വായനദിനം നടത്തി

Sunday 1 July 2018 3:21 am IST

വാര്‍ത്തകളില്‍ നിന്ന്:

'സ്മാരക ഗ്രന്ഥശാലയില്‍ വായനദിനം വിവിധ പരിപാടികളോടെ നടത്തി. ഇതോടനുബന്ധിച്ച് ഗ്രന്ഥശാലയില്‍ വാങ്ങിയ പുതിയ പുസ്തകങ്ങളുടെ പ്രദര്‍ശനവും നടത്തി'. 

വായനദിനം ആഘോഷിക്കുകയോ ആചരിക്കുകയോ ചെയ്താല്‍ പോരാ, 'നടത്തുക' തന്നെ വേണം! ആഘോഷവും ആചരണവും നടത്തുന്നവര്‍ ദിനത്തെയും നടത്താതിരിക്കുമോ?. വിവിധ പരിപാടികളും കൂടയുള്ളതിനാല്‍ വായനാദിനം നടന്നു വിഷമിച്ചുകാണും. യുവജനദിനവും വയോജനദിനവും ലഹരിവിരുദ്ധ ദിനവുമെല്ലാം വൈകാതെ നടക്കാനിറങ്ങിയേക്കാം. 

'ഹാസ്യ സാമ്രാട്ടായ അദ്ദേഹത്തിന്റെ ജന്മശതാബ്ദി വിപുലമായി ആഘോഷിക്കാന്‍ നിര്‍വ്വാഹസമിതിയോഗം തീരുമാനിച്ചു.'

'ചക്രവര്‍ത്തി' എന്നര്‍ത്ഥമുള്ള 'സമ്രാട്ടാ'ണ് 'സാമ്രാട്ടാ'യത്. പരസ്യങ്ങളിലും വേദികളിലും മാധ്യമങ്ങളിലും 'സാമ്രാട്ട് 'തിളങ്ങുന്നു!. ഇങ്ങനെപോയാല്‍ പാവം സമ്രാട്ടിന് നിഘണ്ടുവില്‍ അടങ്ങിയൊതുങ്ങി കഴിയേണ്ടിവരും. 

അനുഗ്രഹം ആഗ്രഹിക്കുന്നവര്‍ ഏറെയുണ്ട്. അനുഗ്രഹം കിട്ടിയ ആള്‍ 'അനുഗൃഹിതന്‍'ആണ്. അതറിയാതെ പലരും അയാളെ 'അനുഗ്രഹീതന്‍' ആക്കുന്നു. കേരളം 'അനുഗ്രഹീത' കലാകാരന്മാരുടെ നാടായത് അങ്ങനെയാണ്. 

'അനുഗ്രഹീത' പ്രിയരില്‍ ചിലര്‍ 'തടവറ'യെ 'കാരാഗ്രഹ'മാക്കാറുണ്ട്. 'കാരഗൃഹ'മാണ് ശരി. 'കാരാഗ്രഹണങ്ങള്‍' പെരുകുന്നത് ഭാഷയ്ക്ക് നല്ലതല്ല.

'മന്ത്രിയുടെ വിശദീകരണം വിശ്വാസ്യയോഗ്യമല്ല'.

 വിശ്വസിക്കാന്‍ യോഗ്യമായത് 'വിശ്വാസ്യം'. അല്ലെങ്കില്‍ 'വിശ്വാസയോഗ്യം' ആകുന്നു. 'വിശ്വാസ്യ'ത്തോട് യോഗ്യം ചേര്‍ക്കേണ്ടതില്ല. മന്ത്രിയുടെ വിശദീകരണം 'വിശ്വാസയോഗ്യമല്ല' എന്നോ 'മന്ത്രിയുടെ വിശദീകരണം വിശ്വാസ്യമല്ല' എന്നോ എഴുതണം. സ്വീകരിക്കാന്‍ യോഗ്യമായത് 'സ്വീകാരയോഗ്യ'മാണ്. 'സ്വീകാര്യയോഗ്യം' തെറ്റ്.

'രുഗ്മിണീസ്വയംവര ഘോഷയാത്ര'യുടെ ചിത്രവും വാര്‍ത്തയും പത്രങ്ങളില്‍ പലപ്പോഴും വരാറുണ്ട്. 'രുക്മിണി'യാണ് 'രുഗ്മിണി'യാകുന്നത്. രുക്മം സ്വര്‍ണം. രുക്മിണി സ്വര്‍ണനിറമുള്ളവള്‍. ശരിരൂപം രുക്മിണി. രുഗ്മിണിയെന്നും രുക്മിണി എന്നും മാറി മാറി പ്രയോഗിക്കുന്നവരുമുണ്ട്. (വായനക്കാര്‍ക്ക് ഇഷ്ടമുള്ളത് സ്വീകരിക്കാം!)

'ഇക്കാര്യത്തില്‍ സഹകരിക്കേണ്ട ബാധ്യത കേരളത്തിലെ ഓരോ രാഷ്ട്രീയ കക്ഷികള്‍ക്കുമുണ്ട്.'

'ഓരോ' ഏകവചനമായതിനാല്‍ 'രാഷ്ട്രീയ കക്ഷിക്കുമുണ്ട്' എന്നാണു പ്രയോഗിക്കേണ്ടത്. പല എഴുത്തുകാരും പ്രഭാഷകരും 'ഓരോ' യുടെ പിന്നാലെ ആരെയും ഒറ്റയ്ക്കു വിടാറില്ല! ഓരോ കുട്ടികളും ഓരോ യുവാക്കളും ഓരോ പഞ്ചായത്തുകളുമൊക്കെ വരുന്നത് അതുകൊണ്ടാണ്.

'തട്ടിപ്പു തടയാന്‍ എടിഎമ്മുകള്‍ക്ക് സ്വയരക്ഷ.'

'സ്വയംരക്ഷ' 'സ്വയരക്ഷ'യായി. 'സ്വയം' അവ്യയമായതിനാല്‍ മറ്റുപദങ്ങളോടു ചേരുമ്പോള്‍ രൂപമാറ്റം ഉണ്ടാകുന്നില്ല. സ്വയപരിശ്രമം, സ്വയനിന്ദ എന്നിവയും തെറ്റ്. സ്വയംപരിശ്രമം, സ്വയം നിന്ദ എന്നിവ ശരി.

  സൃഷ്ടിക്കുന്നയാള്‍ പലര്‍ക്കും 'സൃഷ്ടാവ' ആണ്. 'സൃഷ്ഠാവ്' എന്നെഴുതുന്നവരും കുറവല്ല. 'സ്രഷ്ടാവ്' ശരി.

'ഉറവ്' എന്നര്‍ത്ഥമുള്ള 'സ്രോതസ്സ'് ചിലര്‍ക്ക് ഉച്ചാരണത്തിലും എഴുത്തിലും 'ശ്രോതസ്സ്' ആണ്. 'ഊര്‍ജ്ജശ്രോതസ്സുകള്‍' കണ്ടെത്താന്‍ ശ്രമിക്കുന്നവരെ പലേടത്തും കാണാം.

'അസഹിഷ്ണതയ്‌ക്കെതിരെ ജാകരൂഗരായിരിക്കണമെന്ന് അദ്ദേഹം ജനങ്ങളെ ഓര്‍മ്മിപ്പിച്ചു.'

'സഹിഷ്ണുത, അസഹിഷ്ണുത' എന്നിവയാണ് ശരി. പക്ഷേ, ഭാഷയില്‍ 'സഹിഷ്ണത'യും 'അസഹിഷ്ണത'യും വര്‍ദ്ധിക്കുകയാണ്!

ജാകരൂഗം തെറ്റ് ജാഗരൂകം ശരി. ജാഗരൂകത്തിന് ഉണര്‍വ്വുള്ള, ശ്രദ്ധയുള്ള, ജാഗ്രതയുള്ള എന്നൊക്കെ അര്‍ത്ഥം. ജാഗരൂഗം, ജാകരൂഖം, ജാഗരൂഘം എന്നീ തെറ്റായ രൂപങ്ങളും പ്രസിദ്ധീകരണങ്ങളില്‍ കാണാം.  എഴുത്തുകാരും പ്രഭാഷകരും 'ജാഗരൂക'രാവുക!

പിന്‍കുറിപ്പ്:

'മുഖവുരയില്ലാത്ത യാതനയാണ് ഒട്ടിസം ബാധിച്ചവരുടെ ജീവിതം.'

'യാതന'യ്ക്ക് പുതിയൊരു വിശേഷണം ലഭിച്ചിരിക്കുന്നു! മുഖവുരയ്‌ക്കൊപ്പമോ അതിലേറെയോ പ്രാധാന്യമുണ്ട് അവതാരികയ്ക്ക്. അതുകൊണ്ട് അവതാരികയില്ലാത്ത യാതന എന്നുമാവാം! രണ്ടിലും തൃപ്തരാകാത്തവര്‍ 'മുഖവുരയും അവതാരികയുമില്ലാത്ത യാതന' എന്നെഴുതിക്കോളൂ!

എസ്കെ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.