ലൈഫ് അപാകതകള്‍ പരിഹരിക്കട്ടെ

Monday 2 July 2018 1:07 am IST
ഗ്രാമപ്രദേശങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും അറിയാം ഭവനരഹിതരായവരെ സംരക്ഷിക്കാന്‍ ലൈഫ് പദ്ധതിയ്ക്ക് സാധിച്ചിട്ടില്ലായെന്ന്. എന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ ഭേദഗതികളിലൂടെ പാവങ്ങളെ സംരക്ഷിക്കുന്നതിന് പകരം കണ്ണടയ്ക്കുകയാണ്

ലൈഫ് പദ്ധതിയില്‍ അപാകതകള്‍ ഏറെ ആണ്. പദ്ധതിയിലേക്ക് അപേക്ഷകരെത്തിയത് മുതല്‍ ആശയക്കുഴപ്പങ്ങള്‍ മാത്രം. ഇപ്പോഴും ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ മറുപടികള്‍ തരാനാവുന്നില്ല. ജനങ്ങളെ പാര്‍പ്പിടങ്ങളില്‍ സുരക്ഷിതമാക്കാന്‍ സ്വപ്‌ന പദ്ധതിയായി സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച പദ്ധതി ഇപ്പോള്‍ ആസൂത്രണത്തിലെ പാളിച്ചകള്‍ കൊണ്ട് ജനങ്ങള്‍ക്ക് തന്നെ വെല്ലുവിളിയായിരിക്കുകയാണ്.

എല്ലാ മേഖലകളിലേയും കുറ്റസമ്മതം നടത്തിയ പൊലെ അവസാനം ലൈഫ് പദ്ധതിയുടെ കാര്യത്തിലും സംസ്ഥാന സര്‍ക്കാര്‍ പരാജയം സമ്മതിക്കേണ്ടി വന്നേക്കാം. റേഷന്‍ കാര്‍ഡില്‍ കുടുംബത്തിന് കുടുംബ വീടുണ്ടെങ്കില്‍ അതില്‍ മറ്റാര്‍ക്കും വീടുണ്ടാക്കാനാവില്ല. അതിപ്പോഴും അനിശ്ചിതത്വത്തില്‍ തുടരുന്നു. പുതിയ കാര്‍ഡ് ലഭ്യമാക്കുന്നതിലൂടെ ഈ പ്രതിസന്ധി പരിഹരിക്കാമെങ്കിലും അതിന് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കാര്യക്ഷമത കാട്ടുന്നില്ല.

മേല്‍ക്കൂരയും ചുവരും ഉണ്ടെങ്കില്‍ അത്തരം വീടുകളുടെ ഗുണഭോക്താക്കള്‍ക്ക് ലൈഫില്‍ ഇടമില്ല. ഈ വകുപ്പ് വെച്ച് തലയില്‍ വീഴാറായ മേല്‍ക്കൂരയ്ക്ക് അടിയില്‍ വസിച്ചവര്‍ക്ക് സുരക്ഷിതവീട് എന്ന സ്വപ്‌നം ഏറെ അകലെയായി. മാത്രമല്ല നനഞ്ഞൊലിക്കുന്ന തകര്‍ന്ന വീടുകളില്‍ വീണ്ടും മരണഭയത്തോടെ തന്നെ ഇവര്‍ ജീവിക്കേണ്ടതായി വരുന്നു.

ജനങ്ങളെ സംരക്ഷിക്കുകയാണ് ലക്ഷ്യമെങ്കില്‍ ഈ അപാകതകള്‍ ചൂണ്ടികാണിക്കപ്പെട്ടപ്പോള്‍ ഇവ പരിഹരിക്കാമായിരുന്നു.  സാധാരണക്കാരുടെ വോട്ടുകള്‍ മാത്രം മതി എന്ന് ഈ പ്രവൃത്തിയിലൂടെ വീണ്ടും ഇടതു സര്‍ക്കാര്‍ തെളിയിച്ചിരിക്കുന്നു.

ഇനിയും ഒട്ടേറെ യഥാര്‍ത്ഥ അവകാശികള്‍ അവസരം ലഭ്യമാവാതെ പുറത്ത് നില്‍ക്കുകയാണ്. ഇവരെ ഉള്‍പ്പെടുത്താനാവശ്യമായ ഒരു നടപടിയും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നില്ല. ഉദ്യോഗസ്ഥരും അനിശ്ചിതത്വത്തിലാണ്. ഇനി അടുത്ത ലിസ്റ്റായി വീടിന് ആവശ്യമുള്ളവരുടെ അപേക്ഷ സ്വീകരിച്ച് അവ പരിശോധിച്ച് അവര്‍ക്ക് അവസരം നല്‍കാനാവും എന്നിരിക്കെ അതിനുള്ള നടപടികളിലേക്ക് പോലും കടക്കുന്നില്ല എന്നത് എത്ര സങ്കടകരമാണ്. 

ഗ്രാമപ്രദേശങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും അറിയാം ഭവനരഹിതരായവരെ സംരക്ഷിക്കാന്‍ ലൈഫ് പദ്ധതിയ്ക്ക് സാധിച്ചിട്ടില്ലായെന്ന്. എന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ ഭേദഗതികളിലൂടെ പാവങ്ങളെ സംരക്ഷിക്കുന്നതിന് പകരം കണ്ണടയ്ക്കുകയാണ്. ഇവിടെയാണ് ജനം പ്രതികരിക്കേണ്ടത്. പാവങ്ങളുടെ വോട്ടുകള്‍ വാങ്ങി അധികാരത്തിലെത്തിയവര്‍ പാവങ്ങളെ വിസ്മരിക്കുന്ന കാഴ്ച.

ഇപ്പോള്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരോട് ജന്മികളായ ഉദ്യോഗസ്ഥ മേലാളന്മാര്‍ പറയുന്നു നിങ്ങള്‍ കിടക്കുന്ന മുറികള്‍ക്ക്  സൗകര്യങ്ങള്‍ ഇത്ര മതി. അതായത് ലൈഫ് പദ്ധതി പ്രകാരം വീട് നിര്‍മ്മിക്കാന്‍ നാനൂറ് സ്‌ക്വയര്‍ ഫീറ്റേ പാടുള്ളൂ അത്രെ. മാത്രമല്ല അതിനുള്ളില്‍ ഒരു ഹാള്‍, രണ്ട് മുറികള്‍, അടുക്കള, ബാത്ത്‌റൂം ഇത്രയും ഉണ്ടാവുകയും വേണം. എത്ര ധാര്‍ഷ്ട്യം നിറഞ്ഞതും ദയാശൂന്യവുമായ നിലപാടാണ് സര്‍ക്കാര്‍ തുറന്നു കാട്ടുന്നത്. ഈ പറഞ്ഞ രീതിയില്‍ വീട് നിര്‍മ്മിക്കുന്ന സാധാരണക്കാരന്റെ ഗതികേട് എത്ര ഭീകരം?. നിന്ന് തിരിയാന്‍ ഇടമില്ല, അതായത് ഈ ഭിത്തികള്‍ എല്ലാം നാനൂറ് സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മ്മിക്കു മ്പോള്‍ വീടിന് ഉള്ള് കിട്ടുക ഏതാണ്ട് മുന്നൂറ്റിമുപ്പത് സ്‌ക്വയര്‍ ഫീറ്റ് മാത്രം. ഒരു കട്ടില്‍ ഇട്ടാല്‍ നടക്കാന്‍ കട്ടിലില്‍ കയറേണ്ട അവസ്ഥ, അതാണ് മുറികളുടെ വലുപ്പം. പാവങ്ങളെ ഇങ്ങനെ അപമാനിക്കുന്നത് ആര്‍ക്ക് വേണ്ടി. ഇത്ര അപഹസിക്കപ്പെടാന്‍ സാധാരണക്കാര്‍ എന്ത് തെറ്റ് ചെയ്തു. ഇതാണോ സോഷ്യലിസം എന്ന് ജനങ്ങള്‍ സംശയിക്കേണ്ടി വരുന്നു. ഭവനം പൂര്‍ത്തീകരിക്കാനാണ് അളവ് പറഞ്ഞത് എങ്കില്‍ ആ അളവിനുള്ളില്‍ ഇത്ര മുറികള്‍ എന്ന വ്യവസ്ഥ ആര്‍ക്ക് വേണ്ടി. അത്രയ്ക്ക് ആസൂത്രണത്തിലെ പോരായ്മയാണ് ഇത്തരം പ്രവൃര്‍ത്തികളിലൂടെ സര്‍ക്കാര്‍ തുറന്നുകാട്ടുന്നത്.

എന്തുകൊണ്ട് പ്രധാനമന്ത്രി ആവാസ് യോജന പോലുള്ള പദ്ധതികള്‍ പഞ്ചായത്തുകളില്‍ നിന്ന് ഇടത് ഗവണ്‍മെന്റ് അകറ്റി നിര്‍ത്തുന്നു. 650 സ്‌ക്വയര്‍ ഫീറ്റാണ് ആവാസ് യോജനയില്‍ നിഷ്‌കര്‍ഷിക്കുന്നത്. ഇതിലെല്ലാം ബോദ്ധ്യമാവുന്നത് പാവങ്ങളായ ജനങ്ങള്‍ കഷ്ടത അനുഭവിച്ചാലും കേന്ദ്ര പദ്ധതികള്‍ ഇവിടെ വേണ്ട എന്നത് വീണ്ടും തെളിയിക്കുകയാണ് ചിറ്റമ്മ നയത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. അടിയന്തിരമായി ആവാസ് യോജന പദ്ധതികള്‍ പഞ്ചായത്തുകളില്‍ ലഭ്യമാവാനുള്ള നടപടികള്‍ സ്വീകരിക്കണം. ലൈഫ് പദ്ധതിയിലെ അപാകതകള്‍ പരിഹരിക്കപ്പെടണം. ജനങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കണം. ഓരോ പ്രദേശങ്ങളിലെയും ഭവനരഹിതരേയും വസ്തു ആവശ്യമുള്ളവരെയും പഞ്ചായത്ത് വില്ലേജ്തല ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും സുതാര്യമായി കണ്ടെത്താമെന്നിരിക്കെ ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കാതിരിക്കുന്നത് ശരിയല്ല.

സാധാരണക്കാരായ ജനങ്ങള്‍ വോട്ടു നല്‍കി അധികാരത്തിലേറ്റുമ്പോള്‍ അവരുടെ സംരക്ഷണം സര്‍ക്കാരിന്റെ കടമയാണ് എന്ന് ബന്ധപ്പെട്ടവര്‍ ഓര്‍ക്കണം. അതിന് പകരം ഔദാര്യത്തിന്റെ ഭാവം ജ്വലിപ്പിക്കുന്നതിന് പിന്നില്‍ എന്ത് ലക്ഷ്യമാണ് ഉള്ളത്. ജനങ്ങള്‍ ഇതെല്ലാം തിരിച്ചറിയുന്ന കാലമാണ് ഇത്. എന്നാല്‍ ഭരണകര്‍ത്താക്കള്‍ ഈ തിരിച്ചറിവുള്ളവരാകാത്തത് കാലത്തിന്റെ തിരിച്ചടി ആവാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.