ഉത്തരം മുട്ടിയ പിണറായി

Sunday 1 July 2018 3:30 am IST

കൊച്ചി: മാധ്യമങ്ങളുടെ ചോദ്യങ്ങളെ ഭയക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ജനപ്രതിനിധികള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാനാകാതെ വിയര്‍ക്കുന്നു. ഇടതു സര്‍ക്കാര്‍ അധികാരമേറ്റശേഷം നടന്ന പതിനൊന്ന് നിയമസഭാ സമ്മേളനങ്ങളുടെ കണക്കെടുത്താല്‍, മുന്നൂറിലധികം ചോദ്യങ്ങള്‍ക്കാണ് പിണറായി രേഖാമൂലം മറുപടി നല്‍കാത്തത്. ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ആഭ്യന്തരവകുപ്പിലെ ചോദ്യങ്ങളോടാണ് മുഖ്യമന്ത്രി കൂടുതല്‍ തവണ മുഖം തിരിച്ചത്. 

കസ്റ്റഡി മരണങ്ങള്‍, പോലീസ് അസോസിയേഷനിലെ രാഷ്ട്രീയ പ്രവര്‍ത്തനം, ഇടത് സര്‍ക്കാര്‍ അധികാരമേറ്റശേഷമുള്ള രാഷ്ട്രീയ കൊലപാതകങ്ങള്‍, സ്ത്രീ പീഡനക്കേസുകള്‍, കുട്ടികള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍, ദളിത് പീഡനങ്ങള്‍, മന്ത്രിസഭാംഗങ്ങളുടെ ചെലവുകള്‍, സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന് ചെലവായ തുക തുടങ്ങി ഒട്ടേറെ ചോദ്യങ്ങള്‍ക്കാണ് മറുപടി നല്‍കാത്തത്. മറുപടി മേശപ്പുറത്ത് വയ്‌ക്കേണ്ട തീയതി കഴിഞ്ഞിട്ടും ലഭിക്കാതായതോടെ ചോദ്യങ്ങളുന്നയിച്ച എംഎല്‍എമാരും അതൃപ്തിയിലാണ്. ചിലര്‍ സ്പീക്കറെ സമീപിക്കാനും ആലോചിക്കുന്നു.  മുഖ്യമന്ത്രി കാട്ടുന്നത് ഭരണഘടനാ ലംഘനമാണെന്ന് കാട്ടി എംഎല്‍എമാര്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കും. 

നിയമസഭയില്‍ സബ്മിഷനോ ശ്രദ്ധ ക്ഷണിക്കലോ വരുമ്പോള്‍ മാത്രമേ പിണറായി മറുപടി പറയാറുള്ളൂ. വിവാദ ചോദ്യങ്ങളില്‍ പലതിനും  മറുപടി നല്‍കാതെ തടിയൂരുകയാണ്. ഇടത് എംഎല്‍എമാരില്‍ പലര്‍ക്കും മുഖ്യമന്ത്രിയുടെ നിലപാടിനോട് വിയോജിപ്പുണ്ട്. എന്നാല്‍, സര്‍ക്കാരിന്റെ കെട്ടുറപ്പിനെ ബാധിക്കുമെന്നതിനാല്‍ അവരും മൗനം പാലിക്കുകയാണ്. വിവാദ വിഷയങ്ങളില്‍  ആലോചിച്ച് കരുതലോടെ മറുപടി നല്‍കിയാല്‍ മതിയെന്ന ഉപദേഷ്ടാക്കളില്‍ ചിലരുടെ ഉപദേശമാണ് ഇതിനു കാരണം.

കേരളത്തിലെ ഒരു മുഖ്യമന്ത്രിക്കും ഇന്നുവരെ ഇല്ലാത്ത അത്ര സംവിധാനങ്ങളാണ് പിണറായിക്കുള്ളത്. ചോദ്യങ്ങള്‍ക്ക് മറ്റു മന്ത്രിമാര്‍ നല്‍കുന്നതിനേക്കാള്‍ വേഗത്തില്‍  മറുപടി നല്‍കാനും  കഴിയും. മുഖ്യമന്ത്രിക്ക് എട്ട് ഉപദേഷ്ടാക്കളും 27 പേഴ്‌സണല്‍ സ്റ്റാഫുമുണ്ട്. കൂടാതെ, മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന വിവിധ വകുപ്പ് സെക്രട്ടറിമാരും ഡയറക്ടര്‍മാരും അടക്കം വന്‍ നിര തന്നെ സഹായത്തിനുണ്ട്.

രാജേഷ് രവീന്ദ്രന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.