കോഴിക്കോടും മലപ്പുറവും നിപ രഹിത ജില്ലകള്‍: മന്ത്രി ശൈലജ

Sunday 1 July 2018 8:05 pm IST
വൈറസിന്റെ ഇന്‍ക്യുബേഷന്‍ പിരീഡിന്റെ ഇരട്ടി കാലാവധി കണക്കാക്കി ആയിരുന്നു ഇത്. ഈ കാലയളവില്‍ നടത്തിയ പരിശോധനകളിലൊന്നും പോസിറ്റീവ് ഫലം ഇല്ല. ഈ കാലാവധി കഴിഞ്ഞതോടെയാണ് കോഴിക്കോട്, മലപ്പുറം ജില്ലകളെ നിപ രഹിത ജില്ലകളായി പ്രഖ്യാപിക്കുന്നതെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.

കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളെ നിപ രഹിത ജില്ലകളായി പ്രഖ്യാപിച്ചു. മെയ് 31ന് ശേഷം നിപ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തിലാണിത്. ജൂണ്‍ 30 വരെ ജാഗ്രത പാലിക്കാനാണ് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശം നല്‍കിയിരുന്നത്. 

വൈറസിന്റെ ഇന്‍ക്യുബേഷന്‍ പിരീഡിന്റെ ഇരട്ടി കാലാവധി കണക്കാക്കി ആയിരുന്നു ഇത്. ഈ കാലയളവില്‍ നടത്തിയ പരിശോധനകളിലൊന്നും പോസിറ്റീവ് ഫലം ഇല്ല. ഈ കാലാവധി കഴിഞ്ഞതോടെയാണ് കോഴിക്കോട്, മലപ്പുറം ജില്ലകളെ നിപ രഹിത ജില്ലകളായി പ്രഖ്യാപിക്കുന്നതെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. നിപ പ്രതിരോധ പ്രവര്‍ത്തനത്തില്‍ പങ്കാളികളായവരെ ആരോഗ്യവകുപ്പ് ആദരിക്കുന്ന ചടങ്ങിലാണ് മന്ത്രിയുടെ പ്രഖ്യാപനം. ഇരു ജില്ലകളും താല്‍ക്കാലികമായി നിപ രഹിതമാണെന്ന് മന്ത്രി അറിയിച്ചു.  

കഴിഞ്ഞ രണ്ട് മാസമായി കോഴിക്കോട് നിപ എന്ന അപൂര്‍വ വൈറസിന്റെ ഭീതിയിലായിരുന്നുവെന്ന് പ്രഖ്യാപനത്തില്‍ പറയുന്നു. അതീവ സാംക്രമിക സ്വഭാവമുള്ള രോഗത്തെ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ പിടിച്ചുകെട്ടാനായി. നിപയോടുള്ള യുദ്ധത്തില്‍ വിലപ്പെട്ട 17 ജീവനുകള്‍ നഷ്ടമായി. രോഗം ബാധിച്ച രണ്ടുപേരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞതായി മന്ത്രി പറഞ്ഞു.    

മന്ത്രി ടി.പി രാമകൃഷ്ണന്‍ അധ്യക്ഷനായി. മന്ത്രി എ.കെ. ശശീന്ദ്രന്‍  മുഖ്യാതിഥിയായിരുന്നു. ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ മുഖ്യപ്രഭാഷണം നടത്തി. എംഎല്‍എമാരായ എ. പ്രദീപ്കുമാര്‍, ഡോ.എം.കെ. മുനീര്‍, പുരുഷന്‍ കടലുണ്ടി, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, കോഴിക്കോട്, മലപ്പുറം ജില്ലാ കളക്ടര്‍മാരായ യു.വി. ജോസ്, അമിത് മീണ, ആരോഗ്യവകുപ്പ്ഡയറക്ടര്‍ ഡോ. ആര്‍. എല്‍. സരിത, ഡിഎംഒ ഡോ. വി. ജയശ്രീ എന്നിവര്‍ സംസാരിച്ചു.  

ഡോക്‌ടേഴ്‌സ് ദിനാചരണത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ മികച്ച ഡോക്ടര്‍മാര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ഡോ. സി. മുരളീധരന്‍പിള്ള, ഡോ. വി.ആര്‍. രാജേന്ദ്രന്‍, ഡോ. എസ്. രാധാകൃഷ്ണന്‍, ഡോ. കെ. ചന്ദ്രമോഹന്‍, ഡോ. കോശി ഫിലിപ്പ്, ഡോ. ഷാജി തോമസ് ജോണ്‍, ഡോ.എ.എസ്. അനൂപ് കുമാര്‍ എന്നിവര്‍ക്ക് മന്ത്രി സമ്മാനിച്ചു.  നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തികള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവരെ അനുമോദിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.