ചെലമേശ്വര്‍ പറയാതെപോയത്

Monday 2 July 2018 1:06 am IST
ഏതാനും ജഡ്ജിമാര്‍ 'കോടതി ബഹിഷ്‌കരിച്ചുകൊണ്ട്' പത്രസമ്മേളനം നടത്തിയത് ഓര്‍ക്കുക; അതും സുപ്രീം കോടതിയില്‍. ഇന്ത്യയുടെ ചരിത്രത്തില്‍ കറുത്ത ലിപികളില്‍ എഴുതിച്ചേര്‍ക്കപ്പെട്ട മുഹൂര്‍ത്തങ്ങളില്‍ ഒന്നാണിത് എന്നതില്‍ ഇന്ത്യന്‍ ജുഡീഷ്യറിയെ സ്‌നേഹിക്കുന്ന, അതില്‍ വിശ്വാസമര്‍പ്പിച്ചിട്ടുള്ള, ആര്‍ക്കെങ്കിലും സംശയമുണ്ടാവുമെന്ന് തോന്നുന്നില്ല. ആ ദുരന്ത നാടകം വലിയ സംഭവപരമ്പരകളുടെ, പരാജയപ്പെട്ട കുറെ നീക്കങ്ങളുടെ, തുടക്കമായിരുന്നു എന്ന് കരുതുന്നവര്‍ രാജ്യത്ത് ഇന്നുമുണ്ട് എന്നതുമോര്‍ക്കുക

ള്‍ ഇന്ത്യ ബാര്‍ കൗണ്‍സില്‍ ഒരു റിട്ടയര്‍ ചെയ്യുന്ന ജഡ്ജിയെ പരസ്യമായി ശാസിക്കുന്ന വിധത്തില്‍ പ്രസ്താവന പുറപ്പെടുവിക്കുക; നിലവിലെ ന്യായാധിപന്മാര്‍ പരസ്യമായി കോടതിയെക്കുറിച്ചും മറ്റും അഭിപ്രായ പ്രകടനം നടത്തുമ്പോള്‍ കരുതല്‍ വേണമെന്ന് നിര്‍ദ്ദേശിക്കുക... ഇതൊക്കെ ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ മുന്‍പുണ്ടായിട്ടുണ്ടോ എന്നത് സംശയമാണ്. അവിടെയാണിപ്പോള്‍ കാര്യങ്ങള്‍ ചെന്നെത്തിനില്‍ക്കുന്നത്. 

ഏതാനും ജഡ്ജിമാര്‍ 'കോടതി ബഹിഷ്‌കരിച്ചുകൊണ്ട്' പത്രസമ്മേളനം നടത്തിയത് ഓര്‍ക്കുക; അതും സുപ്രീം കോടതിയില്‍. ഇന്ത്യയുടെ ചരിത്രത്തില്‍ കറുത്ത ലിപികളില്‍ എഴുതിച്ചേര്‍ക്കപ്പെട്ട മുഹൂര്‍ത്തങ്ങളില്‍ ഒന്നാണിത് എന്നതില്‍ ഇന്ത്യന്‍ ജുഡീഷ്യറിയെ സ്‌നേഹിക്കുന്ന, അതില്‍ വിശ്വാസമര്‍പ്പിച്ചിട്ടുള്ള, ആര്‍ക്കെങ്കിലും സംശയമുണ്ടാവുമെന്ന് തോന്നുന്നില്ല. ആ ദുരന്ത നാടകം വലിയ സംഭവപരമ്പരകളുടെ, പരാജയപ്പെട്ട കുറെ നീക്കങ്ങളുടെ, തുടക്കമായിരുന്നു എന്ന് കരുതുന്നവര്‍ രാജ്യത്ത് ഇന്നുമുണ്ട് എന്നതുമോര്‍ക്കുക. 

അതിലെ നായകന്‍, ജസ്റ്റിസ് ജെ. ചെലമേശ്വര്‍, വീണ്ടും വിവാദങ്ങള്‍ക്ക് തിരികൊളുത്താന്‍ ശ്രമിച്ചാലോ?. അദ്ദേഹം പറഞ്ഞതിലേറെയാണ് പറയാതെ പോയത് എന്നതാണ് ഇന്നിപ്പോള്‍ രാജ്യം തിരിച്ചറിയുന്നത്. വിരമിച്ച അദ്ദേഹം ചില മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളാണ് സൂചിപ്പിക്കുന്നത്. 'അത്തരമൊരു പദവി വഹിച്ചിരുന്നയാള്‍ക്ക് യോജിച്ചതായില്ല ആ പരാമര്‍ശങ്ങള്‍'.... അതുകൊണ്ടാണല്ലോ, ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് അതിനെതിരെ ഇത്തരത്തില്‍ പരസ്യമായി പ്രതികരിക്കേണ്ടി വന്നത്. 

കോടതികളില്‍ നടക്കാന്‍ പാടില്ലാത്തത് പലതും നടക്കുന്നു എന്നുള്ള ആക്ഷേപത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. സമൂഹത്തിലെ പൊതുധാര്‍മ്മികതയ്ക്ക് ഉലച്ചില്‍ സംഭവിക്കുന്നതിന്റെ ഒരു നിഴല്‍ എല്ലാ മേഖലകളിലും കാണാതെ പറ്റില്ലല്ലോ. അത്രയേ അതിനെ കാണേണ്ടതുള്ളൂ എന്നാണ് കരുതേണ്ടത്. ഒന്നോ രണ്ടോ സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസുമാര്‍ തന്നെ അതുസംബന്ധിച്ച പരസ്യ വിമര്‍ശനങ്ങള്‍ നടത്തിയതും നമ്മുടെയൊക്കെ മുന്നിലുണ്ട്. വക്കീലന്മാരായ മക്കളിലൂടെ ജഡ്ജിമാരെ സ്വാധീനിക്കാന്‍ ശ്രമം നടന്നിരുന്നു എന്നൊക്കെയും ഇന്നിപ്പോള്‍ പറയുന്നു. ഇതും പുതിയ കാര്യമാണ് എന്ന് തോന്നുന്നില്ല. അവിടെനിന്നാണ് 'ബഞ്ച് ഫിക്‌സിങ് 'എന്ന പദപ്രയോഗത്തിലേക്ക് കാര്യങ്ങള്‍ ചെന്നെത്തിയിരിക്കുന്നത്. 

നമുക്കൊക്കെ പരിചിതനായ ഒരു മുന്‍ ചീഫ് ജസ്റ്റിസ് വിവാദത്തില്‍ അകപ്പെട്ടത് മരുമക്കളുടെ 'സദ്പ്രവൃത്തി' കൊണ്ടായിരുന്നുവല്ലോ. അവരിലൊരാള്‍ ഒരു പ്രമുഖ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി തിരഞ്ഞെടുപ്പില്‍ മത്സരിച്ചതുമാണ്. അന്നുയര്‍ന്ന വിവാദവും അഴിമതി ആരോപണവുമൊക്കെ ന്യായാധിപനെ മാത്രമല്ല ജുഡിഷ്യറിയെയും വല്ലാതെ അലട്ടിയതാണ്. 

എന്നിട്ടും വിരമിച്ചതിന് ശേഷം അദ്ദേഹത്തിന് ലഭിക്കാവുന്ന ഏറ്റവും വലിയ കസാല ദീര്‍ഘകാലം ലഭിക്കുകയുമുണ്ടായി. പിന്നീട് ആരോപണവും വിവാദവുമൊക്കെ എങ്ങിനെയാണ് അവസാനിച്ചത് എന്നതും പലരുമറിഞ്ഞിട്ടുണ്ടാവും. അന്നൊക്കെ ആ വ്യക്തിയെ ന്യായീകരിക്കാനും സംരക്ഷിക്കാനും മടിക്കാതിരുന്നവരാണ് ഇപ്പോള്‍ നാലംഗ സംഘത്തിനുവേണ്ടി തെരുവിലിറങ്ങിയത് എന്നതും മറന്നുകൂടാ.   

രാഷ്ട്രീയക്കാര്‍ ജഡ്ജിമാരാവാറുണ്ട്. ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായിരുന്ന വി.ആര്‍. കൃഷ്ണയ്യരെ ഹൈക്കോടതി ജഡ്ജിയും സുപ്രീം കോടതി ജഡ്ജിയുമാക്കിയ നാടുകൂടിയാണിത്. അദ്ദേഹത്തിന് അതിനുള്ള അര്‍ഹതയും യോഗ്യതയുമുണ്ടായിരുന്നു. പള്ളിയുടെയും പട്ടക്കാരുടെയും മൂന്നാംകിട പ്രാദേശിക കക്ഷികളുടെയും സാമുദായിക സംഘടനകളുടെയും പേരില്‍ കയറിപ്പറ്റിയവരുമുണ്ടല്ലോ. അതൊക്കെയാവാമെന്ന് തന്നെ വെയ്ക്കുക. സന്യാസിമാരെക്കുറിച്ച് ഒരു സങ്കല്‍പ്പമുണ്ട്; കാവിവസ്ത്രം ധരിച്ചുകഴിഞ്ഞാല്‍ പിന്നെ പൂര്‍വാശ്രമത്തെക്കുറിച്ച് ചിന്തിക്കില്ല എന്ന്. 

അതുതന്നെയാണ് ജഡ്ജിമാരും ചെയ്യേണ്ടത്. രാഷ്ട്രീയവും മറ്റു ബന്ധങ്ങളുമൊക്കെ പൂര്‍ണ്ണമായി ഉപേക്ഷിച്ചിട്ടാവണം ജഡ്ജിക്കുപ്പായം അണിയേണ്ടത്. തന്നോടൊപ്പം പ്രാക്ടീസ് ചെയ്തിരുന്ന, അടുപ്പമുണ്ടായിരുന്ന അഭിഭാഷകരുടെ കേസുകള്‍ കേള്‍ക്കാന്‍ പോലും അവര്‍ തയ്യാറാവാറില്ല. സ്വന്തം ബന്ധുക്കള്‍ ആ കോടതിയില്‍ പ്രാക്ടീസ് ചെയ്യരുതെന്ന് നിര്‍ദ്ദേശിച്ചവരുമുണ്ട്. അതാണ് മാന്യത. നീതിപീഠം നീതിയുക്തമാണ് എന്ന് പറഞ്ഞാല്‍ മാത്രം പോരാ അത് അങ്ങിനെയാണ് എന്ന് ബോധ്യപ്പെടുത്തുകയും  വേണമെന്ന് പറയാറുണ്ടല്ലോ. 

അതില്‍ ന്യായാധിപന്മാര്‍ക്കും വലിയ റോളുണ്ട് എന്നതാണ് പൊതുധാരണ. മതവും സമുദായവുമൊക്കെ എല്ലാവര്‍ക്കുമുണ്ടാവും; എന്നാല്‍ ഇത്തരം ചുമതലകള്‍ വഹിക്കുന്നവര്‍ മതത്തിന്റെയൊക്കെ  വക്താവായി പരസ്യമായി പ്രത്യക്ഷപ്പെടുന്നത് ഭൂഷണമാണ് എന്ന് കരുതിക്കൂടാത്തതാണ്. ഏറ്റവുമൊടുവില്‍ കേരള  ഹൈക്കോടതിയില്‍ ഉടലെടുത്ത വിവാദങ്ങള്‍ ഓര്‍മ്മിക്കുക; വത്തിക്കാനിലെ മാര്‍പ്പാപ്പയ്ക്ക് ബോധ്യപ്പെട്ടത് സ്വന്തം സമുദായാംഗമായ ജഡ്ജിക്ക് മനസ്സിലായില്ല അല്ലെങ്കില്‍ ബോധ്യമായില്ല എന്ന തോന്നലല്ലേ ഉണ്ടാക്കിയത്. 

ഇവിടെ ജസ്റ്റിസ് ചെലമേശ്വര്‍ പക്ഷെ, തന്റെ രാഷ്ട്രീയ ബന്ധങ്ങള്‍ സ്ഥിരീകരിക്കുന്നുണ്ട്. എന്‍ടിആറുമായുണ്ടായിരുന്ന അടുപ്പം, തെലുങ്കുദേശത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍, അവസാനം ജഡ്ജിയായി നിയമിതനാവുന്നത്...രാഷ്ട്രീയക്കാരുമായുള്ള അടുപ്പവും ബന്ധവുമൊക്കെ തെറ്റാണ് എന്ന് തോന്നാത്ത അദ്ദേഹം അത് വേണ്ടതാണ് എന്നും പറയുന്നു. ഒരു പക്ഷെ വിവാദ പത്രസമ്മേളനം അവസാനിക്കുന്ന വേളയില്‍ സിപിഐ നേതാവ് ഡി. രാജ പിന്‍വാതിലിലൂടെ തന്റെ വസതിയിലെത്തിയതാണോ ഇത്തരമൊരു ന്യായീകരണത്തിന് പ്രേരണയായത്?. അറിയില്ല. 

അന്നത്തെ ആ പത്രസമ്മേളനം പലതിന്റെയും തുടക്കമായിരുന്നു എന്ന് കരുതുന്നവരുണ്ട് ഇന്നാട്ടില്‍, ഇന്നും. പലതും സംശയമാവാം; എല്ലാവരുടെയും സംശയങ്ങള്‍ ദൂരീകരിക്കാന്‍ ആര്‍ക്കും കഴിയില്ലല്ലോ. അവര്‍ അന്ന് പത്രസമ്മേളനത്തില്‍ സര്‍ക്കാരിനെതിരെ ഒന്നും പറഞ്ഞതുമില്ല. എന്നാല്‍ അതിന് ശേഷമാണ് പ്രതിപക്ഷം ആ പ്രസ്താവനകളെ, നിലപാടുകളെ  ഏറ്റുപിടിച്ചത്. 

പിന്നീട് പ്രതിപക്ഷത്തെ ചിലര്‍ രാജ്യസഭയില്‍ ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവന്നത്; അതുകഴിഞ്ഞ് ആ പ്രമേയം നിരാകരിക്കപ്പെട്ടപ്പോള്‍ ഹര്‍ജിയുമായി സുപ്രീംകോടതിയില്‍ പ്രതിപക്ഷത്തിന്റെ സ്വന്തം വക്കീല്‍ പ്രമുഖരെത്തിയത് ഇതേ ചെലമേശ്വറിന്റെ സംവിധത്തിലാണല്ലോ; ചട്ടമനുസരിച്ച് എവിടെയാണ് പോകേണ്ടത് എന്നതറിയാത്തവരല്ല അവിടേക്ക് നീങ്ങിയത്. 

 

ആ കേസ് അവിടെ പരിഗണനക്കെടുക്കാന്‍ പറ്റില്ലെന്ന് വന്നപ്പോള്‍ ഹര്‍ജിയും പിന്‍വലിച്ചുകൊണ്ട് പോയതും രാജ്യം കണ്ടതല്ലേ.... ഇപ്പോഴും ജഡ്ജിമാര്‍ രാഷ്ട്രീയം കളിക്കുന്നു എന്നൊന്നും പറഞ്ഞുകൂടാ. അങ്ങിനെ ചിന്തിച്ചുകൂടാ താനും. അവരില്‍ പലര്‍ക്കും മുന്‍കാലത്ത് രാഷ്ട്രീയ ജീവിതമുണ്ടായിരുന്നോ, മതപരമായ വലിയ ബന്ധങ്ങള്‍ ഉണ്ടായിരുന്നോ എന്നതൊക്കെ നില്‍ക്കട്ടെ. അതാണ് കാവി വസ്ത്രമണിഞ്ഞ് സന്യാസിമാരാവുന്നവരുടെ മാനസികാവസ്ഥയും നിലപാടുകളുമൊക്കെ ഞാനാദ്യമേ സൂചിപ്പിച്ചത്. അതാണ് നീതിപീഠത്തിന്റെ ഐശ്വര്യം. അതൊക്കെ കാത്തുസൂക്ഷിക്കപ്പെടുന്നു എന്ന് കരുതുന്നവരാണല്ലോ ഇന്ത്യന്‍ ജനത. 

ഇത്രയൊക്കെ കുത്തിത്തിരിപ്പുകള്‍ സൃഷ്ടിക്കാന്‍ പ്രതിപക്ഷത്തെ പ്രഗത്ഭര്‍ ശ്രമിച്ചിട്ടും ജുഡീഷ്യറിക്ക് കളങ്കമേല്‍ക്കാത്തത് അതുകൊണ്ടുകൂടിയാണ് എന്നാണല്ലോ കരുതേണ്ടത്. 

പക്ഷെ പുറത്തിറങ്ങിയ ഒരു ന്യായാധിപന്‍ പലതും പറയുമ്പോള്‍, സൂചിപ്പിക്കുമ്പോള്‍, അകത്തിരിക്കുന്നവര്‍ കൂടി വിഷമസന്ധിയിലാവുന്നില്ലേ?. അവരെയും, അവരുടെ ഭാവിയെയും എങ്ങിനെയാണ് അത് ബാധിക്കുക.... അടുത്ത ചീഫ് ജസ്റ്റിസ് ആവാന്‍ യോഗ്യതയുള്ളയാളെക്കൂടി ആ പരസ്യ നിലപാടുകള്‍ വിഷമത്തിലാക്കിയിട്ടില്ലേ?. അതുകൊണ്ടുകൂടിയാവണം ഇപ്പോള്‍ ബാര്‍ കൗണ്‍സില്‍ ഇടപെടാന്‍ തയ്യാറാവുന്നത്. ഇത്തരമൊരു പരസ്യ നിലപാട്, ജഡ്ജിമാരെ സംബന്ധിച്ച്, ബാര്‍ കൗണ്‍സില്‍ മുന്‍പ് എടുത്തിട്ടുണ്ടോ എന്നത് സംശയമാണ്. 'ബഞ്ച് ഫിക്‌സിങ്' പോലുള്ള പദപ്രയോഗങ്ങള്‍ ഒരു മുന്‍ ന്യായാധിപന്റെ അഭിമുഖത്തില്‍ ഉയര്‍ന്നുവന്നത് അവര്‍ക്ക് ശ്രദ്ധിക്കാതെ  പോകാനാവില്ലല്ലോ.

 'ഇന്നും ജുഡീഷ്യറി രാജ്യത്തെ പരിപാവനവും പരിശുദ്ധവുമായ സ്ഥാപനമാണ്; അതില്‍ ഇന്നാട്ടിലെ ഓരോ പൗരനും പരിപൂര്‍ണ്ണമായ വിശ്വാസവുമുണ്ട്'എന്നാണ് അവര്‍ ഓര്‍മ്മിപ്പിച്ചത്. ഓരോ ജഡ്ജിയും മേലില്‍ ജുഡിഷ്യറിക്കെതിരെ പ്രസ്താവന നടത്തുന്നതിന് മുന്‍പ് ഒരു ആത്മപരിശോധന നടത്തണം എന്നുമതില്‍ ആവശ്യപ്പെടുന്നു. 

'ബഹുമാന്യ' എന്നു ചേര്‍ത്ത് മാത്രം അഭിസംബോധന ചെയ്യപ്പെടുന്ന ജഡ്ജിമാരോട് ബാര്‍ കൗണ്‍സിലിന് ഇങ്ങനെയൊക്കെ പറയേണ്ടിവന്നത് എല്ലാവരും തിരിച്ചറിയേണ്ടതല്ലേ?. കോടതികളെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കാനിറങ്ങിയവരും അതൊക്കെ മനസിലാക്കിയാല്‍ രാജ്യത്തിന് നല്ലത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.