സൂപ്പർ എംബാപ്പെ

Sunday 1 July 2018 3:30 am IST

മോസ്‌ക്കോ: കളം നിറഞ്ഞുകളിച്ച കൈലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോളില്‍ അര്‍ജന്റീനയുടെ ചിറകരിഞ്ഞ് മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സ് ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഉശിരന്‍ പോരാട്ടം കണ്ട പ്രീ ക്വാര്‍ട്ടറില്‍ മൂന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ഫ്രാന്‍സ് ജയിച്ചുകയറിയത്.

എംബാപ്പെക്ക് പുറമെ ഗ്രീസ്മാനും പവാര്‍ഡും ഫ്രാന്‍സിനായി സ്‌കോര്‍ ചെയ്തു. മെര്‍ക്കാഡോ, ഏയ്ഞ്ചല്‍ ഡി മാരിയ, സെര്‍ജിയോ അഗ്യൂറോ എന്നിവരണ് അര്‍ജന്റീനക്കായി ഗോളുകള്‍ നേടിയത്.തുടക്കം മുതല്‍ ഇരു ടീമുകളും മധ്യനിരയിലൂടെ കളിമെനയാനാണ് ശ്രമിച്ചത്. ആദ്യ പകുതിയില്‍ അര്‍ജന്റീനക്കായിരുന്നു നേരിയ ആധിപത്യം ഏറെ സമയവും പന്ത് അര്‍ജന്റീനിയന്‍ താരങ്ങളുടെ കാലുകളിലായിരുന്നു. 

അതേസമയം ഫ്രാന്‍സിന്റെ എംബാപ്പെ തുടക്കം മുതല്‍ അര്‍ജന്റീനിയന്‍ പ്രതിരോധത്തില്‍ വിള്ളല്‍ തീര്‍ത്ത് മുന്നേറി. എട്ടാം മിനിറ്റില്‍ പന്തുമായി കുതിച്ച എംബാപ്പെയെ മസ്‌ക്കെരാനോ ഫൗള്‍ ചെയ്തു. തുടര്‍ന്ന് ലഭിച്ച ഫ്രീക്കിക്കില്‍ ഫ്രാന്‍സ് ഗോള്‍ നേടിയെന്ന് തോന്നി. ഗ്രീസ്മാന്റെ ഉശിരന്‍ ഷോട്ട് ഗോളിയെ മറികടന്ന് പോയതെങ്കിലും ഗോള്‍ പോസ്റ്റ് തടസമായി. 

അഞ്ച് മിനിറ്റിനുള്ളില്‍ ഫ്രാന്‍സിനെ ഗ്രീസ്മാന്‍ മുന്നിലെത്തിച്ചു. മൈതാനമധ്യത്തില്‍ നിന്ന് വീണുകിട്ടിയ പന്തുമായി കുതിച്ച എംബാപ്പെയെ ബോക്‌സിനുളളില്‍ റോജ വീഴ്ത്തി. അനാവശ്യമായി ഈ ഫൗളിന് അര്‍ജന്റീനയ്ക്ക് കനത്ത വില നല്‍കേണ്ടിവന്നു. റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത ഗ്രീസ്മാന്‍ പിഴച്ചില്ല. ഗോളിയെ മറികടന്ന് പന്ത് വലയില്‍.

ഗോള്‍ വീണതോടെ അര്‍ജന്റീന ഉണര്‍ന്നു. 41-ാം മിനിറ്റില്‍ ഗോള്‍ മടക്കുകയും ചെയ്തു. ഗോള്‍ പോസ്റ്റിന് 35 വാര അകലെ നിന്ന് എയ്ഞ്ചല്‍ ഡി മാരിയ തൊടുത്തുവിട്ട ഇടംങ്കാലന്‍ ഷോട്ട് കറങ്ങി തിരിഞ്ഞ് വലയില്‍ കയറി. ഇടവേളയ്ക്ക് ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ അര്‍ജന്റീന ലീഡ് നേടി. മെസി ഗോള്‍ ലക്ഷ്യമാക്കി പായിച്ച പന്ത് സഹതാരം മെര്‍ക്കാഡോയുടെ കാലുകളില്‍ തട്ടി വലയില്‍ കയറി. എന്നാല്‍ ഗോളാരവം അവസാനിക്കും മുമ്പ് ഫ്രാന്‍സ് സമനില നേടി. പെനാല്‍റ്റി ബോക്‌സിന് പുറത്തനിന്നുളള ബെഞ്ചമിന്‍ പവാര്‍ഡിന്റെ ലോങ്ങ് റേഞ്ചര്‍ ഗോള്‍ വര കടന്നുപോയി. പന്നീട് ഫ്രാന്‍സിന്റെ തേരോട്ടമായിരുന്നു. നിരന്തരം അവര്‍ അര്‍ജന്റീനക്ക് ഭീഷണിയുയര്‍ത്തി. 64-ാം മിനിറ്റില്‍ ഗോള്‍ നേടി അവര്‍ മുന്നിലെത്തി. തകര്‍ത്തുകളിച്ച കൈലിയന്‍ എംബാപ്പെയാണ് ലക്ഷ്യം കണ്ടത്. ഇടതു വിങ്ങിലൂടെ കുതിച്ച എംബാപ്പെയുടെ ഇടതുകാല്‍ ഷോട്ട് വലയില്‍ കയറി.

നാലു മിനിറ്റുകള്‍ക്കുശേഷം നാലാം ഗോളും പിറന്നു. എംബാപ്പെയൊണ് വീണ്ടും സ്‌കോര്‍ ചെയ്തത്. ജിറൗഡ് നീട്ടിക്കൊടുത്ത ത്രോബോളുമായി മുന്നേറിയ എംബാപ്പെ വലതു കാലുകൊണ്ട് തൊടുത്തുവിട്ട  ഷോട്ട് അര്‍ജന്റീനിയന്‍ ഗോള്‍ കീപ്പറെ കീഴടക്കി.

അവസാന നിമിഷങ്ങളില്‍ ഗോളടിക്കാനായി ഉജ്ജ്വല പോരാട്ടം കാഴ്ചവച്ച അര്‍ജന്റീന ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ മൂന്നാം ഗോള്‍ കുറിച്ചു. ബോക്‌സിന്റെ മധ്യഭാഗത്ത് നിന്നുളള അഗ്യൂറോയുടെ ഹെഡര്‍ ഫ്രാന്‍സിന്റെ വല കുലുക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.