ഫാ. കോട്ടൂര്‍ മുതല്‍ വടക്കുംചേരിവരെ; ഫാ. ഫിഗറസ് മുതല്‍ സിസ്റ്റര്‍ സെഫി വരെ

Sunday 1 July 2018 2:53 am IST

കൊച്ചി: വിദേശ കത്തോലിക്കാ സഭയില്‍ നിന്ന് വ്യത്യസ്ഥമല്ല കേരളത്തിലെ കത്തോലിക്കാ സഭയും. നിരവധി ലൈംഗിക ആരോപണക്കേസുകളാണ് സഭയെ വേട്ടയാടുന്നത്. അതില്‍ സിസ്റ്റര്‍ അഭയ കൊലക്കേസാണ് ഏറ്റവും പ്രധാനം. കോട്ടയം നഗരമധ്യത്തിലെ പയസ് ടെന്‍ത്ത് കോണ്‍വെന്റിലെ അന്തേവാസിയായിരുന്നു സിസ്റ്റര്‍ അഭയ. പുലര്‍ച്ചെ പഠനത്തിനിടെ കുടിവെള്ളമെടുക്കാന്‍ എത്തിയപ്പോള്‍, സിസ്റ്റര്‍  സെഫിയും ഫാ. തോമസ് കോട്ടൂരും ഫാ. ജോസ് പുതൃക്കയിലും തമ്മിലുള്ള അവിശുദ്ധ ബന്ധം കണ്ടതിനെത്തുടര്‍ന്ന് സിസ്റ്റര്‍ അഭയെ തലക്കടിച്ചുകൊന്ന് കിണറ്റിലിട്ടുവെന്നാണ് കേസ്.

കേസില്‍ അടുത്തിടെ ഫാ. പുതൃക്കയിനെ  വിചാരണ േകാടതി കുറ്റവിമുക്തനാക്കിയെങ്കിലും സിബിഐ അപ്പീല്‍ നല്‍കിയിരിക്കുകയാണ്. രണ്ടു പതിറ്റാണ്ടിലേറെയായി നീണ്ട കേസ് കേരളത്തിലെ കത്തോലിക്കാ സഭയെ നാണക്കേടിന്റെ പടുകുഴിയിലാക്കിയിരുന്നു. അതിനു ശേഷവും നിരവധി ആരോപണങ്ങള്‍ സഭക്കെതിരെ ഉയര്‍ന്നു. സമീപകാലത്തുണ്ടായ രണ്ട് സംഭവങ്ങളാണ് പുത്തന്‍വേലിക്കര, കൊട്ടിയൂര്‍ പീഡനങ്ങള്‍.

കൊട്ടിയൂര്‍ പീഡനം

കണ്ണൂര്‍ കൊട്ടിയൂര്‍ നീണ്ടുനോക്കി പള്ളി വികാരി റോബിന്‍ വടക്കുംചേരിയാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. പെണ്‍കുട്ടി 2017 ഫെബ്രുവരി ഏഴിന്   സഭയുടെ നേതൃത്വത്തില്‍ നടത്തുന്ന കൂത്തുപറമ്പ് തൊക്കിലങ്ങാടി ക്രിസ്തുരാജ ഹോസ്പിറ്റലില്‍ പ്രസവിക്കുകയും ചെയ്തു. പ്രസവിച്ച ദിവസം തന്നെ കുഞ്ഞിനെ വയനാടിലെ അനാഥ മന്ദിരത്തിലേക്ക് മാറ്റി. വളരെ വിദഗ്ദമായി മൂടിവെച്ച സംഭവം ഒരു അജ്ഞാതന്റെ ഫോണ്‍ വിളിയിലൂടെയാണ് പുറം ലോകമറിഞ്ഞത്. 

വയനാട് ശിശുക്ഷേമ സമിതി മുന്‍ അധ്യക്ഷന്‍ ഫാ. തോമസ് ജോസഫ് തേരകം, ശിശുക്ഷേമ സമിതി അംഗമായിരുന്ന ഡോ. സിസ്റ്റര്‍ ബെറ്റി ജോസ്, ക്രിസ്തുരാജ ഹോസ്പിറ്റലിലെ ഗൈനക്കോളജി വിഭാഗം ഡോക്റ്റര്‍ സിസ്റ്റര്‍ ടെസ്സി ജോസ്, ശിശുരോഗ വിദഗദന്‍ ഡോ.ഹൈദര്‍ അലി, ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ആന്‍സി മാത്യു,  നവജാത ശിശുവിനെ പ്രവേശിപ്പിച്ച അനാഥാലയ മേധാവി സിസ്റ്റര്‍ ഒഫീലിയ, ഇരിട്ടിയിലെ കല്ലുമുട്ടി എന്നിവിടങ്ങളിലെ ക്രിസ്തുദാസി കോണ്‍വെന്റുകളിലെ സിസ്റ്റര്‍മാരായ ലിസ് മറിയ, അനീറ്റ  ഇവരുടെ സഹായി തങ്കമ്മ നെല്ലിയാനി എന്നിവരാണ് പ്രതികള്‍. വിവരം മൂടിവച്ചതാണ്   വയനാട് ശിശുക്ഷേമ സമിതി അദ്ധ്യക്ഷന്‍ ഫാ. തോമസ് തേരകത്തിനും മറ്റു നാലോളം കന്യാസ്ത്രീകള്‍ക്കും എതിരെയുള്ള കേസ്സിന്റെ അടിസ്ഥാനം. ഡിഎന്‍എ ടെസ്റ്റില്‍ കുഞ്ഞ് ഫാദര്‍ റോബിന്റെതാണെന്ന് തെളിഞ്ഞിരുന്നു. ഒന്നാം പ്രതി ഫാ. റോബിന്‍ വടക്കുംചേരി ഇപ്പോഴും ജയിലിലാണ്.

ഫാ. എഡ്വിന്‍ ഫിഗറസ്

എറണാകുളം പുത്തന്‍വേലിക്കരയില്‍ പതിനാലു വയസ്സുള്ള പെണ്‍കുട്ടിയെ പള്ളി മേടയില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത് ക്രൈസ്തവ പുരോഹിതനായിരുന്നു. റോമന്‍ കത്തോലിക്കാ സഭയുടെ കോട്ടപ്പുറം രൂപതയ്ക്ക് കീഴിലുള്ളപുത്തന്‍ വേലിക്കര ലൂര്‍ദ്ദ് മാതാ പള്ളിയില്‍ 2016 ഏപ്രിലിലായിരുന്നു സംഭവം. പുരോഹിതന്‍ കുട്ടിയെ ഇടയ്ക്കിടെ പള്ളിമേടയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതില്‍ സംശയം തോന്നിയ അമ്മ ചോദിച്ചപ്പോഴാണ് പീഡന വിവരം കുട്ടി പറയുന്നത്.  

പോലീസ് അന്വേഷണത്തിനൊടുവില്‍ പുരോഹിതന്‍ എഡ്വിന്‍ ഫിഗറസ് കുറ്റക്കാരനാണെന്ന് തെളിഞ്ഞു. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെയുള്ള കേസ് പരിഗണിക്കുന്ന എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി വൈദികനെ ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിച്ചു. 2016 ഡിസംബറിലായിരുന്നു ശിക്ഷ വധിച്ചത്. പുരോഹിതന്‍ വഞ്ചിച്ചത് വിശ്വാസി സമൂഹത്തെയാണെന്ന് കോടതി വിധി ന്യായത്തില്‍ പറഞ്ഞിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.