ബിഷപ്പിനെതിരായ പീഡന പരാതി മുക്കി; ആലഞ്ചേരിക്കെതിരെ പടയൊരുക്കം

Sunday 1 July 2018 11:41 am IST
ബിഷപ് ഫ്രാങ്ക് മുളയ്ക്കല്‍ പീഡിപ്പിച്ചെന്ന് കാട്ടി കന്യാസ്ത്രീ ആദ്യം പരാതി നല്‍കിയത് ബിഷപ് ആലഞ്ചേരിക്കായിരുന്നു. എന്നാല്‍ ഈ പരാതിയില്‍ കര്‍ദിനാള്‍ നടപടിയൊന്നും കൈക്കൊണ്ടില്ല. ലൈംഗിക പീഡന പരാതി മറച്ചുവച്ചു എന്നതാണ് പ്രധാന ആക്ഷേപം.

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നല്‍കിയ പീഡന പരാതി മുക്കിയെന്നാരോപിച്ച് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ എറണാകുളം- അങ്കമാലി അതിരൂപതയില്‍ വിശ്വാസികളുടെ പടയൊരുക്കം. 

പരാതി മറച്ചുവച്ച് പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിച്ച ആലഞ്ചേരിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികള്‍ പോലീസിനെ സമീപിച്ചു. 

വിശ്വാസികളുടെ സംഘടനയായ ആര്‍ച്ച് ഡയോസ്യന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പേരന്‍സി (എഎംടി)കണ്‍വീനര്‍ ജോണ്‍ ജേക്കബാണ് എറണാകുളം റേഞ്ച് ഐജി വിജയ് സാഖറെയ്ക്ക് പരാതി നല്‍കിയത്. കര്‍ദിനാളിന്റെ നടപടിയെ വിമര്‍ശിച്ച് ക്രൈസ്തവ പുരോഹിതരില്‍ ചിലരും രംഗത്തെത്തിയതോടെ വിഷയം വിവാദ ഭൂമി ഇടപാടിനേക്കാള്‍ ചൂടു പിടിച്ചു. ബിഷപ്പ് പീഡിപ്പിച്ചെന്ന് കാട്ടി കന്യാസ്ത്രീ ആറുമാസം മുമ്പ് ആലഞ്ചേരിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതിയില്‍ നടപടിയൊന്നുമെടുത്തില്ല. വത്തിക്കാനെയും അറിയിച്ചില്ല. 

ലൈംഗിക പീഡന പരാതി മറച്ചുവച്ചെന്ന് മാത്രമല്ല, പ്രതിയെ സംരക്ഷിക്കാനും ശ്രമിച്ചെന്നാണ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. ഭീഷണിപ്പെടുത്തി പരാതി പിന്‍വലിപ്പിക്കാനുള്ള ശ്രമങ്ങളും ആലഞ്ചേരി നടത്തിയെന്നാണ് പ്രധാന ആരോപണം. ബലാത്സംഗവും പീഡനവിവരവും പോലീസിനെയും വനിതാ കമ്മീഷനെയും അറിയിക്കാതിരുന്നത് ഗുരുതരമായ കുറ്റമാണെന്നും വിശ്വാസികള്‍ ആരോപിക്കുന്നു. രണ്ട് വര്‍ഷത്തിലേറെയായി കുറവിലങ്ങാട്ടുള്ള ഗസ്റ്റ്ഹൗസില്‍ പലതവണ പീഡനത്തിന് ഇരയാക്കിയെന്ന് കന്യാസ്ത്രീ രേഖാമൂലം സഭാനേതൃത്വത്തിന് പരാതി  നല്‍കിയിരുന്നു. സഭാതലത്തില്‍ പേരിനൊരു അന്വേഷണം നടക്കുമ്പോള്‍ത്തന്നെ സംഭവം ഇരുചെവിയറിയാതെ ഒതുക്കി തീര്‍ക്കാനാണ് സഭാനേതൃത്വം ശ്രമിച്ചത്. 

അന്വേഷണത്തിന് ആലഞ്ചേരി തന്നെ കുറവിലങ്ങാട്ട് എത്തിയിരുന്നുവെന്ന വിവരവും പുറത്തായിട്ടുണ്ട്. 

ജലന്ധര്‍ ബിഷപ് ഉള്‍പ്പെട്ട ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് സഭാ നേതൃത്വത്തിനെതിരെ സീറോ മലബാര്‍ സഭ മുന്‍ വക്താവ് ഫാ. പോള്‍ തേലക്കാട്ട്  കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. 

ആലഞ്ചേരിക്ക് പരാതി നല്‍കിയിരുന്നെങ്കില്‍, അദ്ദേഹം അത് നിയമവ്യവസ്ഥയ്ക്ക് കൈമാറണമായിരുന്നെന്നും പരാതി ലഭിച്ചിരുന്നോ എന്നും എന്തു നടപടി സ്വീകരിച്ചെന്നും കര്‍ദിനാള്‍ തന്നെ വ്യക്തമാക്കണമെന്നുമായിരുന്നു തേലക്കാട്ടിന്റെ ആവശ്യം. 

ഇതിന് തൊട്ടുപിന്നാലെയാണ് വിശ്വാസികള്‍ പോലീസിനെ സമീപിച്ചത്. അതേസമയം, ഭൂമി ഇടപാടില്‍ കര്‍ദിനാളിനെ വിമര്‍ശിക്കുന്നവര്‍ക്ക് പുതിയ ആയുധമാവുകയാണിത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.