കാലവര്‍ഷക്കെടുതി; നാശനഷ്ടങ്ങള്‍ കണക്കിലെടുത്ത് ഉടനടി നടപടിയെടുക്കാന്‍ ജില്ലാ വികസന സമിതി യോഗം

Sunday 1 July 2018 2:18 am IST

 

കണ്ണൂര്‍: കാലവര്‍ഷക്കെടുതിയിലുണ്ടായ നാശനഷ്ടങ്ങള്‍ കണക്കിലെടുത്ത് വേണ്ട നടപടികള്‍ ഉടനെടുക്കാന്‍ ജില്ലാ വികസന സമിതി യോഗത്തില്‍ തീരുമാനമായി. കൃഷി, വീടുകള്‍ തുടങ്ങിയവയ്ക്കുണ്ടായ നാശനഷ്ടങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കണമെന്ന് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. പയ്യാവൂര്‍ കുടിവെള്ള പദ്ധതിക്ക് സ്ഥലം ലഭ്യമാക്കുന്നതിനുള്ള വിലനിര്‍ണ്ണയ നടപടിക്രമം എത്രയും വേഗം ആരംഭിക്കും. തൊട്ടില്‍പ്പാലം-പേരട്ട തോടിന് എത്രയും പെട്ടെന്ന് പാര്‍ശ്വഭിത്തി നിര്‍മ്മിക്കണമെന്ന് മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലയിലെ എല്ലാ വകുപ്പുകളും അവരവരുടെ ഓഫീസുകള്‍ ജിയോ ടാഗ് ചെയ്യുന്നിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു.

2019-20 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി മൂലക്കീല്‍ കുടിവെള്ള പദ്ധതിക്കായി പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നിനുള്ള നടപടികള്‍ സ്വീകരിക്കും. പാപ്പിനിശ്ശേരി-പിലാത്തറ റൂട്ടില്‍ താവം പാലത്തിന്റെ പണി പൂര്‍ത്തീകരിക്കുന്നതു വരെ വലിയ വാഹനങ്ങള്‍ കടന്നു പോകുന്നതു നിയന്ത്രിക്കുന്നതിനായി പാപ്പിനിശ്ശേരി ജംഗ്ഷനിലും പിലാത്തറ ജംഗ്ഷനിലും സ്ഥിരമായി ട്രാഫിക് ഡ്യൂട്ടിക്കായി പോലീസുകാരെയും ഹോം ഗാര്‍ഡുമാരെയും നിയമിച്ചിട്ടുണ്ട്. പി.എം.ജി.എസ്.വൈ സ്‌കീമില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ ആകെ 134 റോഡുകള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുള്ളതില്‍ 76 എണ്ണം ജില്ലാ പഞ്ചായത്തിന് കൈമാറിയിട്ടുണ്ടെന്നും 45 റോഡുകളുടെ അറ്റകുറ്റപണികള്‍ നടക്കുകയാണെന്നും യോഗം അറിയിച്ചു. 6 റോഡുകളുടെ പ്രവൃത്തി പൂര്‍ത്തീകരിച്ചു. 3 എണ്ണത്തിന്റെ പ്രവൃത്തി നടക്കാനുണ്ട്. കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ നീര്‍ച്ചാല്‍ ഈസ്റ്റ് അംഗനവാടി മാതൃകാ അംഗനവാടിയായി ഉയര്‍ത്തുന്നതിനുള്ള സ്ഥലം അളന്നു തിട്ടപ്പെടുത്തി ലഭിച്ചിട്ടുണ്ട്. ഇതിനായുള്ള ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. യോഗത്തില്‍ കെ.സി.ജോസഫ് എം.എല്‍.എ, സി.കൃഷണന്‍ എംഎല്‍എ, പ്ലാനിംഗ് ഓഫീസര്‍ കെ.പ്രകാശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.