സര്‍ക്കാര്‍ ഭൂമി കൈയ്യേറി സിപിഎംകെട്ടിടം പണിയുന്നു

Sunday 1 July 2018 3:00 am IST

കാസര്‍കോട്: കാസര്‍കോട് കിനാനൂര്‍ വില്ലേജില്‍ ഒന്നര ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയ്യേറി സിപിഎം നായനാരുടെ പേരില്‍ കെട്ടിടം പണിയുന്നതായി  സിപിഐക്കാരായ കുടുംബശ്രീ വനിതകള്‍ റവന്യൂ വകുപ്പിന് പരാതി നല്‍കി. കെട്ടിടം പൊളിച്ചു മാറ്റാനെത്തിയ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ സിപിഎം പ്രവര്‍ത്തകര്‍ സിപിഐ വനിതകള്‍ക്ക് നേരെ അസഭ്യം ചൊരിഞ്ഞത്  സംഘര്‍ഷത്തിലേക്ക് നയിച്ചു.  കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ ചായ്യോത്തിന് അടുത്ത് വാഴപന്തല്‍ എന്നസ്ഥലത്താണ്  കൈയ്യേറ്റം.

കിനാനൂര്‍ വില്ലേജിലെ റീസര്‍വേ നമ്പര്‍ 410 -ല്‍പ്പെട്ട വാഴപന്തലിലെ ഒന്നര ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയാണ് കൈയ്യേറിയത്. കൈയ്യേറിയ സ്ഥലത്ത് ഫൈബര്‍ ഷീറ്റ് കൊണ്ട് കോണ്‍ക്രീറ്റ് തൂണില്‍ നിര്‍മ്മിച്ച കെട്ടിടത്തിന് ഇ.കെ.നായനാര്‍ പുരുഷ സ്വയം സഹായസംഘം എന്ന ബോര്‍ഡ് വെച്ചിട്ടുണ്ട്. 

പരാതിയുടെ അടിസ്ഥാനത്തില്‍  സ്ഥലത്തെത്തിയ കിനാനൂര്‍ വില്ലേജ് ഓഫീസര്‍ നായനാര്‍ പുരുഷ സ്വയം സഹായ സംഘം പാട്ടത്തിന് വേണ്ടി അപേക്ഷ നല്‍കിയിട്ടുണ്ട് എന്ന മറുപടി നല്‍കി കൈയ്യേറ്റക്കാര്‍ക്ക് വേണ്ടി വാദിക്കുകയായിരുന്നുവെന്ന് സിപിഐ നേതാക്കള്‍ പറയുന്നു.

അനധികൃത കെട്ടിടം പൊളിച്ച് മാറ്റണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ ഇന്നലെ രാവിലെ വാഴപന്തലില്‍ എത്തിയെങ്കിലും  സിപിഎം നേതാക്കള്‍ തടഞ്ഞു. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്റെ മണ്ഡലത്തില്‍ തന്നെയാണ് സിപിഎമ്മിന്റെ ഈ ഭൂമി കയ്യേറ്റമെന്നത് സിപിഐ നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.