കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയ ബിഷപ്പിൻ്റെ അറസ്റ്റ് ഉടൻ

Sunday 1 July 2018 3:25 am IST

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജലന്ധര്‍ രൂപതാ ബിഷപ് ഫ്രാങ്കോ മുളയ്ക്കനെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും. കന്യാസ്ത്രീയെ മഠത്തില്‍ വച്ചും പുറത്തും രണ്ടു വര്‍ഷത്തോളം നിരന്തരമായി പീഡിപ്പിച്ചെന്ന പരാതിയില്‍ വെള്ളിയാഴ്ച രാത്രിയാണ് ബിഷപ്പിനെതിരെ കുറവിലങ്ങാട് പോലീസ് കേസെടുത്തത്.  

കുറവിലങ്ങാട് നാടുകുന്നിലുള്ള മഠത്തിലെ കന്യാസ്ത്രീയാണ് പരാതി നല്‍കിയത്. തൃശൂര്‍ സ്വദേശിയായ ഫ്രാങ്കോ മുളയ്ക്കന്‍ 2014 മുതല്‍ 2016 വരെ നിരന്തരം പീഡിപ്പിച്ചതായാണ് പരാതി. കന്യാസ്ത്രീയുടെ പരാതിയുടേയും മൊഴിയുടെയും അടിസ്ഥാനത്തിലാണ് പോലീസ് ബിഷപ്പിനെതിരെ കേസെടുത്തിരിക്കുന്നത്. 

ജലന്ധര്‍ രൂപതയുടെ കീഴിലുള്ള കേരളത്തിലെ ഏക സന്ന്യാസിനി സഭയാണ് കുറവിലങ്ങാട് നാടുകുന്നിലെ സന്ന്യാസിനി മഠം. ആറ് മാസം മുമ്പ് കര്‍ദിനാളിന് നല്‍കിയ പരാതിയില്‍ യാതൊരു നടപടിയും സ്വീകരിക്കാത്തതിനാലാണ് കന്യാസ്ത്രീ പോലീസിനെ സമീപിച്ചത്. വൈക്കം ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. 

ബിഷപ് കേരളത്തില്‍ എത്തുമ്പോള്‍ താമസിച്ചിരുന്നത് കുറവിലങ്ങാടിന് സമീപമുള്ള ഈ മഠത്തിലെ ഗസ്റ്റ്ഹൗസിലായിരുന്നു. ഈ സമയത്തായിരുന്നു പീഡനം. പീഡനത്തെപ്പറ്റി പരാതിപ്പെടുകയും ബിഷപ്പിനെ ഫോണില്‍ വിളിച്ച് വിവരം അന്വേഷിക്കുകയും ചെയ്ത തന്റെ സഹോദരനെതിരെ കള്ളക്കേസ് കൊടുത്തതായും കന്യാസ്ത്രീയുടെ പരാതിയിലുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ ബിഷപ്പിനെതിരെ കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

നേരത്തെ ജലന്ധറിലായിരുന്നു കന്യാസ്ത്രീ. ഈ സമയത്ത് ഇതേ ബിഷപ്പും ഇവിടെയുണ്ടായിരുന്നു. ആദ്യം ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചത്. എന്നാല്‍, പിന്നീട് വഴങ്ങാതെ വന്നതോടെ സ്വഭാവദൂഷ്യവും മറ്റു ക്രമക്കേടുകളും ഉന്നയിച്ച് നടപടിയെടുത്തെന്നും കന്യാസ്ത്രീ പറയുന്നു. 

പീന്നിട് കന്യാസ്ത്രീ കുറവിലങ്ങാട്ടെ മഠത്തില്‍ എത്തി. ഇവിടെ വിരുന്നിന് എത്തിയ ദിവസം ബിഷപ് പീഡിപ്പിച്ചതായാണ് കന്യാസ്ത്രീയുടെ പരാതി. എന്നാല്‍ മധ്യപ്രദേശില്‍ ജോലി ചെയ്തിരുന്ന സമയത്ത് കന്യാസ്ത്രീക്കെതിരെ നടപടിയെടുത്തിരുന്നതാണെന്നാണ് സഭയുടെ നിലപാട്. ബിഷപ് ഇവര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ചതിന്റെ വൈരാഗ്യത്തിലാണ് ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നത്. ബിഷപ്പിനെ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന്റെ പേരിലാണ് കന്യാസ്ത്രീയുടെ സഹോദരനെതിരെ കേസെടുത്തതെന്നും സഭ വ്യക്തമാക്കുന്നു. 

ബിഷപ്പും കന്യാസ്ത്രീയും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നതായി സൂചന ലഭിച്ചിട്ടുണ്ടെന്നു പോലീസ് പറയുന്നു. ഇരുവരും തമ്മിലുള്ള അടുപ്പത്തെ തുടര്‍ന്നാണ് പ്രശ്‌നങ്ങളുണ്ടായത്. ഇതോടെയാണ് കന്യാസ്ത്രീക്കെതിരെ നേരത്തെ നടപടിയെടുത്തതെന്നാണ് പോലീസ് നല്‍കുന്ന സൂചന.

സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.