കോടതി ഉത്തരവിന് പുല്ലുവില ; കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍ സിപിഎം അനുകൂല യൂണിയന്റെ പ്രവര്‍ത്തനം

Sunday 1 July 2018 2:36 am IST

കൊച്ചി: ഹൈക്കോടതി ഉത്തരവ് മറികടന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍ സിപിഎം അനുകൂല യൂണിയന്റെ പ്രവര്‍ത്തനം. ഹൈക്കോടതി ഉത്തരവ് പ്രകാരം ദേവസ്വം ബോര്‍ഡില്‍ ഒരു സംഘടനയ്ക്കു മാത്രമാണ്  അനുമതി. കൊച്ചിന്‍ ദേവസ്വം എംപ്ലോയീസ് കോണ്‍ഗ്രസ്സി (സിഡിഇസി)ന്.

 നവംബറില്‍ സിഡിഇസിയുടെ കാലാവധി പൂര്‍ത്തിയാകും. തുര്‍ടന്ന്  നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിക്കുന്ന സംഘടനയ്ക്കാണ് പിന്നീടുള്ള അഞ്ചുവര്‍ഷം ദേവസ്വം ബോര്‍ഡില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി.  സിപിഎം യൂണിയനായ സിഡിഇഒ ദേവസ്വം ബോര്‍ഡ് പാര്‍ട്ടി ഓഫീസ് ആക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. പ്രവര്‍ത്താനുമതിയില്ലാത്ത സംഘടനയാണെങ്കിലും ബോര്‍ഡിനുള്ളില്‍ മെമ്പര്‍ഷിപ്പ് വിതരണവും പണപ്പിരിവുമടക്കം നടത്തുന്നുണ്ട്. ഇതിന്  ദേവസ്വം ബോര്‍ഡ്  ഒത്താശ ചെയ്തു നല്‍കുകയാണ്.

കഴിഞ്ഞ ദിവസം സിഡിഇഒ തിരുവഞ്ചിക്കുളം ഗ്രൂപ്പിന്റെ പ്രത്യേക ആദരിക്കല്‍ പരിപാടിയും ചികിത്സാ സഹായ വിതരണവും നടത്തി.  പരിപാടിയില്‍  ബോര്‍ഡ് പ്രസിഡന്റ് എം.കെ. സുദര്‍ശനനും  അംഗം ഉണ്ണികൃഷ്ണനും പങ്കെടുത്തത് ബോര്‍ഡ് സംഘടനയ്ക്കു നല്‍കുന്ന പിന്തുണ വെളിവാക്കുന്നു.   റിക്രൂട്ട്‌മെന്റ് ബോര്‍ഡിനെ നോക്കുകുത്തിയാക്കി നടത്തുന്ന അനധികൃത നിയമനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് സിഡിഇഒ ആണ്.  250ല്‍ അധികം അനധികൃത നിയമനങ്ങളാണ് നിലവിലെ ഭരണ സമിതിയുടെ കാലത്ത് നടത്തിയിരിക്കുന്നത്. 

ബോര്‍ഡ് ഉദ്യോഗസ്ഥയെ വാട്ട്‌സ്അപ്പിലൂടെ സിഡിഇഒ യൂണിയന്‍ നേതാവ് ആക്ഷേപിച്ചിരുന്നു. ഇതിനെതിരെ ജീവനക്കാരി പരാതി നല്‍കുകയും ചെയ്തു. സംഭവത്തില്‍ കുറ്റക്കാരനായി കണ്ടെത്തിയത് ഉത്രാളിക്കാവ് പള്ളിമണ്ണ ക്ഷേത്രത്തിലെ കഴകം ജീവനക്കാരനും യൂണിയന്‍ കേന്ദ്ര കമ്മിറ്റി അംഗമായ സി.പി. രാജയെയായിരുന്നു. രാജയെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചെങ്കിലും യൂണിയന്റെയും പാര്‍ട്ടിയുടെയും  നിര്‍ദ്ദേശത്തെതുടര്‍ന്ന് ബോര്‍ഡിന് തീരുമാനം റദ്ദ് ചെയ്യേണ്ടി വന്നു. സമാന വിഷയത്തില്‍ മറ്റൊരു കേന്ദ്ര കമ്മിറ്റി അംഗമായ ഉല്ലാസിനെതിരെയും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാല്‍, പാര്‍ട്ടിനിര്‍ദ്ദേശത്തെ തുടര്‍ന്ന് അന്വേഷണം പൂര്‍ത്തിയാക്കിയില്ല. 

പരാതിക്കാരിയെ പ്രതികാരനടപടിയെന്ന നിലയില്‍ ദേവസ്വം ബോര്‍ഡ് സ്ഥലം മാറ്റി. വിജിലന്‍സിന് പോലും കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്കെതിരെ ഉണ്ടായ പരാതികളില്‍ വിജിലന്‍സ് അന്വേഷിച്ച റിപ്പോര്‍ട്ട് ബോര്‍ഡിന് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും വെളിച്ചം കണ്ടിട്ടില്ല. 

സാനു കെ. സജീവ്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.