സ്ഥിരം സമിതി തെരഞ്ഞെടുപ്പ് ; പാലക്കാട് നഗരസഭയില്‍ സിപിഎം - കോണ്‍ഗ്രസ് പങ്കുകച്ചവടം

Sunday 1 July 2018 2:40 am IST

പാലക്കാട്: നഗരസഭയിലെ  സ്ഥിരം സമിതി തെരഞ്ഞെടുപ്പില്‍ സിപിഎമ്മും - കോണ്‍ഗ്രസും നടത്തിയ പങ്കുകച്ചവടം പൂര്‍ത്തിയായി. വികസനകാര്യ സ്ഥിരം സമിതിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥി വിട്ടുനിന്നതോടെ ലീഗ് പ്രതിനിധി എം.സഹീദ വിജയിച്ചു. അവിശ്വാസ പ്രമേയത്തിലൂടെ സ്ഥാനം നഷ്ടപ്പെട്ട സ്ഥിരം സമിതി അധ്യക്ഷ ബേബി ചന്ദ്രനായിരുന്നു ബിജെപി സ്ഥാനാര്‍ഥി. യുഡിഎഫ് സ്ഥാനാര്‍ത്ഥിതന്നെ ഒപ്പ് തെറ്റിച്ചിട്ടും ഏകപക്ഷീയമായി വിജയം പ്രഖ്യാപിച്ച വരണാധികാരിയുടെ നിലപാടിനെതിരെ ബിജെപി കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു.  

ബിജെപിക്കും യുഡിഎഫിനും നാലംഗങ്ങള്‍ വീതവും സിപിഎമ്മിന് ഒരംഗവുമാണ് ഉണ്ടായിരുന്നത്. ബിജെപിയിലെ എസ്.പി.അച്യുതാനന്ദന്‍ ബാലറ്റ് പേപ്പറില്‍ ഒപ്പ് രേഖപ്പെടുത്താതെ തിരിച്ചുകൊടുത്തതിനാല്‍ ഈ വോട്ട് അസാധുവായി. ഈ ബാലറ്റ് അസാധുവായി പ്രഖ്യാപിക്കണമെന്ന ബിജെപിയുടെ ആവശ്യം വരണാധികാരി കെ.ശ്രീധരന്‍ വാര്യര്‍ അംഗീകരിച്ചില്ല.  

വിദ്യാഭ്യാസ സ്ഥിരം സമിതി തിരഞ്ഞെടുപ്പില്‍ മുന്‍ സ്ഥിരം സമിതി അധ്യക്ഷ കെ.ദിവ്യതന്നെയാണ് ബിജെപിക്കുവേണ്ടി മത്സരിച്ചത്. സിപിഎമ്മിന്റ ഏക അംഗം സുജാത ബാലറ്റ് പേപ്പര്‍ വാങ്ങാതെ സഹായിച്ചതോടെ യുഡിഎഫിലെ ടി.സുഭദ്ര വിജയിച്ചു. നേരത്തെ നടന്ന ക്ഷേമകാര്യ, പൊതുമരാമത്തു സ്ഥിരംസമിതികളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ സിപിഎം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിരുന്നു. ഇക്കുറി അവര്‍ വിട്ടുനിന്നു യുഡിഎഫിനെ സഹായിക്കുകയായിരുന്നു. ഇതോടെ രണ്ടുവീതം സ്ഥിരം സമിതികള്‍ യുഡിഎഫും സിപിഎമ്മും പങ്കിട്ടെടുത്തു.

ബിജെപി കൗണ്‍സിലറെ സസ്‌പെന്റ് ചെയ്തു

സ്ഥിരം സമിതി തെരഞ്ഞെടുപ്പില്‍ ഒപ്പ് രേഖപ്പെടുത്താതെ ബാലറ്റ് പേപ്പര്‍ തിരിച്ചുകൊടുത്ത ബിജെപി കൗണ്‍സിലര്‍ക്കെതിരെ പാര്‍ട്ടി നടപടി. 22-ാം വാര്‍ഡ് കൗണ്‍സിലര്‍ എസ്.പി.അച്യുതാനന്ദനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്തില്‍നിന്ന് അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തതായി ജില്ലാ അധ്യക്ഷന്‍ ഇ.കൃഷ്ണദാസ് അറിയിച്ചു. അച്യുതാനന്ദന്റെ നടപടിയിലൂടെ തെരഞ്ഞെടുപ്പില്‍ ടോസ് നേടി വിജയിക്കാനുള്ള ബിജെപിയുടെ അവസരം നഷ്ടമായിരുന്നു. അന്വേഷണത്തിനു ശേഷം തുടര്‍ നടപടികളുണ്ടാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.