ഉദ്യോഗാര്‍ത്ഥികളുടെ ദുരിതം

Monday 2 July 2018 1:09 am IST

കണ്ടക്ടര്‍ നിയമനത്തിന് അഡൈ്വസ് മെമ്മോ ലഭിച്ചവര്‍ക്ക് പോലും നിയമനം നല്‍കാന്‍ സാധിക്കില്ലെന്ന ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്റെ പ്രസ്താവന പ്രതിഷേധാര്‍ഹമാണ്. ജീവനക്കാരുടെ എണ്ണം ദേശീയ ശരാശരിയെക്കാള്‍ കൂടുതലാണ്, അത് ദേശീയ ശരാശരിക്കൊപ്പമാക്കാനാണ് വകുപ്പ് ശ്രമിക്കുന്നത്. അതു കൊണ്ടാണ് നിയമനം നടത്താന്‍ ഉദ്ദേശമില്ലാത്തതെന്നാണ് മന്ത്രി പറഞ്ഞത്. ചങ്ക് ബസ്, കറണ്ട് ബസ്, ഷോക്കു ബസ്, കണ്ടക്ടര്‍ പണി, ചെക്കിംഗ് പണി, തൂപ്പുപണി, മേസ്തരി പണി ഇവയെല്ലാം പോലീസ് എംഡി നേരിട്ടു നടത്തി പ്രസ്താവന ഇറക്കുന്നതിനാല്‍ മന്ത്രിയ്ക്ക് പ്രസ്താവന നടത്താന്‍ അവസരമില്ലാതിരിക്കുകയായിരുന്നു. ഇപ്പോഴാണ് ഒരെണ്ണം ഒത്തു കിട്ടിയത്. അതു വെച്ച് പാവം ഉദ്യോഗാര്‍ത്ഥികളുടെ തലക്കിട്ടു തന്നെ കിഴുക്കാമെന്നു കരുതി.

കണ്ടക്ടര്‍ തസ്തികയിലേക്ക് 4051 പേര്‍ക്കാണ് പിഎസ്സി വഴി അഡൈ്വസ് മെമ്മോ ലഭിച്ചിരിക്കുന്നത്. അഡൈ്വസ് മെമ്മോ ലഭിച്ചാല്‍ 3 മാസത്തിനകം നിയമനം നടത്തിയിരിക്കണമെന്നതാണ് നിയമം. സ്റ്റാട്യൂട്ടറി സ്ഥാപനമായ പിഎസ്‌സിയെ കുരങ്ങു കളിപ്പിക്കാമെന്നാണോ മന്ത്രി കരുതുന്നത്? അവസരങ്ങള്‍ ഇല്ലായി രുന്നെങ്കില്‍ എന്തിന് പരീക്ഷ നടത്താനും റാങ്കുലിസ്റ്റു തയ്യാറാക്കാനും അഡൈ്വസ് മെമ്മോ അയയ്ക്കാനും പിഎസ്‌സിയെ ചുമതലപ്പെടുത്തി? ഉത്തരവാദിത്തപ്പെട്ട ഒരാളുമില്ലേ കെഎസ്ആര്‍ടിസിയില്‍ ?

ഇലക്ട്രിക് ബസ്സെന്ന വെള്ളാനയെ കെട്ടി എഴുന്നള്ളിച്ചിട്ടുണ്ട്. അധികം വൈകാതെ കട്ടപ്പുറത്തു നിരന്നു നില്ക്കുന്ന ലോ ഫ്‌ളോറുകള്‍ക്കൊപ്പമാകും ഇവയുടെ അവസ്ഥയും.. ഇലക്ട്രിക്കും, നന്നാക്കിയെടുക്കുന്ന ബസുകളും ഓടിക്കാന്‍ ആള് വേണ്ടേ? അവയെല്ലാം മന്ത്രിയും എംഡിയും കൂടി മാറി മാറി ഓടിക്കുമോ? അതോ അന്യ സംസ്ഥാന തൊഴിലാളികളെ വെച്ചു ദിവസക്കൂലിക്കു ഓടിക്കുമോ?

അഡൈ്വസ് മെമ്മോ ലഭിച്ച 4051 പേരും ഒരുമിച്ച് നഷ്ടപരിഹാരത്തിനും തൊഴില്‍ നിഷേധത്തിനും വിശ്വാസ വഞ്ചനയ്ക്കും കെഎസ്ആര്‍ടിസിക്കെതിരെ ഉടന്‍ നിയമനടപടി സ്വീകരിക്കുകയാണ് വേണ്ടത്

എബ്രഹാം ജോസഫ്

ചവറ

ഫോര്‍മാലിന്‍ വരുത്തി വച്ച വിന

ഉള്ള മീനിനാണേല്‍ പൊന്നിന്റെ വില. പക്ഷേ പൊന്ന് വെള്ളിയാകുന്ന നിലയാണിപ്പോള്‍. വിഷമീന്‍ ഇന്നും ഇന്നലെയുമൊന്നുമല്ല വിപണിയിലെത്താന്‍ തുടങ്ങിയത് തുടക്കം അമോണിയായിലും, ഐസിലും, ഒടുവില്‍ ശവശരീരങ്ങള്‍ സൂക്ഷിക്കുന്ന ഫോര്‍മാലിനിലുമായി എത്തി നില്‍ക്കുന്നു. 

വിഷമില്ലാത്തതായി വീട്ടുവളപ്പിലെ ചക്കയും, മാങ്ങയും, തേങ്ങയും മാത്രമായി. വിഷം പുരട്ടി സൂക്ഷിച്ച് വിപണിയിലെത്തുന്ന ഭക്ഷ്യസാധനങ്ങള്‍ വിപത്ത് തന്നെയാണ് വിതയ്ക്കുന്നത്. വലിയ മീനിനെ കാണുമ്പോള്‍ പൊന്‍മാന്‍ കണ്ണടയ്ക്കും ചെറിയ മീനിനെ കാണുമ്പോള്‍ പൊന്‍മാന്‍ കണ്ണ് തുറന്ന് കൊത്തും. ചെമ്മീന്‍ ചാടിയാല്‍ മുട്ടോളം പിന്നയും ചാടിയാല്‍ ഫോര്‍മാലിനോളം എന്ന പരുവത്തിലായി കാര്യങ്ങള്‍.

 ഇപ്പോള്‍ മീന്‍ വണ്ടിയുടെ ഹോണടി ഗൗനിക്കാതെ നാട്ടിന്‍ പുറത്തുകാരും ആശങ്കയിലാണ്. ഫോര്‍മാലിന്‍ വരുത്തി വച്ച വിന വല്ലാത്തൊരു വിനയായി. ഇനി ഈ വിനയില്‍ നിന്ന് കരകയറാന്‍ ആഴ്ചകളും മാസങ്ങളും പിടിക്കും.

വി.വിനോദ്

നറുകര

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.