ലൈംഗിക വിവാദത്തില്‍ കത്തോലിക്കാ സഭ; പോപ്പ് മാപ്പു പറഞ്ഞ് മടുത്തു

Sunday 1 July 2018 2:50 am IST

റോം; കത്തോലിക്കാ സഭയില്‍ ലൈംഗിക പീഡനങ്ങളും ബാലപീഡനങ്ങളും ലോകമെങ്ങും വ്യാപകമായിട്ടുണ്ട്. ഇതുയര്‍ത്തുന്ന വിവാദങ്ങളും രോഷവും സഭയെ കുറച്ചുകാലമായി വെട്ടിലാക്കിയിരിക്കുകയാണ്. തുടര്‍ന്ന് മാര്‍പ്പാപ്പ തന്നെ മാപ്പു പറയേണ്ടിയും വന്നിട്ടുണ്ട്. യൂറോപ്പ്, ഇറ്റലി, അമേരിക്ക, ചിലി, ലാറ്റിനമേരിക്ക,  ആഫ്രിക്ക, ആസ്‌ട്രേലിയ, ന്യൂസീലാന്‍ഡ്, കാനഡ തുടങ്ങി മിക്ക രാജ്യങ്ങളിലും കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട് ലൈംഗിക വിവാദം അതിശക്തമാണ്. നിരവധി സംഭവങ്ങളാണ് ഇതോടനുബന്ധിച്ച് ഉണ്ടായിട്ടുള്ളതും. അനവധി കേസുകളും ഇതുമായി ബന്ധപ്പെട്ടുണ്ട്. അമേരിക്കയില്‍ 4392 കത്തോലിക്കാ വികാരിമാരാണ് ലൈംഗിക പീഡനങ്ങളിലും ബാല പീഡനങ്ങളിലും ആരോപണ വിധേയരായിട്ടുണ്ട്. ഫിലിപ്പൈന്‍സില്‍ ഇരുനൂറിലേറെ വികാരിമാര്‍ക്കെതിരെയാണ് ആരോപണം ഉയര്‍ന്നത്.

ചിലിയില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ 32 ബിഷപ്പുമാരുടെ യോഗം വിളിച്ച്് ബിഷപ്പുമാരുടെയും വികാരിമാരുടെയും ലൈംഗിക പീഡനക്കേസുകള്‍ ചര്‍ച്ച ചെയ്തിരുന്നു.ഒടുവില്‍ ഇനി സഭയില്‍, ബിഷപ്പുമാരും വികാരിമാരും ഉള്‍പ്പെടുന്ന ഇത്തരം കേസുകളോട് ഒരു സഹിഷ്ണുതയും വേണ്ടെന്നും കടുത്ത നടപടി എടുക്കണമെന്നും മാര്‍പ്പാപ്പ സഭയിലെ ബിഷപ്പുമാര്‍ക്ക് കത്തയക്കുകയംു ചെയ്തിരുന്നു.

ആസ്‌ട്രേലിയയില്‍ ആര്‍ച്ച് ബിഷപ്പ് കുറ്റക്കാരന്‍

അഡിലെയ്ഡ്: ആസ്‌ട്രേലിയയില്‍ വികാരി കുട്ടികളെ പീഡിപ്പിച്ചത് മുക്കിയ ആര്‍ച്ച് ബിഷപ്പിനെ കുറ്റക്കാരനായി വിധിച്ചത് ഇക്കഴിഞ്ഞ മെയ് മാസത്തിലാണ്. അഡിലെയ്ഡ് ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് വില്‍സന്‍ കുറ്റവാളിയാണെന്നാണ് കോടതി കണ്ടെത്തിയത്.രണ്ടു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്.70കളിലായിരുന്നു സംഭവം. ജയിംസ് ഫ്‌ളച്ചര്‍ എന്ന വികാരിയാണ് ഒന്‍പതു കുട്ടികളെ പീഡിപ്പിച്ചത്. ഇയാളെ കുറ്റക്കാരനെന്നു കണ്ട് 2004ല്‍ കോടതി ശിക്ഷിച്ചു. 2006ല്‍ ഇയാള്‍ ജയിലില്‍ കിടന്നാണ് മരിച്ചത്. ഈ പരാതികള്‍ മുക്കിയ കേസിലാണ് 69 കാരനായ ആര്‍ച്ച് ബിഷപ്പ് കുടുങ്ങിയത്.

ആസ്‌ട്രേലിയയിലെ വികാരിമാരില്‍ കുറഞ്ഞത് ഏഴു ശതമാനം പേരെങ്കിലും കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന  ആരോപണം നേരിടുന്നവരാണെന്നാണ് കണ്ടെത്തല്‍. 80 മുതല്‍ 2015വരെ 40440 കുട്ടികളാണ് വികാരിമാരുടെ പീഡനങ്ങള്‍ക്ക് ഇരയായതെന്നാണ് സഭയുടെ റിപ്പോര്‍ട്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.