51 ബ്രാന്‍ഡുകള്‍ക്ക് കൂടി നിരോധനം

Sunday 1 July 2018 2:49 pm IST

കോഴിക്കോട്: ഗുണനിലവാരമില്ലാത്ത 51 ബ്രാന്‍ഡ് വെളിച്ചെണ്ണ കൂടി ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചു. ഇതോടെ ഒരുമാസത്തിനിടെ 96 ബ്രാന്‍ഡുകള്‍ സംസ്ഥാനത്ത് നിരോധിച്ചു. ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ 45 എണ്ണം മെയ് 31 ന് നിരോധിച്ചിരുന്നു.

സര്‍ക്കാര്‍ ബ്രാന്‍ഡായ 'കേര' വെളിച്ചെണ്ണയോട് സാമ്യമുള്ള പേരുകള്‍ ഉപയോഗിച്ച് തെറ്റിദ്ധരിപ്പിച്ച 41 ബ്രാന്‍ഡുകളാണ് സംസ്ഥാനത്ത് വില്‍പന നടത്തിയിരുന്നത്. ഇന്നലെ നിരോധിച്ച 45 ബ്രാന്‍ഡുകളില്‍ 19 എണ്ണത്തിലും കേരയെന്ന പേരുണ്ട്. 

കേര നാളികേരം വെളിച്ചെണ്ണ, കേര മൗണ്ട്, കേര സ്വാദ്, കേര ലൈഫ്, കേര സ്റ്റാര്‍, കേര രുചി, കേര സമ്പൂര്‍ണം, കേര ചോയിസ്, കേര നാളികേര, കേരം വാലി, കേര നട്‌സ്, കേര കൂള്‍, കേര കുക്ക്, കേര ഫൈന്‍, കേര സുപ്രീം, കേര സ്‌പെഷ്യല്‍, എന്നിവയാണ് ഏറ്റവും ഒടുവില്‍ നിരോധിച്ച ബ്രാന്‍ഡുകളില്‍ ചിലത്. പാലക്കാട് ജില്ലയില്‍ ഉത്പാദിപ്പിക്കുന്നവയാണ് അധികവും. 

തമിഴ്‌നാട്ടില്‍ നിന്നുള്ള കമ്പനികളുടെ എണ്ണകളും നിരോധിച്ചിട്ടുണ്ട്.വെളിച്ചെണ്ണയ്ക്ക് കിലോയ്ക്ക് 240 രൂപ വിലയുണ്ടെന്നിരിക്കെ 140 ഉം 160 ഉം രൂപയ്ക്കാണ് ഗുണനിലവാരമില്ലാത്തവ വില്‍പ്പന നടത്തുന്നത്. 

നിരോധിച്ച വെളിച്ചെണ്ണ വിറ്റാല്‍ രണ്ടു ലക്ഷം രൂപ പിഴ ചുമത്തി ക്രിമിനല്‍ കേസെടുക്കുമെന്നും ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ എം.ജി. രാജമാണിക്യം അറിയിച്ചു. പരിശോധനയില്‍ സഹകരിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് ഫുഡ് ആന്‍ഡ് സേഫ്റ്റി കമ്മീഷണര്‍ പി. അമുദത്തിന് കത്തയച്ചതായും രാജമാണിക്യം പറഞ്ഞു.

13 മുതല്‍ ബ്രാന്‍ഡ് വെളിച്ചെണ്ണ മാത്രം

വെളിച്ചെണ്ണ കമ്പനികള്‍ക്ക് ബ്രാന്‍ഡ് രജിസ്‌ട്രേഷന്‍ നടപ്പിലാക്കുമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ എം.ജി. രാജമാണിക്യം പറഞ്ഞു. ഈ മാസം 13 മുതല്‍ ബ്രാന്‍ഡ് രജിസ്‌ട്രേഷന്‍ ഇല്ലാത്ത വെളിച്ചെണ്ണ വില്‍ക്കാനാകില്ല. നിലവില്‍ എണ്ണ കമ്പനികള്‍ക്കു മാത്രമാണ് രജിസ്‌ട്രേഷന്‍ ഉള്ളത്. ഉത്പന്നത്തിന് രജിസ്‌ട്രേഷന്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ മായം കണ്ടെത്തിയാല്‍ വേറെ പേരില്‍ ഇറക്കും. അത് തടയാനാണ് ബ്രാന്‍ഡ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നത്.

ബ്രാന്‍ഡ് രജിസ്‌ട്രേഷന്‍ ആയിക്കഴിഞ്ഞശേഷം മായം കണ്ടെത്തിയാല്‍ ആ മില്ലില്‍ നിന്ന് പിന്നെ പുതിയ ഉത്പന്നം ഇറക്കാന്‍ സാധിക്കില്ല. ബ്രാന്‍ഡ് രജിസ്‌ട്രേഷന്‍ നടപ്പിലാക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്നും രാജമാണിക്യം ജന്മഭൂമിയോട് പറഞ്ഞു. രജിസ്‌ട്രേഷനില്ലാതെ സൂക്ഷിക്കുന്ന വെളിച്ചെണ്ണ പിടിച്ചെടുക്കുന്നതടക്കമുള്ള കര്‍ശന നടപടി ഉണ്ടാകുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയെ അറിയിച്ചതായി രാജമാണിക്യം പറഞ്ഞു.

അധികവും പാമോലിന്‍ കലര്‍ത്തിയത്

ഓരോ ജില്ലയിലും 20 മുതല്‍ 25 ബ്രാന്‍ഡുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. അതില്‍ അധികവും പാമോലിനും മറ്റ് എണ്ണകളും കലര്‍ത്തിയതാണെന്ന് കണ്ടെത്തി. എന്നാല്‍ അതിലുള്ള ഘടകങ്ങള്‍, ഏത് എണ്ണയാണ് ഉപയോഗിച്ചത് ഇവയെല്ലാം കൂടുതല്‍ പരിശോധനകളിലേ വ്യക്തമാകൂ. 

തേങ്ങയ്ക്ക് പുറത്തുള്ള ചുവന്ന ഭാഗം ഉപയോഗിച്ച് തയാറാക്കുന്ന നിലവാരം കുറഞ്ഞ എണ്ണ തമിഴ്‌നാട്ടില്‍ വളരെ വിലക്കുറവില്‍ ലഭിക്കും. ശുദ്ധവെളിച്ചെണ്ണയുടെ ഗന്ധം ഉണ്ടാകുമെങ്കിലും ഗുണമുണ്ടാകില്ല. പാമോലിനിലും മറ്റ് എണ്ണകളിലും ഇത് കലര്‍ത്തി ശുദ്ധമായ വെളിച്ചെണ്ണയാക്കി വിപണിയിലെത്തിക്കുകയായിരുന്നു. വെളിച്ചെണ്ണയ്ക്കു കിലോയ്ക്ക് 240 രൂപ വിലയുള്ളപ്പോള്‍ വ്യാജന്‍ നൂറ്റിനാല്‍പത് മുതല്‍ നൂറ്റിഎണ്‍പത് വരെ വിലയ്ക്ക് മാര്‍ക്കറ്റില്‍ ലഭിക്കും. 

കച്ചവടക്കാരന് ശുദ്ധ വെളിച്ചെണ്ണ കിലോയ്ക്ക് ഇരുപത് രൂപ ലാഭം കിട്ടുമ്പോള്‍ വ്യാജന് കിട്ടുന്ന ലാഭം അന്‍പതിന് മുകളിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.