മല്ല്യയുടെ ജെറ്റ് 35 കോടിക്ക് ലേലം ചെയ്തു

Sunday 1 July 2018 3:02 am IST

ബെംഗളൂരു:  വിവാദ മദ്യരാജാവ് വിജയ്മല്ല്യയുടെ ആഢംബര ജെറ്റ് ലേലത്തില്‍ വിറ്റു. കര്‍ണാടക ഹൈക്കോടതി ജപ്തി ചെയ്ത വിമാനം 34.8 കോടി രൂപയ്ക്കാണ് ലേലത്തില്‍ പോയത്. മല്ല്യയുടെ കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍സ് സേവന നികുതി വകുപ്പിന് നല്‍കാനുള്ള പിഴപ്പണം ഈടാക്കുന്നതിനായിരുന്നു ലേലനടപടികള്‍. 

മല്ല്യയുടെ പേരിന്റെ അക്ഷരങ്ങള്‍, വിടിവിജെ എംരേഖപ്പെടുത്തിയ വിമാനം കഴിഞ്ഞ അഞ്ചു വര്‍ഷമായി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിച്ചിട്ടിരിക്കുകയായിരുന്നു. മൂന്നു തവണ ലേലം നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടു.  

യുഎസ് ആസ്ഥാനമായുള്ള ഒരു വിമാനക്കമ്പനിയാണ് ഇത്തവണ  ജെറ്റ് ലേലത്തില്‍ പിടിച്ചത്. ഇതിന്റെ യഥാര്‍ത്ഥ വില നൂറു ദശലക്ഷം ഡോളറോളം വരും. അഞ്ചുവര്‍ഷം ഉപയോഗശൂന്യമായി ഗതാഗതയോഗ്യമല്ലാതായി  കിടന്നതിനാലാണ് ഇത്രയും കുറഞ്ഞ വിലയ്ക്ക്  ലേലം ചെയ്തത്. വിമാനത്തില്‍ ജീവനക്കാരുള്‍പ്പെടെ 31 പേര്‍ക്ക് യാത്രചെയ്യനുള്ള സൗകര്യമുണ്ട്. ബെഡ്‌റൂം, ബാത്ത്‌റൂം, ബാര്‍, കോണ്‍ഫറന്‍സ് ഏരിയ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.   വിമാനം നിര്‍ത്തിയിട്ടിരിക്കുന്നതുകൊണ്ട് സ്ഥലപരിമിതിയുള്‍പ്പെടെയുള്ള അസൗകര്യങ്ങളുണ്ടെന്നുകാണിച്ച് വിമാനത്താവള അധികൃതര്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ്  നികുതി വകുപ്പ് വീണ്ടും ലേലത്തിന് മുതിര്‍ന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.