ട ദിനമാണെന്നാണ് ജനയുഗം ഡെപ്യൂട്ടി കോര്‍ഡിനേറ്റിങ് എഡിറ്റര്‍ ഗീത നസീര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിച്ചത്. 

'നെല്‍വയല്‍ തണ്ണീര്‍ത്തട നിയമമുണ്ടാക്കാന്‍ ഉറക്കമൊഴിഞ്ഞ രാത്രികള്‍ വൃഥാവിലായി. 2008ല്‍ സിപിഐക്ക് വിജയിക്കാനായെങ്കില്‍ ഇപ്പോള്‍ പരാജയപ്പെട്ടു. മരമെന്ന പേരില്‍ ഉയര്‍ന്നു നില്‍ക്കുന്ന എന്തും മുറിച്ചുമാറ്റുന്ന വികസന അപ്പോസ്തലന്മാരുടെ സമന്മാരായി നമ്മളും മാറി. മരമുണ്ടായിട്ടാണോ കടലില്‍ മഴ പെയ്യുന്നത് എന്ന് ചോദിച്ചപോലെ തരിശ് നെല്‍വയല്‍ തരിശാക്കി വികസനത്തെ ശ്വാസം മുട്ടിക്കുന്നത് ശരിയാണോ എന്ന് ചോദിക്കുന്ന ഉറവകളെ പറ്റിയൊന്നും ചിന്തയില്ലാത്ത അഭിനവ സീതിഹാജിമാരോട് എന്ത് പറയാന്‍. എല്ലാ ആരാച്ചാര്‍മാര്‍ക്കും കൈ തരിക്കുന്ന കാലം.  കാറല്‍ മാര്‍ക്സൊക്കെ പലതും പറയും, വികസനവിരോധി, പ്രായോഗിക രാഷ്ട്രീയം വല്ലതും അങ്ങേര്‍ക്കു അറിയോ' തുടങ്ങി അതിരൂക്ഷ വിമര്‍ശനമാണ് ഗീത തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ സിപിഐ നേതാക്കള്‍ക്കെതിരെ നടത്തിയിരിക്കുന്നത്. 

പാര്‍ട്ടി അണികളിലും നേതാക്കള്‍ക്കിടയിലും കടുത്ത അമര്‍ഷമാണ് നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം അട്ടിമറിക്കാന്‍ സിപിഎമ്മിന് കൂട്ടുനിന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും,  മന്ത്രിമാര്‍ക്കും എതിരെ ഉയരുന്നത്. മുന്‍ സെക്രട്ടറിമാരായ വെളിയം ഭാര്‍ഗവനെയും, സി.കെ. ചന്ദ്രപ്പനെയും പോലും ഇപ്പോഴത്തെ നേതൃത്വം പരിഹാസ്യരാക്കിയെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. 

 ഈ നിയമത്തിന്റെ പ്രസക്തി തന്നെ ഇല്ലാതാക്കുന്ന നടപടിയിലൂടെ അവശേഷിക്കുന്ന നെല്‍പ്പാടങ്ങളും തണ്ണീര്‍ത്തടങ്ങളും ഇല്ലാതാകും. ഇപ്പോള്‍ തന്നെ നെല്‍കൃഷി ഗുരുതരമായ നിലയില്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 2015-16ല്‍ 1,96,870 ഹെക്ടര്‍ നെല്‍കൃഷി ഉണ്ടായിരുന്നു. 2016-17 ആയപ്പോഴേക്കും 1,71,398 ഹെക്ടറായി കുറഞ്ഞു. അതുതന്നെ വീണ്ടും കുറഞ്ഞു കൊണ്ടിരിക്കുന്ന ദുരവസ്ഥയാണ് ഇപ്പോഴുള്ളത്. 1975-76ല്‍ 8.76 ലക്ഷം ഹെക്ടര്‍ ഉണ്ടായിരുന്ന സ്ഥാനത്താണ് ഈ വന്‍ കുറവ് വന്നതെന്ന് ഓര്‍ക്കേണ്ടതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.