അശാസ്ത്രീയ കൃത്രിമജലപാതക്കെതിരെ സമരവുമായി സംഘപരിവാര്‍ നേതൃത്വം രംഗത്ത്

Sunday 1 July 2018 2:14 am IST

 

പാനൂര്‍: പാനൂരിനെ കീറിമുറിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് അശാസ്ത്രീയ കൃത്രിമജലപാത പദ്ധതിക്കെതിരെ സമരവുമായി സംഘപരിവാര്‍ നേതൃത്വം രംഗത്ത്. കൊച്ചിയങ്ങാടി മുതല്‍ ചാടാലപുഴവരെ പത്ത് കീലോമീറ്ററില്‍ ദൈര്‍ഘ്യത്തില്‍ സ്ഥലം ഏറ്റെടുത്ത് ജലപാത നിര്‍മ്മിക്കുന്നതിനെതിരെ ശക്തമായ ജനരോഷം ഉയര്‍ന്നതോടെയാണ് ഈ സമരം സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ ഏറ്റെടുത്തിട്ടുളളത്. 

കഴിഞ്ഞ ദിവസം ചേര്‍ന്ന നേതൃയോഗത്തിനു ശേഷം പ്രത്യക്ഷത്തില്‍ ജലപാതവിരുദ്ധ സമരം ഏറ്റെടുക്കുകയും ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന വേദിക്കരികിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തു. നിലവില്‍ കൃത്രിമ ജലപാത വിരുദ്ധസമരസമിതിയുടെ നേതൃത്വത്തില്‍ സമരം നടന്നു വരുന്നുണ്ടെങ്കിലും ആദ്യമായാണ് രാഷ്ട്രീയ നേതൃത്വം സമരരംഗത്തേക്ക് പ്രത്യക്ഷത്തില്‍ വരുന്നത്. ജലപാത പദ്ധതിക്കെതിരെ ഇരട്ടത്താപ്പുമായി സിപിഎം നേതൃത്വം സമരരംഗത്തും പദ്ധതിക്ക് അനുകൂലമായും നിലപാട് എടുക്കുന്നത് പ്രദേശത്ത് ചര്‍ച്ച വിഷയമായിട്ടുണ്ട്. 98 വീടുകള്‍ ആദ്യഘട്ടത്തില്‍ പൊളിച്ചുനീക്കിയാണ് പദ്ധതി നടപ്പില്‍ വരുത്തുന്നത്. ഇതിനു പുറമെ നെല്‍വയലുകളും കൃഷിയിടങ്ങളും നശിപ്പിക്കപ്പെടുന്നുണ്ട്.

ബിജെപി പരിസ്ഥിതിസെല്ലിന്റെ നേതൃത്വത്തില്‍ പദ്ധതിപ്രദേശത്ത് നടന്ന പരിശോധനയിലും അന്വേഷണത്തിലും ജലപാതയ്ക്ക് അനുയോജ്യമല്ല ഇവിടമെന്ന് റിപ്പോര്‍ട്ട് സംസ്ഥാന കമ്മറ്റിക്കു നല്‍കിയിരുന്നു. മാഹിയില്‍ നിന്നും വളപട്ടണം പുഴയുമായി ബന്ധിപ്പിക്കുന്ന ഉള്‍നാടന്‍ ജലഗതാഗത പദ്ധതിക്കായി 179 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ടതായിട്ടുണ്ട്. മുന്‍പ് മാക്കുനി പ്രദേശത്ത് കൂടെ കടന്നു പോകാന്‍ തീരുമാനിച്ച പദ്ധതി തദ്ദേശീയരായ സിപിഎം പ്രവര്‍ത്തകര്‍ എതിര്‍ത്തതോടെ പാനൂരിലേക്ക് മാറ്റുകയായിരുന്നു. പെരിങ്ങളം, തൃപ്പങ്ങോട്ടൂര്‍, പാനൂര്‍, പന്ന്യന്നൂര്‍, മൊകേരി, തലശേരി വില്ലേജുകളിള്‍ ഉള്‍പ്പെടുന്ന സ്ഥലമാണ് പദ്ധതിക്കായി സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. കൊല്ലത്തു നിന്നും കോഴിക്കോട് ജില്ലയിലെ എടച്ചേരി പഞ്ചായത്തില്‍ അവസാനിക്കേണ്ട പദ്ധതി കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലേക്ക് നീട്ടിയത് നിലവിലെ എല്‍ഡിഎഫ് സര്‍ക്കാരാണ്. കേന്ദ്രസഹായം തേടിയെങ്കിലും ഇതുവരെ പദ്ധതിക്കു അനുകൂലമായ നിലപാട് കേന്ദ്രസര്‍ക്കാര്‍ കൈകൊണ്ടിട്ടില്ല. കേന്ദ്ര പരിസ്ഥിതിവകുപ്പിന്റെ അനുമതിയും ജലപാതയ്ക്കു ലഭിച്ചിട്ടില്ല. 

കുറ്റിയാടി-മട്ടന്നൂര്‍ വിമാനതാവളം നാലുവരി പാതക്കായി സ്ഥലവും കെട്ടിടങ്ങളും ഏറ്റെടുക്കുന്ന പ്രദേശം കൂടിയാണ് പാനൂര്‍. കൂടാതെ ഗെയ്ല്‍ പദ്ധതിക്കും ഈ പ്രദേശത്തുകാര്‍ സ്ഥലം വിട്ടുനല്‍കിയിട്ടുണ്ട്. കൃത്രിമ ജലപാത പദ്ധതി ജനഹിതമല്ലെന്ന നിലപാടില്‍ സംഘപരിവാര്‍ സംഘടനകള്‍ എത്തിചേര്‍ന്നതോടെ ആശങ്കയിലായ ജനങ്ങള്‍ക്ക് പ്രതീക്ഷ കൈവന്നിട്ടുണ്ട്. വരും ദിവസങ്ങളില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി രംഗത്തിറങ്ങാന്‍ തന്നെയാണ് സംഘപരിവാര്‍ തീരുമാനം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.