ടിപി വധക്കേസ് പ്രതികളുമായി ജയിലില്‍ മുഖ്യമന്ത്രിയുടെ പ്രത്യേക കൂടിക്കാഴ്ച

Sunday 1 July 2018 3:33 pm IST

കണ്ണൂര്‍: ആര്‍എംപി നേതാവായിരുന്ന ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷയനുഭവിക്കുന്ന പ്രതികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പ്രത്യേക കൂടിക്കാഴ്ച നടത്തി. 

ജയിലില്‍ ശിക്ഷയനുഭവിക്കുന്ന ഒരു പ്രത്യേക കേസിലെ പ്രതികളുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ച ചട്ടവിരുദ്ധമെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ടിപി വധക്കേസ് കേസ് പ്രതികളായ കെ.സി. രാമചന്ദ്രന്‍, ടി.കെ. രജീഷ് എന്നിവരുമായാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്. ടിപി കേസ് പ്രതികള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുകയും ചെയ്തു. രണ്ടുപേരെ കൂടാതെ ഇരുപത് തടവുകാര്‍ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനും ജില്ലാ സെക്രട്ടേറിയറ്റ് അംഗം വല്‍സന്‍ പനോളിയും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ജയില്‍ മേധാവി ആര്‍. ശ്രീലേഖയും മുഖ്യമന്ത്രിയോടൊപ്പം മുറിയിലുണ്ടായിരുന്നു. 

ആയിരത്തോളം തടവുകാര്‍ കഴിയുന്ന ജയിലിലെത്തി ഒരു കേസില്‍ ശിക്ഷിക്കപ്പെട്ടവരെ മാത്രം പ്രത്യേകം കൂടിക്കാഴ്ച നടത്തിയ നടപടി വ്യാപക പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്. ജയില്‍ ഉപദേശക സമിതിയംഗങ്ങള്‍ എന്ന നിലയിലാണ്. ജയരാജനും വല്‍സന്‍ പനോളിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തതെന്ന് പറയുമ്പോഴും പാര്‍ട്ടി മുന്‍കൂട്ടി തയാറാക്കിയ പദ്ധതിയുടെ ഭാഗമായിരുന്നു സംഭവമെന്നാണ് സൂചന. രാവിലെ ഒന്‍പതരയ്ക്ക് ചടങ്ങില്‍ സംബന്ധിക്കേണ്ട മുഖ്യമന്ത്രി ഒന്‍പതു മണിക്ക് ജയിലിലെത്തിയതും ദുരൂഹമാണ്.  അതേ സമയം പ്രതികളില്‍ നിന്നും നിവേദനം സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്നാണ് ഔദ്യോഗിക വിശദീകരണം.

ടിപി കേസിലെ മറ്റൊരു പ്രതിയായ പി.കെ. കുഞ്ഞനന്തന്‍ മുഖ്യമന്ത്രിയെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും രേഖാമൂലം ആവശ്യപ്പെടാത്തതിനാല്‍ അനുവദിച്ചില്ലെന്നാണ് പറയുന്നത്. 

എന്നാല്‍ ജയിലില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങ് കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ തടവുകാര്‍ക്കിടയില്‍നിന്നു കുഞ്ഞനന്തന്‍ മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യുന്നത് കാണാമായിരുന്നു- മുഖ്യമന്ത്രി തിരിച്ചും കൈ കാണിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.