പോലീസ് അസോസിയേഷന്‍ യോഗത്തില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്

Sunday 1 July 2018 2:41 am IST

തിരുവനന്തപുരം: പോലീസ് അസോസിയേഷന്‍ യോഗത്തില്‍  മാധ്യമങ്ങള്‍ക്ക് വിലക്ക്. പേരൂര്‍ക്കടയിലെ എസ്എപി ക്യാമ്പില്‍ നടന്ന ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി പങ്കെടുത്ത ചടങ്ങില്‍ നിന്നാണ് മാധ്യമങ്ങളെ വിലക്കിയത്. വിരമിച്ച ഉദ്യോഗസ്ഥര്‍ക്ക് യാത്രയയപ്പ് നല്‍കാന്‍ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷനും പോലീസ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിലാണ് മാധ്യമങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചത്. ഇന്നലെ രാവിലെ 11ന് എസ്എപി ക്യാമ്പില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരെ കാവല്‍ക്കാര്‍ ആട്ടിപ്പായിക്കുകയായിരുന്നു. 

മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങള്‍ പ്രവേശന കവാടത്തില്‍ തന്നെ പോലീസുകാര്‍ തടഞ്ഞു. പരിപാടിയില്‍ മാധ്യമങ്ങളെ പ്രവേശിപ്പിക്കേണ്ടെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞിരിക്കുന്നത്. ഡെപ്യൂട്ടി സ്പീക്കറല്ല ആരുവന്നാലും ഇവിടുത്തെ കാര്യങ്ങള്‍ തങ്ങള്‍ തീരുമാനിക്കും. ഇതായിരുന്നു പാറാവുകാരന്റെ മറുപടി. വിരമിച്ച ഉദ്യോഗസ്ഥര്‍ പൂര്‍വകാല അനുഭവങ്ങള്‍ വിവരിക്കുന്നതും  അമര്‍ഷം പ്രകടിപ്പിക്കുന്നതും അസോസിയേഷനിലെ ഗ്രൂപ്പ് മറനീക്കി പുറത്തുവരുമെന്നതിനാലുമാണ് മാധ്യമങ്ങളെ അകറ്റിനിര്‍ത്താന്‍ തീരുമാനിച്ചത്.

അടുത്തകാലത്തുണ്ടായ ചില വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇത്തരം പരിപാടികളില്‍ മാധ്യമങ്ങളെ പങ്കെടുപ്പിച്ച് സേനയെ കൂടുതല്‍ വിവാദത്തിലേക്ക് തള്ളിയിടേണ്ടാ എന്ന ഭൂരിപക്ഷ അംഗങ്ങളുടെ തീരുമാനത്തെ തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തിയതെന്നാണ് വിവരം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.