അമ്മയെ ചെളിവാരിയെറിയുമ്പോള്‍

Monday 2 July 2018 1:08 am IST
നടപടിക്രമങ്ങളൊന്നും പാലിക്കാതെ വികാരത്തിന് അടിമപ്പെട്ട് എടുത്ത നടപടി. ജയിലില്‍ നിന്നിറങ്ങിയ ദിലീപിനെ തിരിച്ചെടുക്കാനാണ് അവസാനം ചേര്‍ന്ന അമ്മ പൊതുയോഗം തീരുമാനിച്ചത്. അംഗങ്ങളുടെ വികാരം മാനിച്ചായിരുന്നു നടപടി. ജനവികാരമാണോ സംഘടനയുടെ അംഗങ്ങളുടെ വികാരമാണോ ഒരു സംഘടന മുഖവിലയ്‌ക്കെടുക്കേണ്ടതെന്ന ചോദ്യത്തിനും ഇവിടെ പ്രസക്തിയുണ്ട്.

വാളെടുത്തവരെല്ലാം വെളിച്ചപ്പാടെന്ന മട്ടില്‍ സിനിമാതാര സംഘടനയായ അമ്മയ്‌ക്കെതിരെയാണ് എല്ലാവരും. അമ്മ പിരിച്ചുവിടണം, ബദല്‍ സംഘടനയുണ്ടാകണം, പ്രസിഡന്റ് മോഹന്‍ലാല്‍ മാപ്പുപറയണം, രാജിവയ്ക്കണം തുടങ്ങി ആവശ്യങ്ങള്‍ നിരവധിയാണ്. മോഹന്‍ലാലിന്റെ കോലം കത്തിച്ചും ഭരണിപ്പാട്ട് പാടിയും യുവസംഘടനകള്‍ തെരുവിലുമിറങ്ങി. അമ്മയുടെ പൊതുയോഗം ഒരംഗത്തെ തിരിച്ചെടുത്തതാണ് സംഭവങ്ങള്‍ക്കെല്ലാം കാരണം. 485 അംഗങ്ങള്‍ മാത്രമുള്ള സ്വകാര്യ സംഘടനയാണ് അമ്മ. അതിനുള്ളിലെ ഒരു പ്രശ്‌നമാണ് കേരളത്തിലെ ഏറ്റവും വലിയ വിഷയമായി അവതരിപ്പിക്കുന്നതിനു പിന്നിലെ ദുരുദ്ദേശവും ഗൂഢാലോചനയും തിരിച്ചറിയേണ്ടതുണ്ട്. നടന്‍ ദിലീപ് ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട് ജയിലില്‍ ആയപ്പോഴാണ് അദ്ദേഹത്തിന് അമ്മയിലെ അംഗത്വം നഷ്ടമായത്. പൊതുജനവികാരം മാനിച്ചായിരുന്നു ഇതെന്ന് അന്നത്തെ ഭാരവാഹികള്‍ പറയുകയും ചെയ്തു. സംഘടനയ്ക്ക് ദിലീപിനെ പുറത്താക്കണമെന്ന് താല്‍പര്യമില്ലെന്ന് ചുരുക്കം. 

നടപടിക്രമങ്ങളൊന്നും പാലിക്കാതെ വികാരത്തിന് അടിമപ്പെട്ട് എടുത്ത നടപടി. ജയിലില്‍ നിന്നിറങ്ങിയ ദിലീപിനെ തിരിച്ചെടുക്കാനാണ് അവസാനം ചേര്‍ന്ന അമ്മ പൊതുയോഗം തീരുമാനിച്ചത്. അംഗങ്ങളുടെ വികാരം മാനിച്ചായിരുന്നു നടപടി. ജനവികാരമാണോ സംഘടനയുടെ അംഗങ്ങളുടെ വികാരമാണോ ഒരു സംഘടന മുഖവിലയ്‌ക്കെടുക്കേണ്ടതെന്ന ചോദ്യത്തിനും ഇവിടെ പ്രസക്തിയുണ്ട്. യോഗത്തില്‍ എതിര്‍പ്പറിയിക്കാതിരുന്നവരും പങ്കെടുക്കാതിരുന്നവരുമായ ചിലര്‍ ഇതിനെതിരെ രംഗത്തുവന്നു. ഇത് സംസ്ഥാനത്തെ ആകെ ബാധിക്കുന്ന വിഷയമായി അവതരിപ്പിക്കുകയും ചെയ്തു. പേരുവരാന്‍ പ്രസ്താവനകളും പ്രകടനങ്ങളും നടത്തിയ രാഷ്ട്രീയ നേതാക്കളും പ്രവര്‍ത്തകരും മാഫിയ സംഘമായിട്ടാണ് അമ്മയെ മുദ്രകുത്തിയത്. പകുതിയോളം വനിതാ അംഗങ്ങളുള്ള സംഘടന സ്ത്രീ വിരുദ്ധ സംഘടനയായി വ്യാഖ്യാനിക്കപ്പെട്ടു. അമ്മയിലെ ഒരംഗത്തിനു നേരെ ഉണ്ടായ അതിക്രമമാണ് സംഭവങ്ങളുടെയെല്ലാം തുടക്കം. അമ്മ അന്നും ഇന്നും എന്നും ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നടിക്കെതിരെയെന്ന് തോന്നുന്ന പരസ്യനീക്കങ്ങളൊന്നും കണ്ടിട്ടുമില്ല. വിമര്‍ശനങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് എന്ത് തിരുത്തലിനും തയ്യാറാണെന്ന് അമ്മയുടെ പുതിയ പ്രസിഡന്റ് മോഹന്‍ലാല്‍ പറയുകയും ചെയ്തു. മോഹന്‍ലാലിനു മുന്‍പ് ഇടതുപക്ഷ എംപി ഇന്നസെന്റായിരുന്നു അമ്മയുടെ അധ്യക്ഷന്‍. പുതിയ ഭരണസമിതിയില്‍ ഇടത് എംഎല്‍എമാരായ മുകേഷും ഗണേഷ്‌കുമാറും വൈസ് പ്രസിഡന്റുമാരാണ്. ഇവരെ ഒഴിവാക്കി മോഹന്‍ലാലിന് നേരെ പ്രതിഷേധവും പ്രകടനവും നടത്തുന്നതും മനസ്സിലാകുന്നില്ല.  

പോലീസിന്റെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്നുള്ള ജനവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ പല നടപടികളും മൂലം പ്രതിരോധത്തിലായ പാര്‍ട്ടിയും സര്‍ക്കാരും ശ്രദ്ധ തിരിച്ചുവിടാനുള്ള അവസരമായി അമ്മയെ കാണുന്നുവെന്നാണ് കരുതേണ്ടത്. വെള്ളത്തിലും വെളിച്ചെണ്ണയിലും പാലിലും മീനിലും പച്ചക്കറിയിലുമെല്ലാം മായം. നിപപോലുള്ള വൈറസുകളുടെ ഭീഷണി ഒരു വശത്ത്. കുഞ്ഞുകുട്ടികളുടെ ജീവനെടുക്കുന്ന റോഡപകടങ്ങളുടെ പരമ്പര, കുത്തഴിഞ്ഞ പുസ്തകം പോലുള്ള പോലീസ് സേന. കേരളം സജീവ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ നിരവധി. ഇതെല്ലാം ഒക്കത്തുവച്ച് അമ്മയുടെ പൊതുയോഗവും അച്ചന്മാരുടെ ലൈംഗിക പീഡനവും മഹാസംഭവമായി മാറ്റുന്നതിനും മാറുന്നതിനും കൂട്ടുനിന്നുകൂടാ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.