നിയമ നിർമ്മാണം പരിഗണനയിൽ

Sunday 1 July 2018 3:30 am IST

കോഴിക്കോട്: ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെയെത്തുന്ന പാലില്‍ രാസവസ്തുക്കള്‍ പ്രയോഗിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ നടപടികള്‍ കര്‍ശനമാക്കുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി കെ. രാജു. 'പരിശുദ്ധമല്ല പാലും' എന്ന ജന്മഭൂമി വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. 

പാലില്‍ രാസവസ്തുക്കള്‍ ചേര്‍ക്കുന്ന വിവരം ഡയറി വകുപ്പ് ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. നിലവിലുള്ള നിയമത്തില്‍ ഡയറി വകുപ്പിന് കേസെടുക്കാന്‍ കഴിയില്ല. അതിനാല്‍ നിയമ നിര്‍മാണം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കും. പാലക്കാടും തെന്മലയിലും ഉള്ളതുപോലെ പാറശാലയിലും ലാബ് സ്ഥാപിക്കുന്നത് വേഗത്തിലാക്കും. വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പാലില്‍ രാസവസ്തുക്കള്‍ ചേര്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

പ്രത്യേക സ്ക്വാഡുകൾ രൂപീകരിക്കണം; മനുഷ്യാവകാശ കമ്മീഷൻ 

കോഴിക്കോട്: നിലവാരം കുറഞ്ഞ പാല്‍ കണ്ടെത്താന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ്. ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പി. രാജു നല്‍കിയ പരാതിയും ജന്മഭൂമി വാര്‍ത്തയും പരിഗണിച്ചാണ് നടപടി. 

രാജുവിന്റെ പരാതിയില്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണറോട് വിശദീകരണം തേടിയിരുന്നു. എന്നാല്‍ പാലില്‍ രാസവസ്തുക്കള്‍ ഇല്ലെന്നാണ് കമ്മീഷണര്‍ നല്‍കിയ റിപ്പോര്‍ട്ട്. പാലില്‍ രാസവസ്തുക്കള്‍ ചേര്‍ക്കുന്നതും കൊല്ലം തെന്മലയില്‍ പാല്‍ പിടികൂടി നശിപ്പിച്ച വിവരവും അടങ്ങിയ ജന്മഭൂമി വാര്‍ത്തകൂടി പരിഗണിച്ചാണ് നടപടിയെന്നും പി. മോഹനദാസ് പറഞ്ഞു.

നിരന്തര പരിശോധന നടത്തും; ഡി അഷറഫുദ്ദീൻ

കോഴിക്കോട്: ജന്മഭൂമി ചൂണ്ടിക്കാട്ടിയത് ഗുരുതര പ്രശ്‌നമാണ്. അതില്‍ കര്‍ശന നടപടികള്‍ ഉണ്ടാകും. പാലില്‍ രാസവസ്തുക്കള്‍ ചേര്‍ക്കുന്ന സംഭവത്തില്‍ നിരന്തരമായ പരിശോധന നടത്തും. ഇതിനായി അടുത്ത ആഴ്ച യോഗം ചേര്‍ന്ന് പരിശോധനയ്ക്ക് രൂപരേഖ തയാറാക്കും. 

പാലില്‍ രാസവസ്തുക്കള്‍ ചേര്‍ക്കുന്നു എന്നത് നേരത്തെ തന്നെ ശ്രദ്ധയിലുളളതാണ്. ഇപ്പോള്‍ മീനും വെളിച്ചെണ്ണയുമാണ് പരിശോധന നടത്തുന്നത്. പാലില്‍ നിരന്തരമായ പരിശോധന നടത്താറില്ല. പരാതികള്‍ വരുമ്പോള്‍ മാത്രമാണ് പരിശോധനയ്ക്ക് അയയ്ക്കാറുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.