ചരടുവലി തുണച്ചു;എം.എം. വര്‍ഗ്ഗീസ് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി

Sunday 1 July 2018 2:35 am IST

തൃശൂര്‍: സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയായി എം.എം. വര്‍ഗ്ഗീസ് തെരഞ്ഞടുക്കപ്പെട്ടു. ഔദ്യോഗിക പക്ഷം നിര്‍ദ്ദേശിച്ച യു.പി. ജോസഫിനെതിരെ സംസ്ഥാന സെക്രട്ടറിയേറ്റംഗം ബേബിജോണിന്റെ നേതൃത്വത്തിലുള്ള വിഭാഗം നിലപാട് കടുപ്പിച്ചതോടെയാണ് വര്‍ഗീസിന് നറുക്ക് വീണത്. സംസ്ഥാന കമ്മിറ്റിയംഗം എന്‍.ആര്‍. ബാലന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റിയോഗമാണ് വര്‍ഗ്ഗീസിനെ തെരഞ്ഞെടുത്തത്.

കെ. രാധാകൃഷ്ണന്‍ കേന്ദ്രക്കമ്മിറ്റിയംഗമായതോടെ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞിരുന്നു. യു.പി. ജോസഫ് പാര്‍ട്ടിയില്‍ ജൂനിയറാണെന്നും ബാബു പാലിശ്ശേരിയോ എം.എം. വര്‍ഗീസോ ജില്ലാ സെക്രട്ടറിയാകണമെന്നും ബേബി ജോണ്‍ ആവശ്യപ്പെട്ടു. എ.സി. മൊയ്തീന്‍-കെ. രാധാകൃഷ്ണന്‍ വിഭാഗമാണ് ജോസഫിനു വേണ്ടി ചരടുവലിച്ചത്. ഇ.പി. ജയരാജന്റെ പിന്തുണയും ഇവര്‍ക്കുണ്ടായിരുന്നു. എന്നാല്‍, കഴിഞ്ഞദിവസം നേതൃയോഗത്തിനിടെ ജയരാജന്‍ കുഴഞ്ഞുവീണ് ആശുപത്രിയിലായതോടെ ബേബി ജോണ്‍ വിഭാഗം നീക്കം സജീവമാക്കി. പാലിശ്ശേരിയെ സെക്രട്ടറിയാക്കാന്‍ അനുവദിക്കില്ലെന്ന ഉറച്ചനിലപാടിലായിരുന്നു മൊയ്തീനും രാധാകൃഷണനും. അതോടെ വര്‍ഗീസിന് നറുക്ക് വീഴുകയായിരുന്നു.   

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്രകമ്മിറ്റിയംഗം കെ. രാധാകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബി ജോണ്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ മന്ത്രി എ.സി. മൊയ്തീന്‍, പി.കെ. ബിജു എംപി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.